| Thursday, 3rd March 2022, 7:54 pm

Bheeshma Parvam Review | 'മമ്മൂട്ടി'യെ വീണ്ടും സൃഷ്ടിച്ച് അമല്‍ നീരദ്

അന്ന കീർത്തി ജോർജ്

അമല്‍ നീരദും മമ്മൂട്ടിയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അത് കൃത്യമായി തരുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒരു കംപ്ലീറ്റ് അമല്‍ നീരദ് സിനിമയില്‍ മമ്മൂട്ടി മൈക്കിളപ്പനായെത്തി നടത്തുന്ന കിടിലന്‍ ട്രീറ്റാണ് ഈ സിനിമ. മാസ്, സ്ലോ മോഷന്‍, പഞ്ച് ഡയലോഗ്‌സ്, സ്റ്റൈലിഷ് മേക്കിങ്ങ്, ബി.ജി.എം ഇതെല്ലാം ചേര്‍ന്ന് തിയേറ്ററില്‍ മികച്ച ഒരു എക്‌സ്പീരിയന്‍സ് തരാന്‍ ഭീഷ്മ പര്‍വ്വത്തിനാകുന്നുണ്ട്.

മുന്‍ അമല്‍ നീരദ് സിനിമകളെ പോലെ തന്നെ കഥയേക്കാള്‍ ഇമോഷന്‍സിനും മേക്കിങ്ങിനും മാസ് പെര്‍ഫോമന്‍സിനും പ്രാധാന്യം നല്‍കി എടുത്തിരിക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിലെ ആദ്യ ഭാഗത്ത് ഓട്ടോക്കാരന്റെ കുറഞ്ഞ സംഭാഷണങ്ങളില്‍ നിന്നുതന്നെ അഞ്ഞൂറ്റി എന്ന കുടുംബത്തെ കുറിച്ചും മൈക്കിളിനെ കുറിച്ചും അവരുടെ കഴിഞ്ഞ കാലത്തെ കുറിച്ചും വ്യക്തമായ ധാരണ കിട്ടും. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയും അഞ്ഞൂറ്റി കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങളുമാണ് പ്ലോട്ട്.

കഥാപാത്രങ്ങളുടെ സ്വഭാവവും ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യക്തമാകും. അതില്‍ നിന്നും കഥാപാത്രങ്ങള്‍ക്ക് പിന്നീട് വലിയ ഗ്രോത്തൊന്നും ഉണ്ടാകുന്നില്ല. ഇങ്ങനെ പ്ലോട്ടും ക്യാരക്ടേഴ്‌സും പിടി കിട്ടി കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ സാധിക്കുന്ന ട്രാക്കില്‍ തന്നെയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. വമ്പന്‍ ട്വിസ്റ്റുകളൊന്നും കടന്നുവരുന്നില്ല. പകുതി പിന്നിട്ട ശേഷം ഇനിയെന്താകും എന്ന് ഒരൊറ്റ സീനില്‍ ചിലപ്പോള്‍ കുറച്ച് പേരെങ്കിലും അത്ഭുതപ്പെട്ടാലും പിന്നീടുള്ള കഥാഗതിയും അത്രമാത്രം അത്ഭുതപ്പെടുത്തുന്നതല്ല.

പക്ഷെ, ഇങ്ങനെ മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന പ്ലോട്ടിനെ എന്‍ഗേജിങ്ങായ രീതിയില്‍ മേക്ക് ചെയ്തിരിക്കുന്നിടത്താണ് ഈ സിനിമ ഒരു മികച്ച അനുഭവമാകുന്നത്. വളരെ ഫാസ്റ്റ് പേസില്‍ പോകുന്ന ഒരു കഥയല്ല ഭീഷ്മ പര്‍വ്വത്തിന്റേത്. അതിനൊപ്പം അമല്‍ നീരദിന്റെ സിഗ്നേച്ചര്‍ സ്ലോ മോഷന്‍ കൂടി ചേരുമ്പോള്‍ ചിലര്‍ക്ക് പടം ഇടക്ക് ലാഗടിച്ചേക്കാം. പക്ഷെ ആ ഒരു സ്റ്റൈല്‍ എന്‍ജോയ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം, സിനിമ കാണുമ്പോള്‍ ഇതൊന്നും എന്റെ ആസ്വാദനത്തെ ബാധിച്ചില്ല.

ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലെ ജാതീയ വിവേചനങ്ങള്‍, അച്ചന്മാര്‍ പ്രതികളായ പീഡനക്കേസുകള്‍, മുസ്‌ലിം വിഭാഗങ്ങളോട് ചില ക്രിസ്ത്യാനികള്‍ക്കും സഭാധികാരികള്‍ക്കുമുള്ള വെറുപ്പ്, രാഷ്ട്രീയക്കാരുടെ അധികാരം നിലനിര്‍ത്താനുള്ള കളികള്‍, ബീഫ് പൊളിറ്റിക്‌സ് തുടങ്ങിയ കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. മതവും അധികാരവും നിയമവും കയ്യിലുണ്ടെങ്കില്‍ പിന്നെയെന്തും ചെയ്യാം എന്ന ഡയലോഗും ചിത്രത്തിലുണ്ട്. ഇടയ്‌ക്കൊക്കെ കൃത്യമായി ചില കൊട്ടുകളും സിനിമ ചിലര്‍ക്ക് കൊടുക്കുന്നുണ്ട്.

ചിത്രത്തില്‍ ഹോമോ സെക്ഷ്വല്‍ ഐഡിന്റിറ്റി പുറത്തു പറയാതെ വെച്ചവരുടെ പെരുമാറ്റരീതികളെ സിനിമ കൈകാര്യം ചെയ്തിരിക്കുന്ന രീതി ഒരുപക്ഷെ പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.

ചിത്രത്തില്‍ ഓരോ കഥാപാത്രത്തിനും പ്രത്യേകം മാനറിസങ്ങളും സ്റ്റൈലും അമല്‍ നീരദ് നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും വ്യതിരിക്തമായ ചില ഇമോഷന്‍സും നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന് മമ്മൂട്ടിയുടെ മൈക്കിള്‍ എപ്പോഴും ഒരു സംരക്ഷകനാണ്. ദിലീഷ് പോത്തന്റെ ജെയിംസ് ആദ്യാവസാനം ക്രൂക്കഡായ രാഷ്ട്രീയക്കാരനാണ്.

നദിയ മൊയ്തുവിന്റെ ഫാത്തിമ പലതും സഹിച്ച് സഹിച്ച് മുന്നോട്ടുപോകുന്ന ഒരാളാണ്. ശ്രീനാഥ് ഭാസിയുടെ അമീന്‍ സംഗീതവും പ്രണയവും ചെറുപ്പത്തിന്റെ ആവേശവുമൊക്കെയുള്ള ഒരാളാണ്. ഇത്തരം ക്യാരക്ടര്‍ സ്‌കെച്ചുകളാണ് തുടക്കം മുതല്‍ ഓരോരുത്തര്‍ക്കുമുള്ളത്.

ഇതില്‍ നിന്നും അല്‍പം മാറി വിവിധ ഷേഡുകള്‍ വരുന്നതും പതിയെ പതിയെ ഡിവലപ്പ് ചെയ്ത് വരുന്നതും സൗബിന്റെ അജാസാണ്. പക്ഷെ ഈ ഡിവലപ്പമെന്റ് സിനിമയുടെ പ്ലോട്ടുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് അധികം പറയുന്നില്ല.

വളരെ കുറഞ്ഞ സമയം മാത്രം കടന്നുവരുന്ന അഭിനേതാക്കളടക്കം എല്ലാവരും അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വം ഡിമാന്‍ഡ് ചെയ്യുന്ന മികച്ച രീതിയിലുള്ള പെര്‍ഫോമന്‍സ് നല്‍കിയിട്ടുണ്ട്. അമല്‍ നീരദ് എന്ന സംവിധായകന്റെ വിജയവും അതുതന്നെയാണ്. ഭീഷ്മ പര്‍വ്വം മഹാഭാരതം റെഫറന്‍സില്‍ എടുത്തതിനേക്കാള്‍, മഹാഭാരതത്തിലെ ചില ഇമോഷന്‍സിനെയും സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയുമൊക്കെ രസകരമായി ഉപയോഗിച്ചിരിക്കുകയാണ്.

സുഷിന്‍ ശ്യാം, അമല്‍ നീരദ്

മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഒരുപോലെ അമല്‍ നീരദ് ഉപയോഗിച്ചിട്ടുണ്ട്. കിടിലന്‍ ബി.ജി.എമ്മിനൊപ്പവും ഒരു ബി.ജി.എം പോലുമില്ലാതെയും പ്രേക്ഷകരെ ആവേശത്തിലെത്തിക്കാന്‍ മൈക്കിളിന് കഴിയുന്നുണ്ട്. മൈക്കിളപ്പ ഒരു മാസ് ട്രീറ്റ് തന്നെയാണ്.

വളരെ കാച്ചിക്കുറുക്കിയ ഡയലോഗുകളുമായെത്തുന്ന മൈക്കളപ്പന്റെ ഇന്‍ട്രസ്റ്റിങ്ങായ ഒരു വശം ആലീസ് എന്ന കഥാപാത്രവുമായുള്ള ബന്ധമാണ്. പോസ്റ്ററുകളിലും ട്രെയ്‌ലറിലും കണ്ട മൈക്കിളിനെ അതിന്റെ പൂര്‍ണ്ണതയിലാണ് മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വളരെ അനായാസമായാണ് മമ്മൂട്ടി ഇതില്‍ ഒരു പവര്‍ ഫീല്‍ ചെയ്യിപ്പിക്കുന്നത്.

ബിഗ് ബി ലൈനില്‍ ആഘോഷിക്കപ്പെടാന്‍ പോകുന്ന മമ്മൂട്ടി ഡയലോഗുകളും സിനിമയിലുണ്ട്. ചിത്രത്തിലെ ചില മരണങ്ങളിലും പ്രതികാരങ്ങളിലും ബിഗ് ബിയുടെ ഒരു ഫീല്‍ സീനുകളില്‍ കാണാനാകും.

ചിത്രത്തില്‍ നെടുമുടി വേണുവിന്റെയും കെ.പി.എ.സി ലളിതയുടെയും റോളുകള്‍ എടുത്തു പറയേണ്ടതാണ്. പൊതുവെ സിനിമകളില്‍ സ്വാതികരെന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഗെറ്റപ്പിലെത്തുന്ന ഇവര്‍ പക്ഷെ ഇവിടെ ട്രാക്ക് മാറി നടക്കുന്നുണ്ട്. സിനിമയില്‍ കടന്നുവരുന്ന ഓരോ കഥാപാത്രവും തങ്ങളുടെ ഭാഗങ്ങള്‍ ഗംഭീരമാക്കുന്നുണ്ട്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് വളരെ ശ്രദ്ധിച്ചു തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും സുഷിന്‍ ശ്യാമിന്റെ മ്യൂസികും സിനിമയുടെ ആസ്വാദനത്തെ എലവേറ്റ് ചെയ്യുന്നതിന് ഏറ്റവും സഹായിക്കുന്ന ഘടകങ്ങളാണ്. സുഷിന്റെ പറുദീസയും ബാക്കി ബി.ജി.എമ്മുകളുമാണ് മൈക്കിളിനെ മാസാക്കുന്നതിലും ചില സീനുകളില്‍ പ്രേക്ഷകരെ കണ്ണീരണിയിക്കുന്നതിലുമൊക്കെ പ്രധാന ഘടകമാകുന്നത്.

സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യമായി തോന്നിയത് സമീറ സനീഷിന്റെ വസ്ത്രാലങ്കാരമാണ്. മുന്‍ ചിത്രങ്ങളിലേ പോലെ കഥാപാത്രങ്ങളുടെ കോസ്റ്റിയൂംസിന് വലിയ പ്രാധാന്യം തന്നെയാണ് അമല്‍ നീരദ് നല്‍കിയിരിക്കുന്നത്. ആര്‍ട്ട് വര്‍ക്കും അതുപോലെ മികച്ചു നില്‍ക്കുന്നുണ്ട്.

സിനിമക്ക് ചേരുന്ന രീതിയില്‍ അഭിനേതാക്കളെ പെര്‍ഫോം ചെയ്യിപ്പിക്കുന്നതിലും, ഓരോ കഥാപാത്രത്തെയും മനസില്‍ തങ്ങുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിലും, സ്വന്തമായ ശൈലി മാര്‍ക്ക് ചെയ്തുകൊണ്ടുള്ള വളരെ എന്റര്‍ടെയ്‌നിങ്ങായ മേക്കിങ്ങ് നടത്തുന്നതിലും മുന്നിട്ടു നില്‍ക്കുന്ന അമല്‍ നീരദ് പക്ഷെ, ക്ലൈമാക്‌സ് സീനുകളില്‍ ഒരല്‍പം പാളിപ്പോകുന്നുണ്ട്.

വളരെ റഷ് ചെയ്‌തെടുത്ത ക്ലൈമാക്‌സെന്ന ഫീലാണ് ഭീഷ്മ പര്‍വ്വം നല്‍കുന്നത്. അതുവരെ കഥ കൊണ്ടുവന്ന ആ ബില്‍ഡ് അപ്പിനോട് പറ്റിയ ഒരു ഗ്രാഫായിരുന്നില്ല ക്ലൈമാക്‌സിന്റേത്. വരത്തനും സമാനമായ അനുഭവമായിരുന്നു. ക്ലൈമാക്‌സ് മോശമായി എന്നല്ല, പക്ഷെ കുറച്ചു കൂടി ഗംഭീരമാക്കിയിരുന്നെങ്കില്‍ സിനിമ ഫുള്‍ ഓണ്‍ മിന്നിച്ചേനെ എന്ന് പറയാമായിരുന്നു.

പക്ഷെ ഇതിനെയെല്ലാം കടത്തിവെട്ടുന്ന മേക്കിങ്ങും പെര്‍ഫോമന്‍സുകളും ഒരുക്കിയിരിക്കുന്നതുകൊണ്ടു തന്നെ ഈ സിനിമ നിരാശപ്പെടുത്തില്ലെന്ന് മാത്രമല്ല, മിക്ക സമയത്തും പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയും ചെയ്യും. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഈയടുത്ത കാലത്തിറങ്ങിയതില്‍ തിയേറ്ററില്‍ ഒരു കംപ്ലീറ്റ് മാസ് ഫീല്‍ തന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം.


Content Highlight: Bheeshma Parvam Review | Mammootty | Amal Neerad |Sushin Shyam

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more