റിലീസ് ചെയ്ത് രണ്ടാഴ്ചയിലേക്ക് കടന്നിട്ടും ഭീഷ്മ പര്‍വ്വം തരംഗമായി തുടരുകയാണ്. ഒപ്പമിറങ്ങിയ ഹേ സിനാമികക്കും, നാരദനും പിന്നീടെത്തിയ രാധേ ശ്യാം, നൈറ്റ് ഡ്രൈവ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കും ഭീഷ്മ പര്‍വ്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. കേരളത്തിന് പുറത്തും നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഭീഷ്മ പര്‍വ്വം.
ഇപ്പോഴിതാ ഭീഷ്മ പര്‍വ്വം ഫാമിലി ഫോട്ടോയും ട്രെന്‍ഡാവുകയാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ മൈക്കിളും കുടുംബവും ഒന്നിച്ച് ഫോട്ടോ എടുക്കുന്ന രംഗമുണ്ട്. ഇടയ്ക്ക് ഒരു ഫോണ്‍ കോള് കഴിഞ്ഞ് മമ്മൂട്ടിയുടെ ചാമ്പിക്കോ എന്ന ഡയലോഗിന് ശേഷമാണ് ഫോട്ടോയെടുക്കുന്നത്.
കല്യാണം മുതല്‍ ക്ലാസ് മുറികള്‍ വരെയുള്ള ഫാമിലി/ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നത് ഇപ്പോള്‍ ഭീഷ്മ ട്രെന്‍ഡ് വെച്ചാണ്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു നില്‍ക്കുന്നവര്‍ക്കിടിയില്‍ ഒഴിഞ്ഞ് കിടക്കുന്ന കസേരയിലേക്ക് ഒരാള്‍ വന്നിരിക്കുകയും ഫോട്ടോ എടുക്കുന്നതും തുടര്‍ന്ന് ഭീഷ്മ ബി.ജി.എം വരുന്നതുമാണ് ട്രെന്‍ഡാവുന്നത്.
അതേസമയം കര്‍ണാടകയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും റെക്കോര്‍ഡ് കളക്ഷനാണ് ഭീഷ്മ നേടുന്നത്. ചിത്രം ഒരാഴ്ചയ്ക്കകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ നഗരങ്ങളിലും യു.എ.ഇ, ജി.സി.സി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബെംഗളൂരുവിലെ മികച്ച സ്‌ക്രീന്‍ കൗണ്ട് കൂടാതെ മംഗളൂരിലും മൈസൂരിലും കുന്താപുരയിലുമൊക്കെ ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ ഉണ്ടായിരുന്നു. ഭീഷ്മ പര്‍വ്വത്തിന് മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് കര്‍ണാടകത്തില്‍ ലഭിച്ചത്.
ആദ്യ ഒരാഴ്ച കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്‌സ് ഓഫീസ് കര്‍ണാടക എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുന്നു. ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.70 കോടിയാണെന്നും അവര്‍ അറിയിച്ചു.