| Wednesday, 16th February 2022, 6:18 pm

'ആകാശം പോലെ അകലെ അരികത്തായി'...; ആകാശം തൊട്ട് ഭീഷ്മപര്‍വത്തിലെ പുതിയ ഗാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫെബ്രുവരി 11നാണ് മമ്മൂട്ടി നായകനാകുന്ന ഭീഷ്മപര്‍വത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടിസര്‍ ഇറങ്ങിയതോടെ ചിത്രത്തെ കുറിച്ച് വലിയതോതിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ നടന്നു. ഒരു മിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യത്തോടെയാണ് ടീസര്‍ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനമാണ് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ആകാശം പോലെ അകലെ അരികത്തായി എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ 123 മ്യൂസിക് ആണ് പുറത്തുവിട്ടത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധാനം.
റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ ആലപിച്ചത് ഹംസിക ഐയ്യരും കപില്‍ കപിലനും ചേര്‍ന്നാണ്. 3 മിനിറ്റും 26 സെക്കന്റുമാണ് വീഡിയോയുള്ളത്. വീഡിയോ പുറത്തുവിട്ട് നിമിഷ നേരം കൊണ്ട് നിരവധിയാളുകളാണ് കണ്ടത്.

ചിത്രത്തിലെ ആദ്യഗാനം ഉണ്ടാക്കിയ ഓളം തന്നെയാണ് രണ്ടാമത്തെ ഗാനിനും കിട്ടിയിരിക്കുന്നത്.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ കഥയും മഹാഭാരതവും ഭീഷ്മരുമായി തമ്മില്‍ എന്ത് ബന്ധമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ നടന്നിരുന്നു. മഹാഭാരത്തിലെ ആറാം പര്‍വമാണ് ഭീഷ്മപര്‍വം. കൗരവരും പാണ്ഡവരും തമ്മില്‍ 18 ദിവസം നീണ്ടുനിന്ന യുദ്ധത്തിലെ 10 ദിവസങ്ങളാണ് ഭീഷ്മപര്‍വത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പിറ്റേ ദിവസം ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്ന പാണ്ഡവര്‍ക്ക് മുന്നില്‍ ഭീഷ്മര്‍ ആയുധം താഴെ വെക്കുന്നു. ഉടന്‍ തന്നെ അര്‍ജുനനന്റെ അമ്പുകള്‍ അദ്ദേഹത്തിന്‍ ദേഹമാസകലം തുളച്ചു പുറത്തേക്ക് വരുന്നു. നിലത്തു വീഴുന്ന ഭീഷ്മര്‍ ഒരു ശയ്യയിലെന്ന പോലെ ശരങ്ങളുടെ മുകളില്‍ കിടന്നാണ് മരിക്കുന്നത്.

ഇനി മഹാഭാരതത്തിലെ ഭീഷമപര്‍വത്തെ എങ്ങനെ അമല്‍ നീരദ് സിനിമയിലേക്ക് കൊണ്ടുവരും എന്നാണ് അറിയേണ്ടത്. അതോ ടൈറ്റിലില്‍ മാത്രമുള്ള ഒന്നാണോ ഈ മഹാഭാരത ബന്ധം. സംശയങ്ങളെല്ലാം തീരാന്‍ മാര്‍ച്ച് മൂന്ന് കാത്തിരുന്നേ മതിയാകൂ.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വൈറലായ മമ്മൂട്ടിയുടെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ഭീഷ്മ പര്‍വത്തിന് വേണ്ടിയുള്ളതായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.


Content Highlights: Bheeshma Parvam New Lyrical video song out

We use cookies to give you the best possible experience. Learn more