| Friday, 11th February 2022, 4:45 pm

മാര്‍ച്ചില്‍ സൂപ്പര്‍ ക്ലാഷ്; മെഗാസ്റ്റാറിനോട് ഏറ്റുമുട്ടാന്‍ ദുല്‍ഖറും ടൊവിനോയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ മാര്‍ച്ചില്‍ മലയാളസിനിമയിലെ ഒരു അപൂര്‍വ ഏറ്റുമുട്ടലാണ് നടക്കാന്‍ പോകുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് ഏറ്റുമുട്ടാന്‍ പോകുന്നത് മകനായ ദുല്‍ഖര്‍ സല്‍മാനാണ്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും ദുല്‍ഖറിന്റെ ഹേ സിനാമികയും മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഇതേ ദിവസം തന്നെയാണ് ടൊവിനോ തോമസിന്റെ നാരദനും റിലീസ് ചെയ്യുന്നത്. മൂന്നും ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രങ്ങളാണ്.

നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വം. വന്‍ഹൈപ്പില്‍ തന്നെയാണ് ചിത്രം വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ തംരഗമാണ് സൃഷ്ടിച്ചത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് വൈറലായ മമ്മൂട്ടിയുടെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ഭീഷ്മ പര്‍വത്തിന് വേണ്ടിയുള്ളതായിരുന്നു.

പഴയകാല ഡോണ്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അതേസമയം പാന്‍ ഇന്ത്യന്‍ റിലീസായാണ് ദുല്‍ഖറിന്റെ ഹേ സിനാമിക എത്തുന്നത്. തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ കാജല്‍ അഗര്‍വാളും അതിഥി റാവുവുമാണ് നായികമാരാകുന്നത്.

May be an image of 1 person, standing, wrist watch, outdoors and text that says "STUDIOS DULQUER SALMAAN ADITI RAO HYDARI New VIDEO SONG OUT TOMORROW AT 6 PM KAJAL AGARWAL Hev! SINAMIKA BRINDA GOVIND VASANTHA ORLDWIDE IN THEATRES 3RD MARCH KETFLIK"

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക. വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ’96’ സിനിമയ്ക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്.

മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോ നായകനാകുന്ന നാരദനും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. മിന്നല്‍ മുരളിയോടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ടൊവിനോയുടെ പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബുവാണ്. അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയടക്കമുള്ള പ്രമുഖതാരങ്ങള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നിരുന്നു.


Content Highlight: bheeshma parvam, naradan and hey sinamika releases on the same date

We use cookies to give you the best possible experience. Learn more