| Wednesday, 9th March 2022, 11:45 pm

ഇതിഹാസതുല്യരായ ചില ക്യാമറാമാന്മാര്‍ ചില അഭിനേതാക്കളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്, എനിക്കത് അനുഭവിക്കാന്‍ കഴിഞ്ഞത് മമ്മൂട്ടി സാറിലൂടെ; ഭീഷ്മ പര്‍വ്വത്തിന്റെ ഛായഗ്രാഹകന്‍ ആനന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏത് ഫ്രെയ്മിലും മമ്മൂട്ടി പൂര്‍ണനാണെന്ന് തോന്നിയിട്ടുണ്ടെന്ന് ഭീഷ്മ പര്‍വ്വത്തിലെ സിനിമാറ്റോഗ്രാഫര്‍ ആനന്ദ് സി. ചന്ദ്രന്‍. ഇതിഹാസതുല്യരായ നമ്മുടെ ചില ക്യാമറാമാന്മാര്‍ അങ്ങനെ ചില അഭിനേതാക്കളെക്കുറിച്ച് പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും തനിക്കത് അനുഭവിക്കാന്‍ കഴിഞ്ഞത് മമ്മൂട്ടി സാറിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.

‘മമ്മൂട്ടി സാറിന്റെ സൗന്ദര്യം ഏതെങ്കിലും ഒരു ആങ്കിളിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ക്ലോസ് ഷോട്ടിലെന്നല്ല, ഏത് ഫ്രെയിമിലും ഒരു പൂര്‍ണനാണെന്ന തോന്നലാണ് അദ്ദേഹം ഉണ്ടാക്കിയത്. ഇതിഹാസതുല്യരായ നമ്മുടെ ചില ക്യാമറാമാന്മാര്‍ അങ്ങനെ ചില അഭിനേതാക്കളെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതെനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് മമ്മൂട്ടി സാറിലൂടെയാണ്,’ ആനന്ദ് പറഞ്ഞു.

‘ഭീഷ്മ പര്‍വ്വത്തിലെ ഓരോ ഷോട്ടുകളും മികച്ചതാക്കാനായിരുന്നു ആദ്യം മുതലുള്ള ശ്രമം. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും എടുത്ത ഷോട്ടുകള്‍ പലതവണ കണ്ടു. അപ്പോഴെല്ലാം അത് മികച്ചതാക്കാനുള്ള എഫര്‍ട്ടാണ് എടുത്തുകൊണ്ടിരുന്നത്. സിനിമ ഇറങ്ങിയശേഷം ചില ഷോട്ടുകള്‍ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അത് അടുത്ത സിനിമയില്‍ എങ്ങനെ തിരുത്താം എന്നല്ലാതെ ചെയ്തുവച്ചൊരു സിനിമയില്‍ പ്രായോഗികമായി ഒരു തിരുത്തലുകളും വരുത്താന്‍ സാധ്യമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരം, പ്രേമം, ആനന്ദം, ഹെലന്‍ എന്നീ ചിത്രങ്ങളുടെയെല്ലാം സിനമാറ്റോഗ്രാഫര്‍ ആനന്ദായിരുന്നു. അതേസമയം റിലീസ് ചെയ്ത് ആറാം നാളും ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും മികച്ച അഭിപ്രായം നേടിയ ഭീഷ്മ പര്‍വ്വം 50 കോടി ക്ലബിലും കയറി.

അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

കൊവിഡ് കാലത്തിനു ശേഷം തിയേറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം വന്‍ഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.


Content Highlight: bheeshma parvam cinematographer anand c chandran about mammootty

We use cookies to give you the best possible experience. Learn more