|

ഒ.ടി.ടി റിലീസിന് പിന്നാലെ ഇന്ത്യന്‍ ഗൂഗില്‍ ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ ഭീഷ്മ പര്‍വ്വം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മ പര്‍വ്വം വലിയ വിജയമാണ് നേടിയത്. തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച ശേഷമെത്തിയ ഭീഷ്മ പര്‍വ്വം തിയേറ്ററുകള്‍ക്കും വലിയ നേട്ടമാണ് സമ്മാനിച്ചത്. ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ചിത്രം ഇടംപിടിച്ചിരുന്നു.

തിയേറ്ററിന് പിന്നാലെ ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ഗൂഗിളിന്റെ ഇന്ത്യന്‍ സെര്‍ച്ചില്‍ ഇടംപിടിച്ചിരിക്കുകയാണ് ഭീഷ്മ പര്‍വ്വം. ഇന്ത്യയില്‍ വെള്ളിയാഴ്ച ഗൂഗിളിലെ ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ അഞ്ചാം സ്ഥാനത്താണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്.

സൗത്ത് ആഫ്രിക്ക ബംഗ്ലാദേശ് മാച്ച്, ഹിന്ദി സിനിമയായ അറ്റാക്ക്, ഇന്ത്യന്‍ ക്രിക്കറ്ററായ പ്രവീണ്‍ ടാംമ്പേ, മറാത്തി കൊങ്കണി ഹിന്ദു ഉത്സവമായ ഗുഡി പഡ്‌വാ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.

ഏപ്രില്‍ ഒന്ന് അര്‍ധരാത്രി മുതലാണ് ഭീഷ്മ പര്‍വ്വം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഭീഷ്മ തരംഗമാവുകയാണ്.

തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു.

മാത്രവുമല്ല കൊവിഡിന് ശേഷം 100 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു.

ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Content Highlight: bheeshma parvam bevame trending five in indian google search