| Tuesday, 8th March 2022, 9:05 am

മമ്മൂക്കയുടെ സിനിമകളില്‍ മമ്മൂക്കയ്ക്ക് ഏറ്റവും ഇഷ്ടം ഏതാ; ചോദ്യം ചോദിച്ച് 'പെട്ടുപോയ' അനുഭവം പറഞ്ഞ് 'റേച്ചല്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന് ശേഷം തുറന്ന തിയേറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് നിറഞ്ഞാടുകയാണ് അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയാക്കിയതോടെ ഭീഷ്മ കാണാന്‍ ആരാധകരുടെ ഒഴുക്കാണ് തിയേറ്ററുകളിലേക്ക്.

പല സ്ഥലങ്ങളിലും സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതും തിയേറ്ററുകള്‍ക്ക് മുന്നില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതുമായ വാര്‍ത്തകള്‍ വരെ പുറത്തുവരുന്നുണ്ട്.

പറുദീസ എന്ന പാട്ടിലൂടെ, ഭീഷ്മയിലെ റേച്ചല്‍ എന്ന കഥാപാത്രമായി വന്ന നടി അനഘ മരുതോരയും സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. ഭീഷ്മയില്‍ എത്തിയതിനെക്കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും പറയുകയാണ് ഇപ്പോള്‍ താരം.

ബിഹൈന്‍ഡ് വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയോട് ആദ്യമായി സംസാരിച്ച് ‘പെട്ടുപോയ’ അനുഭവം അനഘ പറഞ്ഞത്.

”ആദ്യമായി കണ്ടപ്പോള്‍ പുള്ളീടെ അടുത്ത് എന്താ സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അങ്ങനെ ഒരു പൊട്ട ചോദ്യം ചോദിച്ചു. ഞാന്‍ പിറുപിറുക്കുന്ന പോലെയായിരുന്നു.

മമ്മൂക്കയുടെ സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ള സിനിമയേതാ, എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു.

എന്തെങ്കിലുമൊക്കെ ചോദിക്കണമല്ലോ അതുകൊണ്ട് അനഘ ചോദിക്കാണല്ലേ, എന്നാണ് പുള്ളി മറുപടി പറഞ്ഞത്. പിന്നെ ഞാന്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പോയില്ല,” അനഘ ചിരിച്ചുകൊണ്ട് പറഞ്ഞു.

മമ്മൂക്കയോട് വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും എന്ത് പറഞ്ഞാലും പുള്ളി കൗണ്ടര്‍ പറയുമെന്നും അനഘ അഭിമുഖത്തില്‍ പറഞ്ഞു.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയാണ് മലയാളത്തില്‍ അനഘക്ക് ശ്രദ്ധ നേടിക്കൊടുത്ത ചിത്രം. പറവയിലൂടെയാണ് അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലേക്ക് എത്തിയതെന്നും അനഘ പറഞ്ഞു.

ഒരു മാസ് എന്റര്‍ടെയിനറായാണ് ഭീഷ്മ പര്‍വ്വം എത്തിയത്. ബിഗ് ബി കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ട് ആവര്‍ത്തിച്ചതുകൊണ്ട് തന്നെ റിലീസിന് മുമ്പേ തന്നെ ഭീഷ്മ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഭീഷ്മ പര്‍വ്വത്തില്‍ ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, മാല പാര്‍വതി തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരന്നിരിക്കുന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതവും പ്രേക്ഷപ്രീതി നേടി.


Content Highlight: Bheeshma Parvam actress Anagha Maruthora about her experience with Mammootty

We use cookies to give you the best possible experience. Learn more