Entertainment news
'കോശി'യുടെ കാര്‍ വെടിവെച്ച് തകര്‍ത്ത് 'അയ്യപ്പന്‍ നായര്‍'; മാസ്സായി ഭീംലാ നായക് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 21, 04:55 pm
Monday, 21st February 2022, 10:25 pm

മലയാളികള്‍ ഏറെ ആഘോഷമാക്കിയ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ഭീംലാ നായക്കിന്റെ ട്രെയ്‌ലര്‍ പുറത്ത്. സിത്താരാ എന്റെര്‍ടെയ്ന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

മലയാളത്തിലെ അയ്യപ്പനും കോശിയേയും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിട്ടുള്ളതെങ്കിലും തെലുങ്ക് പ്രേക്ഷകര്‍ക്ക് ആവശ്യമുള്ള എല്ലാ എലമെന്റുകളും ഇതിലുണ്ട്.

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക്കും പൃഥ്വിരാജിന്റെ കോശി കുര്യന്‍ ഡാനിയല്‍ ശേഖറുമാവുകയാണ്. ഭീംല നായക്കായി പവര്‍സ്റ്റര്‍ പവന്‍ കല്യാണും ഡാനിയല്‍ ശേഖറായി റാണ ദഗ്ഗുബാട്ടിയുമാണ് എത്തുന്നത്.

നേരത്തെ പുറത്തിറങ്ങിയ ഇരുവരുടെയും ക്യാരക്ടര്‍ വീഡിയോകള്‍ക്കും നഞ്ചിയമ്മയുടെ ‘കലക്കാത്തയെ’ അനുസ്മരിപ്പിക്കുന്ന ടൈറ്റില്‍ സോംഗും ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിലുള്ള പോലെ ഇരുവര്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നത് പോലെയല്ല തെലുങ്കില്‍ സിനിമ ഒരുക്കിയിരിക്കുന്നത്. നായകന്‍-നായകന്‍ എന്ന അയ്യപ്പനും കോശിയിലെ കോണ്‍സെപ്റ്റിന് പകരം നായകന്‍-വില്ലന്‍ കോംബോയാണ് ഭീംലാ നായക്കിലുള്ളത്.

അയ്യപ്പന്‍ നായരുടെ ഭാര്യയായി സ്‌ക്രീനിലെത്തി കയ്യടി നേടിയ കണ്ണമ്മയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം നിത്യ മേനോനാണ്.

മലയാളി താരമായ സംയുക്ത മേനാനാണ് റാണയുടെ ഭാര്യയുടെ റോള്‍ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ടോളിവുഡ് അരങ്ങറ്റം കൂടിയാണ് ഭീംല നായക്.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

Content highlight: Bheemla Nayak Trailer