| Wednesday, 23rd February 2022, 10:27 pm

നായകനോട് മുട്ടി നില്‍ക്കാന്‍ ചങ്കുറപ്പുള്ള 'തെലുങ്ക് കണ്ണമ്മ'; കിടിലന്‍ ബി.ജി.എമ്മില്‍ ത്രില്ലടിപ്പിച്ച് ഭീംലാ നായക്; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ ആഘോഷമാക്കിയ സച്ചി ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പായ ഭീംലാ നായക് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. തിയേറ്റര്‍ റിലീസിന് മുന്‍പായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട റിലീസ് ട്രെയ്‌ലറാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

മാസ് ബി.ജി.എമ്മും കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും ഉള്‍പ്പെടുത്തിയാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

അയ്യപ്പന്‍ നായരുടെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന കണ്ണമ്മ തെലുങ്കിലേക്കെത്തിയപ്പോള്‍ വീണ്ടും മാസായിരിക്കുകയാണ്.

അയ്യപ്പന്‍ നായരുടെ ഭാര്യയായി സ്‌ക്രീനിലെത്തി കയ്യടി നേടിയ കണ്ണമ്മയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം നിത്യ മേനോനാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനെക്കാള്‍ മാസായാണ് റിലീസ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ പാക്ക് ത്രില്ലര്‍ ഐറ്റം തന്നെയാണ് അണിയറയിലുള്ളതെന്ന് ഇരു വീഡിയോകളില്‍ നിന്നും വ്യക്തമാണ്.

മലയാള ചിത്രത്തിന്റെ പരിഭാഷയല്ല മറിച്ച് അനുകല്‍പനം മാത്രമായിരിക്കും ചിത്രമെന്നാണ് പുറത്തു വരുന്ന വീഡിയോകളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.

തെലുങ്ക് പ്രേക്ഷകരെ മുന്‍നിര്‍ത്തിയുള്ള ചിത്രമാണ് ഭീംലാ നായക്. അവര്‍ക്ക് വേണ്ട എല്ലാ ചേരുവകളും ഒന്നൊഴിയാതെ ചേര്‍ത്താണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

സ്വാഭാവികമായ ഫൈറ്റ് സീക്വന്‍സുകളും കഥാഗതിയും നിറഞ്ഞ അയ്യപ്പന്‍ കോശിയില്‍ നിന്നും അതിഭാവുകത്വം നിറഞ്ഞ ഭീംലാ നായക്കിലേക്കെത്തി നില്‍ക്കുമ്പോള്‍ മലയാളി ആരാധകര്‍ക്കും ചിത്രം പുത്തന്‍ അനുഭവമാകും.

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക്കും പൃഥ്വിരാജിന്റെ കോശി കുര്യന്‍ ഡാനിയല്‍ ശേഖറുമാവുകയാണ്. ഭീംല നായക്കായി പവര്‍സ്റ്റര്‍ പവന്‍ കല്യാണും ഡാനിയല്‍ ശേഖറായി റാണ ദഗ്ഗുബാട്ടിയുമാണ് എത്തുന്നത്.

മലയാളി താരമായ സംയുക്ത മേനാനാണ് റാണയുടെ ഭാര്യയുടെ റോള്‍ അവതരിപ്പിക്കുന്നത്. സംയുക്തയുടെ ടോളിവുഡ് അരങ്ങറ്റം കൂടിയാണ് ഭീംല നായക്.

നേരത്തെ പുറത്തിറങ്ങിയ ഇരുവരുടെയും ക്യാരക്ടര്‍ വീഡിയോകളും നഞ്ചിയമ്മയുടെ ‘കലക്കാത്തയെ’ അനുസ്മരിപ്പിക്കുന്ന ടൈറ്റില്‍ സോംഗും ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിലുള്ള പോലെ ഇരുവര്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നത് പോലെയല്ല തെലുങ്കില്‍ സിനിമ ഒരുക്കിയിരിക്കുന്നത്. നായകന്‍-നായകന്‍ എന്ന അയ്യപ്പനും കോശിയിലെ കോണ്‍സെപ്റ്റിന് പകരം നായകന്‍-വില്ലന്‍ കോംബോയാണ് ഭീംലാ നായക്കിലുള്ളത്.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്.

content highlight: BHEEMLA NAYAK NEW VIDEO

We use cookies to give you the best possible experience. Learn more