| Tuesday, 21st December 2021, 3:29 pm

ക്ലാഷ് റിലീസ് ഗുണം ചെയ്യില്ല; ആര്‍.ആര്‍.ആറിനും രാധേ ശ്യാമിനുമായി റിലീസ് തിയതി മാറ്റി ഭീംല നായിക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ നായകനായെത്തുന്ന ‘ഭീംല നായികി’ന്റെ റിലീസ് തിയതി മാറ്റിവെച്ചു. സച്ചിയുടെ സംവിധാനത്തില്‍ 2019 ല്‍ പുറത്ത് വന്ന പൃഥിരാജ്- ബിജുമേനോന്‍ ചിത്രം ‘അയ്യപ്പനും കോശി’യുടെയും റീമേക്കാണ് ഭീംല നായിക്. തെലുങ്ക് ബിഗ്ബജറ്റ് ചിത്രങ്ങളായ ‘ആര്‍.ആര്‍.ആറിനും’ ‘രാധേ ശ്യാമി’നുമൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

മൂന്ന് ചിത്രങ്ങളുടെയും ക്ലാഷ് റിലീസ് ഇനീഷ്യല്‍ കളക്ഷനെ ബാധിക്കുമെന്നതിനാലാണ് നിലവില്‍ ഭീം നായികിന്റെ റിലീസ് മാറ്റിവെച്ചതെന്ന് നിര്‍മാതാവ് ദില്‍രാജു പറഞ്ഞു. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 25 ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിലീസ് മാറ്റിവെക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് നിരവധി തെലുങ്ക് താരങ്ങളാണ് രംഗത്ത് വന്നത്.

പവന്‍ കല്യാണ്‍ നായകനായ ഭീംല നായിക്കില്‍ ‘ബാഹുബലി’യിലെ വില്ലന്‍ വേഷത്തിലൂടെ ഇന്ത്യന്‍ സിനിമ രംഗത്ത് ശ്രദ്ധേയനായ റാണ ദഗുബാട്ടി, നിത്യ മേനോന്‍, സംയുക്ത മേനോന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ചന്ദ്രസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ്. തമന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

‘സഹോ’യ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം. പൂജ ഹെഗ്‌ഡെയാണ് നായിക. രാധാകൃഷ്ണകുമാറാണ് രാധേ ശ്യാം സംവിധാനം ചെയ്യുന്നത്.

സൂപ്പര്‍സ്റ്റാറുകളുടെ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ റിലീസ് തിയതികള്‍ മാറ്റിവെക്കുന്നത് ടോളിവുഡില്‍ പതിവാണ്. അതുകൊണ്ടാണ് ഭീംലനായികിന്റെ റിലീസ് മാറ്റിവെച്ചത്.

സച്ചിയുടെ അവസാന ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. കലാമൂല്യം കൊണ്ടും വാണിജ്യവിജയം കൊണ്ടും ശ്രദ്ധേയമായ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bheemla naik release date changed fpr rrr and bheemla naik

We use cookies to give you the best possible experience. Learn more