ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇ.ഡബ്ല്യു.എസിന് വേണ്ടത്ര പ്രാതിനിധ്യം ഉണ്ട്; തെളിവുകളും കണക്കുകളും
DISCOURSE
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇ.ഡബ്ല്യു.എസിന് വേണ്ടത്ര പ്രാതിനിധ്യം ഉണ്ട്; തെളിവുകളും കണക്കുകളും
സണ്ണി ജോസ്, ഭീമേശ്വര്‍ റെഡ്ഡി എ.
Wednesday, 7th December 2022, 6:51 pm
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ.ഡബ്ല്യു.എസ് വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം പത്ത് ശതമാനത്തിന് മുകളില്‍ തന്നെ സുരക്ഷിതമായി തുടരുന്നുണ്ട്. ലഭ്യമായ തെളിവുകളെല്ലാം ഇ.ഡബ്ല്യു.എസ് റിസര്‍വേഷന്‍ പോളിസി അഥവാ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന സമ്പ്രദായത്തിനും അതിന്റെ ന്യായീകരണത്തിനും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമാണ്.

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (EWS) പത്ത് ശതമാനം സംവരണം നല്‍കുന്നത് ശരിവെച്ച സുപ്രീംകോടതി വിധിയിന്മേലുള്ള ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ഏറെക്കുറേ കെട്ടടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്നാക്ക സംവരണം നല്‍കുന്നതിന്റെ അടിസ്ഥാനമൊന്ന് പരിശോധിച്ച് നോക്കാം.

ഇ.ഡബ്ല്യു.എസ് ക്വാട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയതാണോ എന്നാണ് ആദ്യമായി പരിശോധിക്കേണ്ട ഏറ്റവും ലളിതമായ കാര്യം. ഇതിന് ഉത്തരം നല്‍കുന്നതിന് വേണ്ടി ഇ.ഡബ്ല്യു.എസ് ക്വാട്ടയുടെ പ്രധാന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും ലഭ്യമായ തെളിവുകള്‍ അതിനെ ന്യായീകരിക്കുന്നുണ്ടോയെന്നും ഇവിടെ പരിശോധിക്കുകയാണ്.

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (ഇ.ഡബ്ല്യു.എസ്) അവരുടെ സാമ്പത്തികനിലയുടെ പേരില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വലിയ തോതില്‍ ഒഴിവാക്കപ്പെടുന്നു എന്നാണ് ഭരണഘടനയുടെ 124ാം ഭേദഗതി ബില്‍ അവകാശപ്പെടുന്നത്. അതിനാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒഴിവാക്കപ്പെടുന്നു, അല്ലെങ്കില്‍ പ്രാതിനിധ്യം കുറവാണ് എന്നതാണ് ഇ.ഡബ്ല്യു.എസ് ക്വാട്ട അനുവദിക്കുന്നതിനുള്ള പ്രാഥമിക ന്യായീകരണം.

അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്നുള്ള ഇ.ഡബ്ല്യു.എസ് വിഭാഗത്തിന്റെ പ്രാതിനിധ്യം എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിന് വേണ്ടി ലഭ്യമായ തെളിവുകള്‍ പരിശോധിക്കുകയാണ് ഇവിടെ.

ഇ.ഡബ്ല്യു.എസ് പ്രാതിനിധ്യം

ഇ.ഡബ്ല്യു.എസ് പ്രാതിനിധ്യം പരിശോധിക്കുന്നതിന് വേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (National Institutional Ranking Framework) കീഴില്‍ വരുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുതിയ ഒരു ഡാറ്റാ ബേസ് ഞങ്ങള്‍ തയ്യാറാക്കി.

ഇ.ഡബ്ല്യു.എസ് ക്വാട്ട നടപ്പിലാക്കുന്നതിന് മുമ്പ്, 2019ല്‍ 457 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന പ്രാതിനിധ്യവും, 2022ല്‍ 528 സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന പ്രാതിനിധ്യവും തമ്മില്‍ താരതമ്യം ചെയ്ത് നോക്കി. വിവിധ കാറ്റഗറികളില്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടിനെ റാങ്ക് ചെയ്തതിനാലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ ഒഴിവാക്കിക്കൊണ്ടാണ് ഈയൊരു സംഖ്യയിലേക്ക് എത്തിച്ചേര്‍ന്നത്.

ഉദാഹരണത്തിന് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിനെ ‘എഞ്ചിനീയറിങ്’ വിഭാഗത്തിലും ‘യൂണിവേഴ്‌സിറ്റി’ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ ‘യൂണിവേഴ്‌സിറ്റി’ വിഭാഗത്തില്‍ മാത്രമാണ് കണക്കാക്കിയിരിക്കുന്നത്. കാരണം ‘എഞ്ചിനീയറിങ്’ വിഭാഗം എന്ന് പറയുന്നത് ഇതിന്റെ സബ് കാറ്റഗറി മാത്രമാണ്.

ഈ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇ.ഡബ്ല്യു.എസ് വിദ്യാര്‍ത്ഥികളുടെ അനുപാതം എത്രയാണെന്ന് എന്‍.ഐ.ആര്‍.എഫിന്റെ ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. എന്നാല്‍ അനുപാതം നമുക്ക് കണക്കുകൂട്ടുന്നതിന് വേണ്ടി ഈ ഡാറ്റ നേരിട്ടല്ലാതെ സഹായിക്കുന്നുണ്ട്.

‘നികുതി ചുമത്താവുന്ന പരിധിക്ക് കീഴില്‍ വാര്‍ഷിക വരുമാനം വരുന്ന മാതാപിതാക്കളുടെ കുട്ടികള്‍’ (students whose parental income is less than a taxable slab) എന്ന നിര്‍വചനത്തിന് കീഴില്‍ വരുന്ന ‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന’ എത്ര കുട്ടികള്‍ക്ക് പഠിക്കുന്നുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ കൈമാറണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് എന്‍.ഐ.ആര്‍.എഫ് അവരുടെ ഡാറ്റാ സബ്മിഷന്‍ ഫോര്‍മാറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കുന്നതിന് വേണ്ടി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ (economically backward students) ഒരു പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (Socially backward categories) എന്ന കാറ്റഗറിയില്‍ അവരെ ഉള്‍പ്പെടുത്തരുതെന്നും ഫോര്‍മാറ്റില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

ഇ.ഡബ്ല്യു.എസ് വരുമാന മാനദണ്ഡം വിലയിരുത്തുന്നതിന് വേണ്ടി നിയമിച്ച അജയ് ഭൂഷന്‍ പാണ്ഡേ കമ്മിറ്റിയുടെ (Ajay Bhushan Pandey Committee) വാദം ഇങ്ങനെയാണ്.

”നിലവില്‍ പ്രാബല്യത്തിലുള്ള ആദായനികുതി ഇളവിന്റെ പരിധി ഒരു വ്യക്തിക്ക് ഏകദേശം എട്ട് ലക്ഷം രൂപയാണ് എന്ന കാര്യം കണക്കിലെടുത്തുകൊണ്ട്, മുഴുവന്‍ കുടുംബത്തിന്റെയും മൊത്ത വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം ആണെന്നത് ഇവരെ ഇ.ഡബ്ല്യു.എസില്‍ ഉള്‍പ്പെടുത്തുന്നതിന് തക്കതായ കാരണമായിരിക്കുമെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം”. അതുകൊണ്ട് തന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ ജനറല്‍ കാറ്റഗറിയില്‍ നിന്നുള്ള ഇ.ഡബ്ല്യു.എസ് വിഭാഗമായി കണക്കാക്കപ്പെടാന്‍ അര്‍ഹരാണ്.

                                                        അജയ് ഭൂഷന്‍ പാണ്ഡേ

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 19 ശതമാനം ഇ.ഡബ്ല്യു.എസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് എന്‍.ഐ.ആര്‍.എഫ് 2019 ഡാറ്റ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള (എസ്.സി എസ്.ടി വിഭാഗം, ആദിവാസികള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) വിദ്യാര്‍ത്ഥികള്‍ 39 ശതമാനം മാത്രമാണ്.

(ഇരു വിഭാഗത്തിന്റെയും ജനസംഖ്യാനുപാതം തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഈ അന്തരം വളരെ വലുതാണ്. ജനസംഖ്യയില്‍ 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 19 ശതമാനം പ്രാതിനിധ്യം ലഭിക്കുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 39 ശതമാനം പ്രാതിനിധ്യം മാത്രമാണ് ലഭിക്കുന്നത്).

കോളേജുകളിലും ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അനുപാതം കൂടുതലാണ് (28 ശതമാനം), എന്നാല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇത് രണ്ട് ശതമാനം മാത്രമാണ്.

ഈ വ്യത്യാസം സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും കാണാം. കോളേജുകളില്‍ ഇവരുടെ പ്രാതിനിധ്യം 47 ശതമാനമാണെങ്കില്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അത് മൂന്ന് ശതമാനം മാത്രമാണ്.

ഏറ്റവും അതിശയകരമായ കാര്യമെന്തെന്നാല്‍ ഇ.ഡബ്ല്യു.എസ് ക്വാട്ട നടപ്പാക്കി മൂന്ന് വര്‍ഷത്തിനിപ്പുറം, 2019ല്‍ 19 ശതമാനമുണ്ടായിരുന്നു ഇ.ഡബ്ല്യു.എസ് വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം 2022ല്‍ 15 ശതമാനമായി കുറഞ്ഞു. എന്നാല്‍ അത് പത്ത് ശതമാനത്തിന് മുകളില്‍ തന്നെ സുരക്ഷിതമായി തുടരുന്നുണ്ട്.

സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഗവണ്‍മെന്റ് ഫണ്ടുള്ള പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളും കൂടി ഉള്‍പ്പെട്ടതാണ് ഈ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അതുകൊണ്ട് തന്നെ ഇവയെ വേര്‍തിരിച്ച് കൊണ്ടുള്ള ഒരു വിശകലനം ആവശ്യമാണ്. 2019ല്‍ 218 ഉന്നതവിദ്യാഭ്യാസ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇ.ഡബ്ല്യു.എസ് വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം 19 ശതമാനവും 239 സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 20 ശതമാനവുമായിരുന്നു. എന്നാല്‍ 2022ല്‍ ഇത് യഥാക്രമം 17 ശതമാനം, 13 ശതമാനം എന്ന നിലയിലേക്കെത്തി.

അതായത് ഇ.ഡബ്ല്യു.എസ് റിസര്‍വേഷന്‍ പോളിസിയുടെ പരിധിക്ക് പുറത്താണെങ്കിലും എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിലുള്ള ഇന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെട്ട സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 10 ശതമാനത്തിലധികം ഇ.ഡബ്ല്യു.എസ് വിദ്യാര്‍ത്ഥികളുണ്ട്.

അതേസമയം, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനുപാതം 2019ലും 2022ലും 36 ശതമാനം മാത്രമാണ്. ഐ.ഐ.ടി, ഐ.ഐ.എം പോലുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിങ്ങുള്ള എലീറ്റ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ.ഡബ്ല്യു.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാതിനിധ്യം 2019ല്‍ 21 ശതമാനമായിരുന്നത് 2022ല്‍ 16 ശതമാനമായി.

 

ക്വാട്ട വഴി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം നിലവില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് ലഭിക്കുന്നുണ്ട്

പ്രീമിയര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തഴയപ്പെടുകയോ അവരുടെ പ്രാതിനിധ്യം കുറഞ്ഞുപോകുകയോ ചെയ്യുന്നില്ല, എന്നാണ് ഈ പറഞ്ഞ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത്.

2019ലെ പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ ഡാറ്റ (Periodic Labour Force Survey Data, 2019) വിശകലനം ചെയ്യുമ്പോഴും ഇത് തന്നെയാണ് മനസ്സിലാകുന്നത്.

പാല്‍മ അനുപാതപ്രകാരം (Palma Ratio) കുടുംബങ്ങളെ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മൂന്നാക്കി തരംതിരിച്ചിട്ടുണ്ട്. ഏറ്റവും താഴെ 40 ശതമാനം വരുന്ന പാവപ്പെട്ടവര്‍, നടുവില്‍ 50 ശതമാനം വരുന്ന മധ്യവര്‍ഗം, ഏറ്റവും മുകളില്‍ 10 ശതമാനം വരുന്ന സമ്പന്നവര്‍ഗം എന്നിങ്ങനെയാണ് അത്. ഇവിടെ പാവപ്പെട്ട കുടുംബങ്ങളുടെ കണക്ക് മാത്രമേ പരിഗണിക്കുന്നുള്ളൂ, കാരണം, ജനറല്‍ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് ഇ.ഡബ്ല്യു.എസ് ക്വാട്ട.

ഏറ്റവും താഴെ വരുന്ന 40 ശതമാനം കുടുംബങ്ങളില്‍ ജനറല്‍ കാറ്റഗറിയുടെ (എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളല്ലാത്തവര്‍) അനുപാതം 18 ശതമാനമാണ്. മുന്നാക്ക വിഭാഗത്തില്‍ പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, 40 ശതമാനം കുടുംബങ്ങളില്‍ ഉള്‍പ്പെട്ട, 18 മുതല്‍ 25 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ 20 ശതമാനത്തിലധികം പേരും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയവരാണ്.

മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍, 40 ശതമാനം വരുന്ന സാമ്പത്തികമായി താഴേക്കിടയില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ 24 ശതമാനവും ജനറല്‍ കാറ്റഗറിയില്‍ നിന്നുള്ളവരാണ്. അതുപോലെ, ജനറല്‍ കാറ്റഗറിയില്‍ പെട്ട, 40 ശതമാനത്തില്‍ ഉള്‍പ്പെട്ട, 22 മുതല്‍ 29 വയസ് വരെ പ്രായമുള്ളവരില്‍ 20 ശതമാനത്തോളം പേരും അവരുടെ ബിരുദമോ അതിന് മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ പൂര്‍ത്തിയാക്കിയവരാണ്.

സാമ്പത്തികമായി താഴേക്കിടയിലുള്ള 40 ശതമാനത്തിലെ ജനറല്‍ കാറ്റഗറിയുടെ ജനസംഖ്യാനുപാതം വെച്ച് നോക്കുമ്പോള്‍ അതില്‍ നിന്നും ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ ഈ അനുപാതം വളരെ കൂടുതലാണ്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്നുള്ള ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്ക് 10 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്, എന്ന് തന്നെയാണ് മേല്‍പറഞ്ഞ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ ലഭ്യമായ തെളിവുകളെല്ലാം ഇ.ഡബ്ല്യു.എസ് റിസര്‍വേഷന്‍ പോളിസി അഥവാ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന സമ്പ്രദായത്തിനും അതിന്‍റെ ന്യായീകരണത്തിനും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമാണ്.

ദി ഹിന്ദുവില്‍ വന്ന ഒറിജിനല്‍ ലേഖനം വായിക്കാം…

Content Highlight: Bheemeshwar Reddy A and Sunny Jose’s article in The Hindu about Supreme Court’s EWS related verdict

സണ്ണി ജോസ്, ഭീമേശ്വര്‍ റെഡ്ഡി എ.
Sunny Jose, RBI Chair Professor at Council for Social Development. Bheemeshwar Reddy A, Assistant Professor, Department of Economics and Finance, Birla Institute of Technology and Science, Pilani Hyderabad Campus