| Friday, 12th November 2021, 1:45 pm

അപ്പോ തല്‍ക്കാലം ഭീമന്റെ വഴിക്കു പോട്ടെ കാര്യങ്ങള്‍; കിടിലന്‍ ട്രെയ്‌ലറുമായി ഭീമന്റെ വഴി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഷറഫ് ഹംസയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീമന്റെ വഴിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദത്തോടെയാണ് ട്രെയ്ലര്‍ അരംഭിക്കുന്നത്. ഈ വഴി എന്നു പറയുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളമാണ് എന്നു പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

വഴി അടിസ്ഥാന പ്രശ്നമായിട്ടുള്ള കുറച്ചാളുകളെയാണ് ട്രെയ്ലറില്‍ കാണിക്കുന്നത്. സിനിമയുടെ കഥയിലേക്ക് സൂചന തന്നുകൊണ്ടാണ് ഒരു മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ അവസാനിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, ചിന്നു ചാന്ദ്നി, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ്് ട്രെയ്ലറിലുള്ളത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം നടന്‍ ചെമ്പന്‍ വിനേദ് ജോസ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ മാസം ആദ്യമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നത്. ഡിസംബര്‍ മൂന്നിനാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.

ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ഭീമന്റെ വഴി നിര്‍മ്മിക്കുന്നത്. തമാശ എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി.

കുറ്റിപ്പുറത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. പട, ഒറ്റ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, നീലവെളിച്ചം, അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചോക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more