| Saturday, 4th December 2021, 5:49 pm

ഭീമനും പെണ്ണുങ്ങളും

കൃഷ്ണ ജി

പ്രണയം കൊണ്ട് മുറിവേറ്റ കുറച്ച് പെണ്ണുങ്ങള്‍. ഭീമന്റെ മുന്‍കൈയില്‍ ഒരു പ്രദേശത്തേക്ക് വഴിയൊരുങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത് കുറേ പെണ്‍ ജീവിതം കൂടിയാണ്. ബോഡി ഷെയ്മിങിന്റെ കഥ പറഞ്ഞ തമാശയില്‍ നിന്നും ഭീമന്റെ വഴിയിലെത്തുമ്പോള്‍ അഷറഫ് ഹംസയ്ക്ക് പറയാനുള്ളത് കുറേ പെണ്ണുങ്ങളെക്കുറിച്ചാണ്.

പ്രണയം കൊണ്ട് മുറിവേറ്റ കുറച്ച് പേര്‍. ഒരിക്കലും പരിഗണിക്കപ്പെടില്ല, അല്ലെങ്കില്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതീക്ഷിക്കുന്നത് വേറെ ചിലതാണ് എന്ന് തിരിച്ചറിയുമ്പോള്‍ പതിയെ യാത്ര പറയുന്ന ചിലര്‍. നഷ്ടപ്പെട്ടിട്ടും ദൂരെ കാണുമ്പോള്‍ മറ്റുള്ളര്‍ കാണാതെയെങ്കിലും സന്തോഷിക്കുന്ന മറ്റ് ചില സ്ത്രീ ജന്മങ്ങള്‍. തനിച്ച് നില്‍ക്കാന്‍ ആയോധന കലകള്‍ പഠിച്ചും ആവശ്യസമയത്ത് ഉപയോഗിക്കാനും മടിക്കാത്ത ശക്തയായവള്‍. കൊല്ലാന്‍ ശ്രമിച്ചിട്ടും അതിനെയും പ്രതിരോധിച്ച് നില്‍ക്കുന്ന പെണ്‍പട്ടി. നാട്ടിലെ ഏക നല്ലവനായവന്‍ തന്റെ നായയാണെന്ന് പറയുമ്പോള്‍ എനിക്കേ അവന്റെ സ്വഭാവം അറിയൂ എന്ന മട്ടില്‍ ഞെട്ടുന്ന പിടക്കോഴി.

ആണ്‍ അഹന്തകള്‍ എല്ലാം വെളിവാക്കുന്ന ഒരു പറ്റം പുരുഷന്‍മാരോട് കട്ടയ്ക്ക് നില്‍ക്കുന്ന പെണ്ണുങ്ങളാണ് ഭീമന്റെ വഴിയെ ശ്രദ്ധേയമാക്കുന്നത്. മലയാളസിനിമയുടെ പതിവ് സദാചാര വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ് ഭീമന്റെ വഴികള്‍. സീരിയല്‍ കണ്ടിരിക്കുന്ന അമ്മ മുതല്‍ വൈകീട്ട് രണ്ടെണ്ണം അടിക്കാന്‍ സാധനം കയ്യിലുണ്ടോ എന്ന് തിരക്കുന്നവളാണ് നായികമാരില്‍ ഒരാള്‍. നല്ല വെടിപ്പായി ഇംഗ്ലീഷില്‍ പേരെഴുതി ഒപ്പിടുകയും പക്ഷേ തട്ടുകടയില്‍ ജോലിയ്ക്ക് നില്‍ക്കുകയും ചെയ്യുന്ന മറ്റൊരുത്തിയും സിനിമയിലുണ്ട്.

കാമുകനായ നായകനോട് ഒരു ബിയര്‍ അടിക്കാന്‍ ബാറെവിടെ എന്ന് ചോദിക്കുമ്പോള്‍ പതിവ് മലയാളിയുടെ ഞെട്ടലും വ്യക്തമായി സിനിമ രേഖപ്പെടുത്തുന്നു. മദ്യപിക്കുന്ന, നന്നായി ഇടപഴകുന്ന പെണ്ണ് തന്നെ കല്ല്യാണം കഴിക്കുമോ എന്ന് ചോദിക്കുന്നിടത്ത് സ്പോര്‍സില്‍ ആണ് താല്‍പര്യം എന്ന് പറയുന്ന നായകനിലെ ഭാവഭേദം കാണുന്നവരെയും ബാധിക്കുന്നുണ്ട്.

കാമുകന് താല്‍പര്യം ചിലതില്‍ മാത്രമാണ് എന്ന് മനസിലാക്കി സങ്കടമില്ലെന്ന് കാണിച്ച് ചിരിച്ചുകൊണ്ട് മാറി പോവുന്നുണ്ട് മറ്റൊരു പെണ്ണ്. അവള്‍ പിന്നീട് വ്യക്തമായി പറയുന്നുമുണ്ട് ഇക്കാര്യം. നഷ്ടപ്പെട്ട കാമുകനെ ആരുമറിയാതെ ഇപ്പോഴും മനസില്‍ കൊണ്ട് നടക്കുന്ന മറ്റൊരു സ്ത്രീ. അതറിയുന്ന, നിങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കെന്ന് പറഞ്ഞ് മാറി നടക്കുന്ന മറ്റൊരു സ്ത്രീ. ഉള്ളില്‍ തൊടുന്ന പലരും സിനിമയില്‍ മിന്നി മറയുന്നുണ്ട് പലപ്പോഴും.

നെഗറ്റീവ് പശ്ചാത്തലം തോന്നിക്കുന്ന കുഞ്ചാക്കോ ബോബന്റെ നായകന്‍ സഞ്ജു. എല്ലാ വൃത്തികെട്ട സ്വഭാവങ്ങളുമുള്ള ജിനു ജോസഫ് അവതരിപ്പിച്ച കൗസേപ്പ്, എല്ലാം മനസിലാക്കുന്ന ചെമ്പന്‍ വിനോദിന്റെ പേരില്ലാ കഥാപാത്രം. പ്രതികരിക്കില്ലെന്ന് ഉറപ്പുള്ള സമയത്ത് ശബ്ദമുയര്‍ത്തി സംസാരിക്കുന്ന നാട്ടുകാരന്‍. കണ്ട് പരിചയമുള്ള പലരുമാണ് ഈ സിനിമയിലൂടെ നമുക്ക് മുന്നിലേക്ക് എത്തുന്നത്.

                             കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ്

പതിവ് ചോക്ലേറ്റ് നായകനില്‍ നിന്നും മാറി സ്ത്രീ തല്‍പരനായ നായകനായി കുഞ്ചാക്കോ ബോബന്‍ നിറഞ്ഞു തന്നെ സിനിമയില്‍ നില്‍ക്കുന്നു. തനിക്ക് ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ അയാള്‍ ഏത് വഴിയും സ്വീകരിക്കുന്നു. അയാളുടെ വിളിപ്പേരാണ് ഭീമന്‍. അയാളുടെ ലക്ഷ്യങ്ങള്‍ക്കും, താല്‍പര്യങ്ങള്‍ക്കും മുന്നില്‍ പ്രതിബന്ധങ്ങള്‍ ഇല്ലെന്ന് തന്നെ പറയാനാവും.

മദ്യവും സെക്സുമാണ് തനിക്ക് ലഹരിയെന്നും നായകന്‍ വെളിപ്പെടുത്തുമ്പോള്‍ സെക്സ് വിത്ത് ലൗ എന്ന സ്ത്രീയുടെ മറുപടിയില്‍ ഒരു സാധാരണ സ്ത്രീതല്‍പരനായ പുരുഷനായി മാറുന്നുമുണ്ട് നായകന്‍. ലിപ് ലോക്ക് ഉള്‍പ്പെടെ ബോള്‍ഡ് സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ പ്രകടനം തന്നെയാണ് ഭീമന്റെ വഴിയില്‍ തെളിയുന്നത്.

ഇയാള്‍ക്കൊപ്പം തന്നെ സിനിമയുടെ നട്ടെല്ലാണ് നായികമാര്‍. വിന്‍സി അലോഷ്യസ്, ചിന്നു ചാന്ദ്നി, ദിവ്യ എം. നായര്‍, മേഘ തോമസ് എന്നിവര്‍ തങ്ങളുടെ മേഖലകള്‍ കൈയടക്കത്തോടെ ചെയ്തു വെയ്ക്കുന്നുണ്ട്. കണ്ടിറങ്ങുമ്പോള്‍ നായകനേക്കാള്‍ ഉപരി ഏതെങ്കിലും സ്ത്രീകഥാപാത്രം നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുമെന്നും ഉറപ്പാണ്.

                          ഭീമന്‍റെ വഴി സിനിമയില്‍ നിന്നുള്ള ലൊക്കേഷന്‍ ദൃശ്യം

സുരാജ് വെഞ്ഞാറമൂട്, ശബരീഷ് വര്‍മ, ബിനു പപ്പു, ഭഗത് മാനുവന്‍ എന്നവരും തങ്ങളുടെ വേഷങ്ങള്‍ കൈയടക്കത്തോടെ ചെയ്തു ഫലിപ്പിക്കുന്നുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ അങ്കമാലി ഡയറീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു ശ്രമമാണ് ചെമ്പന്‍ വിനോദ് ഇത്തവണ പയറ്റിയിരിക്കുന്നത്. അതില്‍ ഏറെക്കുറെ അദ്ദേഹം വിജയിക്കുന്നുമുണ്ട്.

കാമ്പുള്ള ഒരു ചെറിയ സംഭവത്തെ സരസമായ ഫ്രെയ്മില്‍ അവതരിപ്പിച്ച അഷറഫ് ഹംസയും കയ്യടി അര്‍ഹിക്കുന്നു. ഗിരീഷ് ഗംഗാധരന്റെ ക്യാമറയും മികച്ച അനുഭവമാണ് കാണികള്‍ക്ക് നല്‍കുന്നത്. ഇതോടൊപ്പം സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും തങ്ങള്‍ക്കിടയില്‍ തന്നെയുള്ള ഒരാളായി പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നു എന്ന് വ്യക്തമാവുന്നിടത്ത് ഭീമന്റെ വഴി മികച്ച ദൃശ്യാനുഭവമായി മാറുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Bheemante Vazhi movie review by Krishna G

കൃഷ്ണ ജി

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്

We use cookies to give you the best possible experience. Learn more