ഒരുപാട് ലെയറുകളുള്ള പെട്ടെന്ന് പിടി തരാത്ത പുതുമയുള്ള കഥാപാത്രങ്ങള്‍, സൂക്ഷ്മമായ മികച്ച പ്രകടനങ്ങള്‍, കഥ പറച്ചില്‍ രീതിയില്‍ മൊത്തത്തിലുള്ള ഒരു താളം – ഇതെല്ലാം ചേര്‍ന്ന് ചെമ്പന്‍ വിനോദും അഷ്റഫ് ഹംസയും ചേര്‍ന്നൊരുക്കിയ ഭീമന്റെ വഴി നല്ലൊരു ആസ്വാദന അനുഭവമാണ് നല്‍കുന്നത്.
നിരവധി വിഷയങ്ങളെ തുറന്ന രീതിയില്‍ സമീപിക്കുന്ന ഭീമന്റെ വഴിയില്‍ എടുത്തു പറയേണ്ടത്, സെക്സിനെയും പ്രണയത്തെയും ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെയും മനോഹരമായി കാണിച്ചിരിക്കുന്നതും, കാശുള്ളവരും ഹൈ ക്ലാസില്‍ പെടുന്നവരുമൊക്കെ ഇന്നും മറ്റുള്ളവരോട് കാണിക്കുന്ന അധികാരവും പുരുഷാധിപത്യത്തിന്റെ പല രീതികളും തുടങ്ങിയ കുറച്ച് കാര്യങ്ങളാണ്.
സിനിമയുടെ പേര് പോലെ, ഒരു വഴിയുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഭീമന്റെ വഴിയുടെ കഥാപരിസരം. പത്ത് പതിനഞ്ച് വീട്ടുകാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാന്‍ പറ്റുന്ന ഒരു വഴിയാണുള്ളത്. സിനിമയുടെ ആദ്യ ഭാഗങ്ങളിലൂടെ, ഈ വഴിയുടെ ഇടുങ്ങിയ അവസ്ഥയും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഡയലോഗുകളിലൂടെയേ അല്ലാതെ തന്നെ സംവിധായകന്‍ വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ഈയൊരു സാഹചര്യത്തോട് ആളുകള്‍ എത്രമാത്രം ശീലമായിക്കഴിഞ്ഞെന്നും സിനിമയില്‍ ഇതേ രീതിയില്‍ കാണിച്ചു തരുന്നുണ്ട്.
പിന്നീട്, ഒരു കാറിനെങ്കിലും വരാന്‍ സാധിക്കുന്ന രീതിയില്‍ വഴിയുണ്ടാക്കാന്‍ ഭീമന്‍ എന്ന് എല്ലാവരും വിളിക്കുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ നേതൃത്വത്തില്‍ ചില ശ്രമങ്ങള്‍ തുടങ്ങുന്നിടത്താണ് സിനിമയുടെ കഥ ശരിക്കും ആരംഭിക്കുന്നത്.
ഭീമന്‍ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് എത്തുന്നത് എന്നതിന് മൂന്ന് കാരണങ്ങള്‍ സിനിമയില്‍ പറയുന്നുണ്ടെങ്കിലും, വഴിപ്രശ്നത്തില്‍ ഇപ്പോള്‍ അയാള്‍ എന്തുകൊണ്ട് അയാള്‍ ഉറച്ച നിലപാടില്‍ നില്‍ക്കാന്‍ തീരുമാനിച്ചു എന്നതിന് മറ്റൊരു കാരണമുണ്ടെന്ന സൂചനകളും സിനിമ തരുന്നുണ്ട്. പക്ഷെ അത് വ്യക്തമാക്കാന്‍ സിനിമയ്ക്കായില്ല.
പിന്നെ, ആളുകള്‍ വഴിക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കാനും പണം കൊടുക്കാനുമൊക്കെ ആദ്യ ഘട്ടത്തില്‍ വളരെ എളുപ്പത്തില്‍ തയ്യാറായതായതിലും ഒരു മിസിങ്ങ് സിനിമയില്‍ തോന്നുന്നുണ്ട്. പിന്നീട് ചില പ്രശ്നങ്ങളൊക്കെ പലരും ഉന്നയിക്കുന്നുണ്ടെങ്കിലും പോലും ആദ്യ ഘട്ടത്തില്‍ അവര്‍ എങ്ങനെ ഇത്ര വേഗം സമ്മതിച്ചു എന്നതിനും ഒരല്‍പം വിശദീകരണം നല്‍കാമായിരുന്നു എന്ന് തോന്നി. കാരണം ഇത്രനാളും അനുഭവിച്ച അതേ പ്രശ്നങ്ങള്‍ തന്നെയാണ് അവര്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടായിരുന്നത്.
ഒരു വഴിക്ക് വേണ്ടിയുള്ള തര്‍ക്കങ്ങള്‍, അതിനെ ചുറ്റിപ്പറ്റി വ്യക്തികള്‍ തമ്മിലും സ്വത്തുള്ളവനും ഇല്ലാത്തവനും തമ്മിലും നടക്കുന്ന പ്രശ്നങ്ങള്‍, രാഷ്ട്രീയക്കാരുടെ രീതികള്‍ തുടങ്ങിയവയൊക്കെ കഥയില്‍ പ്രധാന പരിസരമാണെന്ന് തോന്നുമെങ്കിലും ചിത്രത്തില്‍ ഏറ്റവും ആഴത്തിലും തുറന്ന രീതിയിലും കൈകാര്യം ചെയ്തിട്ടുള്ളത് സ്ത്രീ-പുരുഷ ബന്ധങ്ങളാണെന്നാണ് തോന്നിയത്.
സെക്സും പ്രണയവും ലസ്റ്റും ഓപ്പണ്‍ റിലേഷന്‍ഷിപ്പ്സുമെല്ലാം സിനിമയില്‍ വളരെ വ്യക്തമായി കടന്നുവരുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ സഞ്ജുവും വിന്‍സി അലോഷ്യസിന്റെ ബ്ലെസിയും അടുത്ത കാലത്ത് കണ്ട ഏറ്റവും ഫ്രഷ് ഫീല്‍ തന്ന ജോഡിയാണ്. ‘ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്സ്’ മോഡിലേക്കൊക്കെ മലയാളസിനിമ കഥാപാത്രങ്ങളെ ആലോചിക്കുന്നു എന്നത് തന്നെ എടുത്തു പറയേണ്ടതാണ്.
റിലേഷന്‍ഷിപ്പിനെക്കുറിച്ച് വ്യത്യസ്ത ചിന്തകള്‍ ഉള്ളവര്‍ പിരിയുന്നത് ‘തേപ്പ’ല്ലെന്നും അവര്‍ തമ്മില്‍ സംസാരിക്കാമെന്നും സിനിമ വളരെ സ്വാഭാവികമായി കാണിച്ചു തരുന്നുണ്ട്. അതേസമയം രണ്ട് പേര്‍ തമ്മിലുള്ള ബന്ധങ്ങളാവുമ്പോഴുണ്ടാകാവുന്ന സങ്കീര്‍ണതകളെക്കുറിച്ചും സിനിമ പരാമര്‍ശിക്കുന്നുണ്ട്.
സഞ്ജുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീകളിലൂടെ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പ്രണയവും സൗഹൃദവുമെല്ലാം സിനിമ സുന്ദരമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അവസാനം സഞ്ജു ജീവിതപങ്കാളിയിലേക്ക് എത്തുന്നതില്‍ പക്ഷെ, നേരത്തെ പറഞ്ഞ കോണ്‍ടെക്സ്റ്റ് മിസായ ഒരു തോന്നലുണ്ടായിരുന്നെങ്കിലും ആ സീനിന്റെ മൊത്തത്തിലുള്ള മേക്കിങ്ങ് കണ്ടിരിക്കാന്‍ രസമുള്ളതാണ്.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളിലും വലിയ വ്യത്യസ്തത കാണാന്‍ സാധിക്കും. ബ്ലെസി, കന്നടക്കാരിയായ റെയില്‍വേ എഞ്ചിനീയര്‍, കൗണ്‍സിലര്‍ റീതാ, അഞ്ചു, സഞ്ജുവിന്റെ അമ്മ, സീത തുടങ്ങിയവരെല്ലാം തികച്ചും വ്യത്യസ്തരായ സ്ത്രീകളാണ്. സ്വന്തമായ തീരുമാനങ്ങളുള്ളവര്‍, സ്വന്തം കാര്യം നോക്കുന്നവരുണ്ട്, അല്ലാത്തവരുണ്ട്, നല്ല ജീവന്‍ തോന്നുന്ന എന്നാല്‍ പെര്‍ഫെക്ടൊന്നുമല്ലാത്ത സ്ത്രീകള്‍. എല്ലാവരും ഒരേ പ്രാധാന്യത്തോടെയല്ല സിനിമയില്‍ കടന്നുവരുന്നതെങ്കിലും എല്ലാ നടിമാരും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്.
ബ്ലെസിയുടെ കഥാപാത്രസൃഷ്ടിയും വിന്‍സിയുടെ പ്രകടനവും സിനിമയെ ഏറ്റവും ആസ്വദ്യമാക്കുന്ന ഘടകമായിരുന്നു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കാന്‍ സാധിക്കുന്ന മലയാള യുവനടിമാരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരിക്കും വിന്‍സിയുടെ സ്ഥാനമെന്ന് ഈ സിനിമ ഉറപ്പിക്കുന്നുണ്ട്. കനകം കാമിനി കലഹത്തിന് ശേഷം ഇപ്പോള്‍ ഭീമന്റെ വഴി കൂടി വന്നതോടെ വിന്‍സിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. അതുപോലെ കൗണ്‍സിലര്‍ റീതയായും റെയില്‍വേ എഞ്ചിനീയറായും എത്തിയവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
ചിത്രത്തിലെ പുരുഷ കഥാപാത്രങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തും അത്യാവശ്യം നന്നായി പണിയെടുത്തിട്ടുണ്ട്. അതിന് ചേരുന്ന രീതിയില്‍ ഓരോ നടന്മാരുടെയും ഇമേജ് ബ്രേക്ക് ചെയ്യുന്ന സൂക്ഷ്മ പ്രകടനം കൊണ്ടുവരാനും സംവിധായകന്‍ അഷ്റഫ് ഹംസക്ക് കഴിഞ്ഞിട്ടുണ്ട്. മെയ്ല്‍ ഷൊവനിസ്റ്റുകളുടെ തലക്കനവും ദുരഭിമാനവും, അവര്‍ ഉള്ളില്‍ എത്രമാത്രം വഞ്ചകരും ദുര്‍ബലരുമാണെന്നും സിനിമ കാണിച്ചുതരുന്നുണ്ട്. ഇവര്‍ക്ക് സ്ത്രീകളോടുള്ള സമീപനത്തിലെ പല തലങ്ങളിലുള്ള പ്രശ്നങ്ങളും സിനിമയിലുണ്ട്.
കൊസ്തേപ്പായെത്തിയ ജിനു ജോസഫ്, തല്ലുകൊള്ളി ഊള നാട്ടുമ്പുറത്തുകാരനായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ജിനുവിന്റെ കരിയറിലെ വഴിത്തിരിവായിരിക്കും ഈ കഥാപാത്രം. വൃത്തികെട്ട മെയില്‍ ഷോവനിസ്റ്റും കുത്തിത്തിരുപ്പുണ്ടാക്കുന്നവനുമായ കൊസ്തേപ്പിനെ സിനിമ കണ്ടവര്‍ക്ക് അത്ര വേഗമൊന്നും മറക്കാന്‍ പറ്റില്ല. ചിലയിടത്ത് കഥാപാത്രത്തില്‍ നിന്നും ഒന്നു പുറത്തുപോയോ എന്ന് തോന്നുമെങ്കിലും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജിനു ചെയ്തിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്‍ ശരിക്കും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഒരു ഭാഗത്ത് നിന്നും കുഞ്ചാക്കോ ബോബന്റെ മുന്‍ കഥാപാത്രങ്ങളെ പോലെയല്ലേയെന്ന് തോന്നുമെങ്കിലും ആദ്യ സീന്‍ മുതല്‍ സഞ്ജു വ്യത്യസ്തനാണെന്ന് കുഞ്ചാക്കോ ബോബന്‍ തെളിയിക്കുന്നുണ്ട്. ചോക്ലേറ്റ് ടൈപ്പ് നോട്ടത്തിനോടും ചിരിയോടും മാത്രം അസോസിയേറ്റ് ചെയ്തിരുന്ന കുഞ്ചാക്കോ ബോബന്‍ സഞ്ജുവായി അടിമുടി മാറിയിട്ടുണ്ട്. കാമം നിറഞ്ഞ കണ്ണിങ്ങായ നോട്ടങ്ങളും അത്തരം പെരുമാറ്റവുമാണ് അയാളെ വ്യത്യസ്തനാക്കുന്നത്.
റിലേഷന്‍ഷിപ്പ്സില്‍ താല്‍പര്യമില്ലാത്ത, എന്നാല്‍ സ്ത്രീകളുടെ സമാനമായ തീരുമാനം മനസിലാക്കാന്‍ സാധിക്കാത്ത, സ്ത്രീധനം വേണമെന്ന് പറയുന്ന കുറച്ചധികം ലെയറുകളുള്ള കഥാപാത്രമാണിത്. കാര്യം നടത്താന്‍ വേണ്ടി പലരോടും നടത്തുന്ന സംസാരരീതികളും കുഞ്ചാക്കോ ബോബന്റെ മുന്‍ കഥാപാത്രങ്ങളില്‍ കാണാത്ത രീതിയായിരുന്നു.
പിന്നെ, കുഞ്ചാക്കോ ബോബന്‍ എന്ന ‘സോ കോള്‍ഡ്’ കുടുംബ പ്രേക്ഷകരുടെ സ്വന്തം നടന്‍ ലിപ്‌ലോക്കൊക്കെ ചെയ്യുന്നത് സന്തോഷവും ആശ്വാസവും തരുന്ന കാഴ്ചയായിരുന്നു. കാരണം, സെക്സും കിസ്സുമൊക്കെ ഇപ്പോഴും മലയാളിക്ക് സിനിമയില്‍ നിഷിദ്ധമാണല്ലോ. വാതിലടയ്ക്കുക, ലൈറ്റ് ഓഫ് ചെയ്യുക, ക്യാമറ ആകാശത്തേക്ക് തിരിക്കുക, ഏറ്റവും കൂടിപ്പോയാല്‍ കൈകള്‍ രണ്ടും അമര്‍ത്തി കോര്‍ക്കുന്നതും കാണിക്കുക- ഇതൊക്കെയാണല്ലോ നമുക്ക് കിസ്സും സെക്സുമൊക്കെ. അതൊക്കെ മാറുന്നത് തന്നെ ഭംഗിയാണ്.
അടുത്തത് പറയാനുള്ളത് സുരാജ് വെഞ്ഞാറമൂടിനെക്കുറിച്ചാണ്. എത്ര കുറഞ്ഞ സമയം മാത്രം വന്നാലും താന്‍ വരുന്ന ഭാഗം അതിഗംഭീരമാക്കുന്ന സുരാജ് ഈ സിനിമയിലും കിടുക്കിയിട്ടുണ്ട്. ഡാര്‍സിയൂസായി സുരാജ് തകര്‍ത്തു എന്ന് തന്നെ പറയാം. തമാശ സീനില്‍ വരെ ഒട്ടും ക്ലീഷേയാവാതെ സുരാജ് മികച്ചു നില്‍ക്കുന്നുണ്ട്.
പൊലീസ് വേഷങ്ങളില്‍ മാത്രം സ്ഥിരമായ കണ്ടുകൊണ്ടിരുന്ന ബിനു പപ്പു, കുടിയനായ ഓട്ടോക്കാരന്‍ കൃഷ്ണദാസായി തന്റെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ‘സോ ഫാര്‍ സോ ഗുഡ്’ എന്ന രീതിയിലുള്ള ചെറിയ ഇംഗ്ലിഷ് ഡയലോഗ് പറയുന്ന ഭാഗങ്ങളൊക്കെ രസകരമായിരുന്നു.
ചെമ്പന്‍ വിനോദിന്റെ മഹിഷിയും കണ്ടിരിക്കാന്‍ തോന്നിയ കഥാപാത്രമായിരുന്നു. ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും ചില കൗതുകങ്ങളും രസകരമായ ഘടകങ്ങളുമുണ്ടായിരുന്നു.
പിന്നെ, സിനിമയില്‍ ഇന്‍ട്രസ്റ്റിങ്ങായി തോന്നിയ കാര്യം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെയാണ്. ഭീമന്‍, മഹിഷി, രാവണന്‍ – സീത, ഡാര്‍സിയൂസ്, കാസ്പര്‍, കൊസ്തേപ്പ് എന്നിങ്ങനെ രസകരമായ പേരുകളുള്ളവര്‍ സിനിമയിലുണ്ട്. ഈ പേരുകളും, സിനിമയിലെ ചില കഥാപാത്രങ്ങളുടെ വേഷവിധാനവും, തരള എന്ന കോഴിയെ കൊണ്ടു നടക്കുന്ന അപ്പാപ്പനും, ചില ഷോട്ടുകള്‍ മേക്ക് ചെയ്തിരിക്കുന്ന രീതിയുമെല്ലാം ചേര്‍ന്ന് സിനിമയ്ക്ക് ഇടക്ക് കുറച്ചൊരു ഫാന്റസി അല്ലെങ്കില്‍ ഒരു വേറെ വൈബ് കൊടുക്കുന്നവയാണ്.
അതേസമയം, ചില ആശയക്കുഴപ്പവും സിനിമ കണ്ടിറങ്ങിയപ്പോള്‍ തോന്നുന്നുണ്ട്. ഒന്ന്, ഭീമന്‍ എന്ന് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ വിളിക്കുന്നത് എന്തിനാണ്, ആ നാട്ടിലെ രീതിയാണോ എന്നൊന്നും മനസിലായില്ല. കാസ്പര്‍ എന്ന കഥാപാത്രത്തെയും ഭീമന്‍ എന്ന് വിളിച്ചിരുന്നതായി തോന്നിയിരുന്നു. ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ പേരിന് പിന്നിലെ കഥയും മനസിലായില്ല. സൂപ്പര്‍ഹീറോ ഡ്രസ് മാത്രം ധരിക്കുന്ന കുട്ടിയും ടൈറ്റിലെഴുതുന്ന സമയത്തെ ആനിമേഷനും അങ്ങനെ പിടി കിട്ടുന്നുണ്ടായിരുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍, അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ, തമാശക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്ത, ഭീമന്റെ വഴി, ഇടയ്ക്ക് കുറച്ച് മന്ദഗതിയും മിസിങ്ങും മറ്റു ചില പാളിച്ചകളും തോന്നുമെങ്കിലും, ഒന്നു കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bheemante Vazhi movie review