| Saturday, 12th February 2022, 11:41 am

നമ്മുടെ നാട്ടില്‍ എല്ലാം ഒളിച്ചാണ് ചെയ്യുന്നത്, കാഴ്ചപ്പാട് മാറേണ്ട സമയമായി; 'റീത്ത കൗണ്‍സിലര്‍' പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീമന്റെ വഴിയിലെ കൗണ്‍സിലര്‍ റീത്ത എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരിടം നേടിയെടുത്ത താരമാണ് ദിവ്യ. എം. നായര്‍. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെയാണ് ദിവ്യ വെള്ളിത്തിരയിലേക്ക് കടന്നെത്തുന്നത്.

വെബ് സീരീസുകളിലൂടെയും സീരിയലുകളിലൂടെയും അഭിനയരംഗത്ത് സജീവമായ ദിവ്യയുടെ കരിയറിലെ മികച്ച ഒരു കഥാപാത്രം തന്നെയായിരുന്നു ഭീമന്റെ വഴിയിലെ കൗണ്‍സിലര്‍ റീത്ത.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രത്തിലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ ദിവ്യ അവതരിപ്പിക്കുന്നുണ്ട്.

ഭീമന്റെ വഴിയിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും ജീവിതത്തിലും ശക്തരാണെന്നും റീത്തയെപ്പോലെ തന്നെ ആരേയും ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നയാള്‍ തന്നെയാണ് താനെന്നും റീത്തയുടെ കുറേ കാര്യങ്ങള്‍ തന്നിലുണ്ടെന്നും പറയുകയാണ് ദിവ്യ.

മുന്‍പത്തെ പോലെ ആണ്‍ പെണ്‍ വ്യത്യാസമൊന്നും ഇന്ന് ഇല്ലെന്നും പല കാര്യങ്ങളിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറയുന്നു.

‘മുന്‍പത്തെ പോലെ അല്ല ഇപ്പോള്‍, ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. നമ്മുടെ ചിന്താഗതിയുടെ പ്രശ്‌നമാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല.

മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു.

കേരളത്തില്‍ മാത്രമേ ഇത്രയും അധികം പ്രശ്‌നമുള്ളൂ. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും പോയിക്കഴിഞ്ഞാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഇത്രയും വിമര്‍ശനങ്ങളില്ല. അവിടുത്തെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതരീതികള്‍, വസ്ത്രധാരണം, ചിന്താഗതി എല്ലാം വ്യത്യസ്തമാണ്.

ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കാണുന്നതാണ്, അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. അതേസമയം നമ്മുടെ നാട്ടില്‍ എല്ലാം ഒളിച്ചാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി നോക്കിയാല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്ക് ആരുടെയും തുറിച്ചുനോട്ടമില്ലാതെ പോകാന്‍ പറ്റിയ ഒരു പബ് ഇല്ല.

നമ്മുടെ വീട്ടുകാരും ഇതൊന്നും അംഗീകരിക്കില്ല. എനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മദ്യപിക്കാറുണ്ട്. അത് സിനിമയില്‍ യഥാര്‍ത്ഥ്യമെന്നോണം തുറന്നുകാണിച്ചു. അത്രയേ ഉള്ളു. ഞാന്‍ രണ്ടെണ്ണം അടിക്കും എന്ന് തുറന്ന് പറയുന്നത് തെറ്റല്ല. ഒരു ജനപ്രതിനിധി ആയതുകൊണ്ട് മദ്യപിക്കാന്‍ പാടില്ല എന്നില്ലല്ലോ.

സിനിമ നടിയാണെങ്കിലും ഡോക്ടര്‍ ആണെങ്കിലും ഏതു മേഖലയില്‍ നിന്നുള്ളതാണെങ്കിലും താല്പര്യമുണ്ടെങ്കില്‍ ചെയ്യാം. ഞാന്‍ മദ്യപിക്കാറില്ല. എന്നുകരുതി മദ്യപിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍ അത് വിഡ്ഢിത്തമാണ്. രാഷ്ട്രീയക്കാരും സിനിമ നടന്മാരും നടിമാരും പള്ളീലച്ചനും എല്ലാം തെറ്റ് ചെയ്യുന്നത് സമൂഹം കാണുന്നുണ്ടല്ലോ. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന, ഉപദ്രവിക്കാത്ത മനുഷ്യനാകുന്നതാണ് പ്രധാനം.’ അഭിമുഖത്തില്‍ ദിവ്യ പറയുന്നു.

Content Highlight: Bheemante Vazhi Movie Actress Divya About Her Life and Career

We use cookies to give you the best possible experience. Learn more