Malayalam Cinema
ഇമേജ് മാറ്റിയത് ജിനു മാത്രമല്ല, കുഞ്ചാക്കോ ബോബനും; ഭീമന്റെ വഴിയില്‍ ചാക്കോച്ചന്റെ ലിപ്‌ലോക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 03, 10:22 am
Friday, 3rd December 2021, 3:52 pm

ചെമ്പന്‍ വിനോദ് എഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി ഇന്നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുന്‍പേ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ജിനു ജോസഫിന്റെ കൊസ്‌തോപ്പ് ആയിരുന്നു.

സാധാരണ ചെയ്തുവരുന്ന ഹൈപ്രൊഫൈല്‍ കഥാപാത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു ജിനു തനി നാട്ടുമ്പുറത്തുകാരനായി അഭിനയിക്കുന്നത് ഏറെ ആകാംക്ഷയാണുയര്‍ത്തിയിരുന്നത്. എന്നാല്‍ തിയറ്ററില്‍ പടം വന്നപ്പോള്‍ ഇമേജ് പൊളിച്ചെഴുതിയത് ജിനു മാത്രമല്ല, കുഞ്ചാക്കോ ബോബനുമാണ്.

2000ങ്ങളിലെ മലയാള സിനിമയിലെ പ്രണയനായകനായി, പിന്നീട് നടത്തിയ തിരിച്ചു വരവില്‍ കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത കുഞ്ചാക്കോ ബോബന്റെ പതിവ് കഥാപാത്രങ്ങളില്‍ വ്യത്യസ്തനാണ് ചിത്രത്തിലെ നായകകഥാപാത്രമായ സഞ്ജു/ഭീമന്‍. കുഞ്ചാക്കോ ബോബന്റെ ആദ്യ ലിപ്‌ലോക്ക് രംഗവും ഭീമന്റെ വഴി കണ്ട പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായി.

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുകിടക്കുന്ന വഴിയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

തമാശക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, ആഷിഖ് അബു, റീമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bheemante vazhi kunjacko boban