Film News
ജയന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ സിനിമയില്‍ നായകനായി, ഞാന്‍ അദ്ദേഹത്തിന്റെ സ്വന്തക്കാരനാണോ എന്ന് പലരും ചോദിച്ചു: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 16, 06:11 pm
Thursday, 16th June 2022, 11:41 pm

ജയന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് പകരക്കാരനായി സിനിമയിലെത്തിയ താരമാണ് ഭീമന്‍ രഘു. ജയന് വേണ്ടി എഴുതിയ ചിത്രത്തിലൂടെയാണ് ഭീമന്‍ രഘു നായകനായി അരങ്ങേറ്റം കുറിച്ചത്. ഇതിലൂടെയാണ് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് വീണതും. ഭീമനിലേക്ക് നായകനായി വന്ന കഥ പറയുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു.

‘ജയന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ചെന്നൈയില്‍ നിന്ന് നിര്‍മാതാവ് ഹസന്‍ വിളിച്ചു. അന്ന് ജയന്റെ മൃതദേഹത്തിന് പൈലറ്റായി ഞാനും പോയിരുന്നു. അത് മുഴുവനും ജോഷിയേട്ടന്‍ വീഡിയോയില്‍ എടുത്തിട്ടുണ്ട്. ഞാന്‍ പൊലീസ് യൂണിഫോമിലാണ് ആ വീഡിയോയില്‍ ഉള്ളത്. അന്ന് കുറച്ചൂടെ ചെറുപ്പമാണ്. വയറൊന്നുമല്ല. ജയന്റെ സ്വന്തക്കാരനാണോ ഈ ഓഫീസര്‍, സാമ്യങ്ങളുണ്ടല്ലോ എന്ന് ചില ആള്‍ക്കാരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.

ജയന്‍ മരിക്കുന്നതിന് മുമ്പ് ഭീമന്‍ എന്നൊരു സ്‌ക്രിപ്റ്റ് ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. അത് എന്നെക്കൊണ്ട് ചെയ്യിച്ചാലോ എന്ന് ഹസന്‍ ചോദിച്ചു. എന്റെ പൊന്നേ എന്നെ സിനിമയില്‍ കൊണ്ടുവരാനാണോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. അപ്പോള്‍ സാര്‍ മദ്രാസ് വരെ വരുമോ ഒന്ന് റിഹേഴ്‌സല്‍ നോക്കാമെന്ന് പറഞ്ഞു. എന്നെ വിട്ടേക്ക് എനിക്ക് ഇതിനൊന്നും സമയമില്ല എന്ന് പറഞ്ഞു. അവര്‍ പിന്നേയും നിര്‍ബന്ധിച്ചപ്പോള്‍ സീനിയര്‍ ഓഫീസേഴ്‌സിനോട് പറഞ്ഞ് രണ്ട് ദിവസം ലീവെടുത്ത് ചെന്നൈയിലേക്ക് ചെന്നു.

അവിടെ ചെന്നപ്പോള്‍ ബാലന്‍ കെ. നായര്‍, പൊന്നമ്മ ചേച്ചി, ആ പടത്തിലെ ഹീറോയിനും ഉണ്ടവിടെ. എനിക്ക് ഇവരെ ഒന്നും അറിഞ്ഞുകൂട. മോഹന്‍ എന്നൊരു മേക്കപ്പ് മാനുണ്ട്. അദ്ദേഹം ഒരു വിഗ്ഗ് ഒക്കെ വെച്ച് മേക്കപ്പ് ചെയ്തു. ജയനെ സ്ഥിരമായ മേക്കപ്പ് ചെയ്യുന്നയാളാണ്. മേക്കപ്പ് ചെയ്തുകഴിഞ്ഞപ്പോഴേക്കും അവന്‍ വല്ലാതായി. എന്തുപറ്റി മോഹന്‍ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല സാറ് പ്രൊഡ്യൂസറെ പോയി കാണ്, ഈ കൂളിങ് ഗ്ലാസ് കൂടി വെച്ചോളാന്‍ പറഞ്ഞു.

ഞാന്‍ ചെന്നപ്പോള്‍ ഹസനും ഡിസ്ട്രിബ്യൂട്ടറും എഴുന്നേറ്റു. വില്യംസാണ് ക്യാമറാമാന്‍. അദ്ദേഹവും വന്ന് നോക്കി നിന്നു. അപ്പോഴേക്കും ഒരു സീന്‍ കൊണ്ട് കാണിച്ചിട്ട് താങ്കള്‍ ഇത് എങ്ങനെ ചെയ്യും എന്ന് ചോദിച്ചു. എങ്ങനെയാണെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കെങ്ങനെ കഴിയും അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അത് ഞാന്‍ ചെയ്തുകാണിച്ചു. പിന്നെ ഒരു ഫൈറ്റ് സീക്വന്‍സും ഉണ്ട്, അച്ഛനും അമ്മയും തമ്മിലുള്ള കുറച്ച് കോമ്പിനേഷന്‍ സീനും ചെയ്തു.

അതൊക്കെ ചെയ്ത് പിറ്റെ ദിവസമായപ്പോള്‍ ഞാന്‍ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവര്‍ തിരുവനന്തപുരത്ത് വന്നു. അന്ന് ചിത്രാ തിയേറ്ററിലേക്ക് എന്നെ വിളിച്ചു സിനിമ കാണാം എന്ന് പറഞ്ഞു, സാര്‍ അഭിനയിച്ച പടമാണെന്ന്. ഞാന്‍ അഭിനയിച്ച് പടമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അന്ന് അവിടെ ചെയ്തതൊക്കെ ഡബ്ബ് ചെയ്ത് റെക്കോഡ് ചെയ്ത് ഒരു മണിക്കൂറാക്കിയിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല അത് ഞാന്‍ തന്നെയാണെന്ന്. അഭിനയിക്കാന്‍ തയാറായിക്കൊള്ളൂ, എത്ര പൈസ വേണമെങ്കിലും തരാമെന്ന് പറഞ്ഞു. ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ഭീമന്‍ എന്ന പടം ഞാന്‍ അഭിനയിക്കാമെന്ന് പറയുന്നത്,’ ഭീമന്‍ രഘു പറഞ്ഞു.

Content Highlight: Bheeman Raghu tells the story of coming to Bheeman movie as a hero