| Thursday, 2nd February 2023, 2:55 pm

മുടി വെട്ടി സിന്ദൂരം തൊട്ട് വന്ന എന്നെ കണ്ട് ഷാജി കൈലാസ് എണീറ്റ് നിന്ന് കയ്യടിച്ചു: ഭീമന്‍ രഘു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് വല്യേട്ടന്‍. മലയാളത്തിലെ ജനപ്രിയ സിനിമകളിലൊന്നാണ് വല്യേട്ടന്‍. സിനിമയില്‍ നെടുങ്ങാടിയെന്ന വില്ലന്‍ കഥാപാത്രത്തിലെത്തിയത് ഭീമന്‍ രഘുവാണ്. ഭീമന്‍ രഘുവിന്റെ വ്യത്യസ്തമായ വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. അദ്ദേഹത്തിന്റെ അപ്പിയേറന്‍സും കോസ്റ്റിയൂം സ്‌റ്റൈലുമൊക്കെ മറ്റ് സിനിമയില്‍ നിന്നും വ്യത്യസ്തമായിരുന്നു.

വല്യേട്ടന് വേണ്ടി നടത്തിയ മേക്കോവറിനെ കുറിച്ച് പറയുകയാണ് ഭീമന്‍ രഘു. സ്ഥിരം രീതിയില്‍ നിന്നും മാറ്റിപിടിക്കണമെന്ന് ഷാജി കൈലാസ് പറഞ്ഞെന്നും അങ്ങനെ താന്‍ സ്വന്തമായിട്ടാണ് അത്തരമൊരു രൂപത്തിലെത്താന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു. തന്റെ മേക്കോവര്‍ കണ്ടിട്ട് ഷാജി കൈലാസ് എണീറ്റ് നിന്ന് കയ്യടിച്ചുവെന്നും അദ്ദേഹം കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘വല്യേട്ടന്‍ സിനിമയില്‍ അഭിനയിക്കാന്‍ എന്നെ ഷാജി കൈലാസ് വിളിച്ചിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു ചേട്ടാ ഈ സെറ്റപ്പ് മൊത്തത്തിലൊന്ന് മാറ്റണമെന്ന്. ഞാന്‍ പറഞ്ഞു അതൊന്നും സാരമില്ല നിങ്ങള്‍ റെഡിയായിക്കോ, ഞാന്‍ സെറ്റപ്പായിട്ട് വന്നേക്കാമെന്ന്. എന്താണ് ചെയ്യുന്നതെന്ന് അവര്‍ ചോദിച്ചു. അതൊക്കെ വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.

സായ് കുമാറും ഞാനുമാണ് വല്യേട്ടന്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തത്. നെടുങ്ങാടി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഞാന്‍ മേക്കപ്പ് മാനെ വിളിച്ച് പറഞ്ഞു, എന്റെ മുടിയുടെ മുകളിലെ ഭാഗം എടുത്ത് കളയാന്‍. എന്നിട്ട് നെറ്റിയില്‍ നല്ലൊരു കുങ്കുമപൊട്ടും തൊട്ടു. നന്നായി അലക്കി തേച്ച ഡ്രസും തോളിലൊരു തോര്‍ത്തുമൊക്കെയിട്ടു.

ഷാജി കൈലാസിന്റെ സിനിമയുടെ ഷൂട്ട് നടക്കുന്നത് ഗുരുവായൂരായിരുന്നു. ഞാന്‍ പുതിയൊരു ഗെറ്റപ്പൊക്കെ പിടിച്ച് റെഡിയായിറങ്ങി. വണ്ടിയെടുക്കടാ എന്ന് ഡ്രൈവറോട് പറഞ്ഞു. സിനിമയിലുള്ള വേറെ ആരോടും പറയാതെയാണ് ഞാന്‍ മേക്കോവര്‍ നടത്തിയത്. ഞാന്‍ അങ്ങനെ വണ്ടിയില്‍ കയറി സെറ്റിലെത്തി. അവിടെ നിന്നും നേരെ സംവിധായകന്റെ അടുത്തേക്ക് നടന്ന് ചെന്നു.

എന്നെ കണ്ടതും ഷാജി കുറേ നേരം നോക്കി നിന്നു. പിന്നെ പുള്ളി എണീറ്റ് നിന്ന് കയ്യടിച്ചു. കൊള്ളാമെന്ന് ഷാജി എന്നോട് പറഞ്ഞു. ഞാന്‍ ഉദ്ദേശിച്ചത് തന്നെയാണ് ചേട്ടന്‍ ചെയ്തിരിക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു,’ ഭീമന്‍ രഘു പറഞ്ഞു.

content highlight: bheeman raghu talks about vallyettan movie

Latest Stories

We use cookies to give you the best possible experience. Learn more