സ്വന്തം അഭിനയം മമ്മൂക്കയുടെ അത്രയുമില്ലെന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്; അവന്‍ തന്റെ കഴിവ് കാണിച്ചിട്ടുമുണ്ട്: ഭീമന്‍ രഘു
Entertainment
സ്വന്തം അഭിനയം മമ്മൂക്കയുടെ അത്രയുമില്ലെന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്; അവന്‍ തന്റെ കഴിവ് കാണിച്ചിട്ടുമുണ്ട്: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st August 2024, 9:51 pm

2024ല്‍ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ മികച്ച ഒരു ചിത്രമായിരുന്നു ആടുജീവിതം. 2008ല്‍ ബെന്യാമിന്‍ എഴുതിയ അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ എത്തിയത്. ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം നജീബ് എന്ന യുവാവിന്റെ യഥാര്‍ത്ഥ ജീവിതമാണ് പറഞ്ഞത്.

ഈ സിനിമക്കായി പൃഥ്വിരാജ് സുകുമാരന്‍ നടത്തിയ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ആടുജീവിതത്തിലെ അഭിനയത്തിന് ഇത്തവണത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് പൃഥ്വിരാജ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിക്കാത്തതില്‍ ചിലര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് നടന്‍ ഭീമന്‍ രഘു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക അദ്ദേഹത്തിന്റെ സിനിമകളില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ പൃഥ്വിരാജ് ആടുജീവിതത്തില്‍ ചെയ്തത് എത്ര മനോഹരമായാണ്. അയാളുടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും ഭംഗിയായി തന്നെ ചെയ്തു. അതിനായി എത്ര കിലോയാണ് കുറച്ചത്. അതൊക്കെയാണ് സ്വീകാര്യത കിട്ടാന്‍ കാരണമായത്.

തന്റെ അഭിനയം മമ്മൂക്കയുടെ അത്ര വരില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ മമ്മൂക്കയുടെ അഭിനയം കണ്ടാണ് പഠിച്ചതെന്നും പൃഥ്വി പറഞ്ഞിട്ടുണ്ട്. ഇനി മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ നോക്കിയാല്‍, എന്ത് കഥാപാത്രമാണ് അതില്‍ മമ്മൂക്ക ചെയ്തത്. അത് വളരെ മനോഹരമായി മമ്മൂക്ക ചെയ്തിട്ടുണ്ട്. അപ്പോള്‍ രണ്ടുപേരെയും താരതമ്യപ്പെടുത്താന്‍ പറ്റില്ല.

മമ്മൂക്ക അദ്ദേഹത്തിന്റെ സിനിമ വളരെ മനോഹരമായി ചെയ്തു. പൃഥ്വി ആണെങ്കില്‍ അവന്റെ കഴിവിനെ കാണിച്ചിട്ടുണ്ട്. അവന്‍ അവന്റെ ബോഡി ലാഗ്വേജിനെ പാടെ മാറ്റിയത് നമുക്ക് കാണാം. എത്രയോ നാളുകള്‍ കൊണ്ടാണ് അവനും ആ സംവിധായകനും അത് നേടിയെടുത്തത്. ആ കഥാപാത്രത്തിന് വേണ്ടി പൃഥ്വി അത്രയും ത്യാഗം അനുഭവിച്ചിട്ടുണ്ട്. പൃഥ്വിക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്,’ ഭീമന്‍ രഘു പറഞ്ഞു.


Content Highlight: Bheeman Raghu Talks About Prithviraj Sukumaran And Mammootty