| Sunday, 12th June 2022, 8:26 am

ഗോഡ്ഫാദറില്‍ പ്രേമചന്ദ്രനെ അവതരിപ്പിക്കാന്‍ ആ നടനെ സെലക്ട് ചെയ്തതാണ്, എന്നാല്‍ ഞാന്‍ ചെയ്താല്‍ ശരിയാകുമെന്ന് എല്ലാവരും പറഞ്ഞു: ഭീമന്‍ രഘു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് എന്‍.എന്‍. പിള്ള നായകനായ ഗോഡ്ഫാദറിന്റെ സ്ഥാനം. മുകേഷ്, ഇന്നസെന്റ്, തിലകന്‍, ജഗദീഷ്, സിദ്ധിഖ്, ഭീമന്‍ രഘു എന്നിങ്ങനെ വലിയ താരനിര തന്നെ എത്തിയ ഗോഡ്ഫാദര്‍ മലയാളത്തില്‍ ഏറ്റവുമധികം വാണിജ്യവിജയം നേടിയ ചിത്രങ്ങളിലൊന്ന് കൂടിയാണ്.

ഭീമന്‍ രഘുവിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഈ ചിത്രത്തിലെ പ്രേമചമന്ദ്രന്‍. ഈ കഥാപാത്രത്തിലേക്ക് വന്നതിനെ പറ്റി പറയുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു.

‘അച്ഛനും എന്‍.എന്‍. പിള്ള ചേട്ടനും ചെറുപ്പത്തില്‍ വൈക്കത്തായിരുന്നു താമസം. ഇവര്‍ പിന്നെ രണ്ട് വഴിക്കായി പോവുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖ്-ലാല്‍ എന്‍.എന്‍. പിള്ള ചേട്ടനെ നായകനാക്കി ചെയ്യുന്ന ഗോഡ്ഫാദര്‍ തുടങ്ങാന്‍ പോവുകയാണെന്ന് അറിഞ്ഞു. അപ്പോള്‍ പിള്ള ചേട്ടനെ കാണാന്‍ അച്ഛനൊരു ആഗ്രഹം. ഞാന്‍ അന്വേഷിച്ചപ്പോള്‍ കോഴിക്കോട് സിനിമക്കായി പിള്ള ചേട്ടന്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് താമസം. ഞാന്‍ അവിടെ വിളിച്ച് ഒരു റൂം ബുക്ക് ചെയ്തു. ഞങ്ങള്‍ അവിടെ ചെന്നു. അവര്‍ തമ്മില്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്തെ ഓരോ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ഞാന്‍ അപ്പോള്‍ റൂമില്‍ നിന്നും പുറത്തേക്ക് ഇറങ്ങി. പിന്നാലെ റിസപ്ഷനില്‍ നിന്നും സിദ്ധിഖിനെ വിളിക്കണമെന്ന് പറഞ്ഞു.

ഞാന്‍ വിളിച്ചു. ഒരു പടത്തിന്റെ ഷൂട്ട് തുടങ്ങാന്‍ പോവാണ്. ചേട്ടന്‍ ഫ്രീയാണോയെന്ന് ചോദിച്ചു. പിള്ള ചേട്ടന്‍ അച്ഛന്റെ സുഹൃത്താണ്, അദ്ദേഹത്തിന് പിള്ള ചേട്ടനെ കാണണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞു. എങ്കില്‍ റൂമിലേക്ക് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ ചെന്നു. അന്ന് ഞാന്‍ മുടിയും താടിയും ചെറുതായി നീട്ടി വളര്‍ത്തിയിട്ടുണ്ട്. ഇതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒരു കന്നഡ പടത്തിനായി നീട്ടി വളര്‍ത്തിയതാണെന്ന് പറഞ്ഞു. നാളെ ഒന്നു കാണണേന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോയി.

പിറ്റെ ദിവസം ഒരു ആറ് മണിയായപ്പോള്‍ സിദ്ധിഖും ലാലും കൂടി വന്നു. ചിത്രത്തില്‍ പ്രേമചന്ദ്രന്‍ എന്നൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നെടുമുടി വേണുവിനെയൊക്കെ സെലക്ട് ചെയ്തുവെച്ച കഥാപാത്രമാണ്. സജഷന്‍ വന്നപ്പോള്‍ ഒരുപാട് പേര്‍ ചേട്ടനെ ഇട്ടാല്‍ കൊള്ളാമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ കന്നഡ പടത്തിന്റെ കാര്യം പറഞ്ഞു. എന്നാണ് അത് തുടങ്ങുന്നതെന്ന് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു.

അവര്‍ പോയി കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു. എടാ കന്നഡ പടമൊക്കെ അവിടെ കിടക്കും, കേട്ടത് വെച്ച് നോക്കുമ്പോള്‍ ഇത് നല്ല കഥാപാത്രമാണ്, നീ ഇത് ചെയ്യ് എന്നിട്ട് മറ്റേതിലേക്ക് പോയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചു. സിദ്ധിഖ് അച്ഛനെ കൊണ്ട് ഒരു കോളേജ് പ്രൊഫസറുടെ കഥാപാത്രം ചെയ്യിക്കണമെന്ന് പറഞ്ഞു. അച്ഛനാണെങ്കില്‍ അതൊന്നും പറ്റില്ല. അവസാനം പിള്ള ചേട്ടന്‍ വന്നു, എടാ ബാബുവേ ഈ പടത്തില്‍ നിനക്ക് അഭിനയിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചു. ഒരു സീനേയുള്ളൂ നീ അഭിനയിക്കണമെന്ന് പറഞ്ഞു. അങ്ങനെ സമ്മതിച്ചു. പക്ഷേ വീട്ടില്‍ അമ്മ ഒറ്റക്കാണ് അച്ഛന്റെ സീന്‍ ആദ്യമെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പിള്ള ചേട്ടന്റെ ഒരു സീന്‍ എടുത്ത് കഴിഞ്ഞ് അച്ഛന്‍ സീന്‍ എടുത്തു. മുകേഷിനോട് കോളേജില്‍ വെച്ച് അഞ്ഞൂറാന്റെ മകനല്ല ആയിരത്തിന്റെ മകനാണെങ്കിലും എനിക്ക് പ്രശ്‌നമില്ല, ഇറങ്ങിപ്പോടാ എന്ന് പറയുന്ന സീനായിരുന്നു.

അത് കഴിഞ്ഞ് അച്ഛന്‍ വീട്ടിലേക്ക് പോയി. ഞാന്‍ അവിടെ അങ്ങ് കൂടി. അതായിരുന്നു പ്രേമചന്ദ്രന്‍ എന്ന കഥാപാത്രം. ആ സിനിമയിലെ ഏറ്റവും സുന്ദരനായ കഥാപാത്രമായിരുന്നു എന്റേത്,’ ഭീമന്‍ രഘു പറഞ്ഞു.

Content Highlight: Bheeman Raghu talks about coming to thE role of premachandran in godfather

We use cookies to give you the best possible experience. Learn more