കോഴിക്കോട്: താന്‍ പ്രതീക്ഷിച്ചതല്ല ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചതെന്നും മനസ് മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിന്നുണ്ടായെന്നും നടന്‍ ഭീമന്‍ രഘു.
‘ബി.ജെ.പിയുമായി ചേര്‍ന്ന് ഇനി പ്രവര്‍ത്തിക്കാനാകില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. മനസ് മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിന്നുണ്ടായി.
ബി.ജെ.പിയില്‍ ഉണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ ഞാന്‍ കടന്നുപോയി.
രാഷ്ട്രീയ പ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് ഈ മേഖലയിലേക്ക് വന്നതും,’ താരം പറഞ്ഞു.
താനിപ്പോള്‍ വലിയ സന്തോഷത്തിലാണെന്നും ഭീമന്‍ രഘു പറഞ്ഞു. ‘സി.പി.ഐ.എമ്മിലേക്കുള്ള പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കും.
വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ മാസം 22ന് മുഖ്യമന്ത്രി തിരികെ കേരളത്തിലെത്തുമ്പോള്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും. മുഖ്യമന്ത്രിയെ കാണുന്നതിനൊപ്പം അന്ന് തന്നെ തിരുവനന്തപുരത്ത് സി.പി.ഐ.എം പാര്‍ട്ടി ഓഫീസിലെത്തും. അവിടെ വെച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തും,’ ഭീമന്‍ രഘു പറഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താന്‍ ഇനി ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും താരം അറിയിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഭീമന്‍ രഘു സി.പി.ഐ.എമ്മിലേക്ക് ചേക്കേറുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയുമാണ് അദ്ദേഹം മത്സരിച്ചത്.
Content Highlights: bheeman Raghu slams BJP, and praises cpim leader pinarayi vijayan