| Monday, 17th July 2023, 5:52 pm

ശോഭ സുരേന്ദ്രന്‍ ഉരുക്കുവനിത; കേരള ബി.ജെ.പിയില്‍ കോക്കസ് ഗ്രൂപ്പുണ്ട്: ഭീമന്‍ രഘു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ ഉരുക്കുവനിതയാണെന്ന് ബി.ജെ.പിയില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് ചേര്‍ന്ന നടന്‍ ഭീമന്‍ രഘു. പ്രസംഗിക്കാനും വോട്ട് പിടിക്കാനും കഴിവുള്ളൊരാളാണ് ശോഭയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പി ഒരു കോക്കസിന്റെ കയ്യിലാണെന്നും അത് ആരൊക്കെയാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ഭീമന്‍ രഘു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കേരളത്തിലെ ബി.ജെ.പി ഒരു കോക്കസിന്റെ കയ്യിലാണ്. ഏത് കോക്കസിന്റെ കയ്യിലാണെന്ന് നമ്മള്‍ പറയേണ്ട ആവശ്യമില്ല. അത് ജനങ്ങള്‍ക്ക് അറിയാം. ആ കോക്കസിലുള്ള ആളുകള്‍ മറ്റുള്ളവരെയൊന്നും അടുപ്പിക്കില്ല.

ശോഭാ സുരേന്ദ്രനെ എന്തുകൊണ്ടാണ് മാറ്റി നിര്‍ത്തിയത്. അവര്‍ ഒരു ഉരുക്കു വനിതയാണെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിയിലെ മിടുക്കിയും പ്രസംഗിക്കാനും വോട്ട് പിടിക്കാനും സാധിക്കുന്നൊരാളാണ് ശോഭ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് അടുപ്പിക്കാത്തത്.

അതില്‍ ഒരുപാട് പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് അടുപ്പിക്കാത്തത്. കാരണം ശോഭ സുരേന്ദ്രനും സുരേന്ദ്രനും ഒരു തട്ടകത്തില്‍ പ്രസംഗിച്ചാല്‍ സുരേന്ദ്രന്‍ മൈനസ് ആയിപ്പോകും. ഞാന്‍ കളിയായിട്ട് പറയുകയല്ല. ശോഭയുടെ പ്രസംഗം കഴിഞ്ഞ് സുരേന്ദ്രന്‍ വന്നാല്‍ ജനങ്ങളെല്ലാം മാറിപ്പോകും. അത്രയും കഴിവുള്ളൊരാളാണ് ശോഭ,’ ഭീമന്‍ രഘു പറഞ്ഞു.

താനും സുരേന്ദ്രനും ഒരേ വേദിയിലിരുന്നാലും ഇതേ പ്രശ്‌നമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്‍ പ്രസംഗിക്കുന്നതിനിടക്ക് ഭീമന്‍ രഘു പ്രസംഗിക്കണമെന്ന് ജനങ്ങള്‍ പറയുമെന്നും അതുകൊണ്ടാണ് തന്നെ ഒതുക്കിയതെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.

‘എന്നെ അങ്ങോട്ട് കൊണ്ടുപോയി കഴിഞ്ഞാല്‍ സുരേന്ദ്രനുണ്ടാകുന്ന മൈനസ് ഒരുപാടാണ്. ഞാന്‍ സുകുമാരന്‍ നായരുമായി നല്ല ബന്ധത്തിലാണ്. ഞാന്‍ പത്തനാപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സുകുമാരന്‍ നായരുടെ അടുത്ത് ചെന്ന് ആശീര്‍വാദം വാങ്ങിയിരുന്നു.

അപ്പഴേ അങ്ങേര് പറഞ്ഞിരുന്നു കുറച്ച് വോട്ട് ഞങ്ങളുടെ അടുത്ത് നിന്ന് കിട്ടുമെങ്കിലും ജയിക്കാന്‍ പോകുന്നില്ലെന്ന്. ജയിക്കില്ലെന്ന് എനിക്കും അറിയാമെന്ന് ഞാനും പറഞ്ഞു.

അങ്ങനെയാണ് പതിമൂന്നായിരത്തിലധികം വോട്ടിലേക്ക് ഞാന്‍ വരുന്നത്. സുരേന്ദ്രനും ഞാനും കൂടി ഒരു സ്‌റ്റേജിലിരുന്നാല്‍ ജനങ്ങളുടെ റിയാക്ഷന്‍ വേറെയായിരിക്കും. അത് സുരേന്ദ്രന്റെ മൈനസ് പോയിന്റാണ്, അത് അവന് അറിയാം.

പ്രായിക്കര പാപ്പാന്‍ എന്ന സിനിമയിലഭിനയിക്കാന്‍ പത്തെഴുപത്തഞ്ച് ദിവസം കോന്നിയിലുണ്ടായിരുന്ന ആര്‍ട്ടിസ്റ്റാണ് ഞാന്‍. ജനങ്ങള്‍ക്ക് മൊത്തം എന്നെ അറിയാം. അതുകൊണ്ട് സുരേന്ദ്രന്‍ പ്രസംഗിക്കുന്നതിനിടക്ക് ഭീമന്‍ രഘു പ്രസംഗിക്കണമെന്ന് അവര്‍ പറയും. അവര്‍ക്ക് രാഷ്ട്രീയ പ്രസംഗമല്ല കേള്‍ക്കേണ്ടത്.

എന്നെ പോലൊരാള്‍ അവിടെ പോയിക്കഴിഞ്ഞാല്‍ ഭീമന്‍ ചേട്ടന്‍ സംസാരിക്കണമെന്ന് പറയും. അത് അദ്ദേഹത്തിന് നന്നായിട്ടറിായം. അതുകൊണ്ടാണ് നമ്മളെ തള്ളിയതെന്നും അറിയാം. ഞാനതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോയില്ല,’ ഭീമന്‍ രഘു പറഞ്ഞു.

CONTENT HIGHLIGHTS: BHEEMAN RAGHU ABOUT SHOBA SURENDRAN

We use cookies to give you the best possible experience. Learn more