കോഴിക്കോട്: മീശ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുത്വവാദികളുടെ ഭീഷണിക്കു വഴങ്ങി മാതൃഭൂമി പത്രത്തിന് പരസ്യം നല്‍കില്ലെന്നു പ്രഖ്യാപിച്ച ഭീമ ജ്വല്ലേഴ്‌സ് മാതൃഭൂമിക്ക് വീണ്ടും പരസ്യം നല്‍കി. സംഘപരിവാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മാതൃഭൂമി കമല്‍റാം സജീവിനെ മാറ്റി രണ്ടുമാസത്തിനിപ്പുറമാണ് ഭീമ നിലപാട് മാറ്റിയിരിക്കുന്നത്.
ജനുവരി 31ന് ആരംഭിക്കുന്ന മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ ഓഫ് ലെറ്റേഴ്‌സിന്റെ മുഖ്യസ്‌പോണ്‍സറാണ് ഭീമ.
എസ് ഹരീഷിന്റെ നോവല്‍ “മീശ” മാതൃഭൂമി ആഴ്ചപതിപ്പില്‍ അടിച്ചുവന്നതിനു പിന്നാലെ സംഘപരിവാര്‍ മീശയ്ക്കും ആഴ്ചപ്പതിപ്പിനും എതിരെ പ്രതിഷേധിക്കുകയും എഡിറ്ററെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാതൃഭൂമിയില്‍ പരസ്യം നല്‍കിയതിന് ഭീമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഹിന്ദുത്വവാദികള്‍ ഭീഷണി ഉയര്‍ത്തി. മാതൃഭൂമിക്ക് പരസ്യം നല്‍കിയാല്‍ ഭീമ ജ്വല്ലറിയെ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കുന്നതായി 2018 ആഗസ്റ്റ് അഞ്ചിന് ഭീമ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
പരസ്യം നല്‍കില്ലെന്നു പ്രഖ്യാപിച്ചതോടെ ഭീമയില്‍ നിന്ന് മാത്രമേ സ്വര്‍ണം വാങ്ങൂവെന്നു പറഞ്ഞുകൊണ്ട് ജ്വല്ലറിക്ക് അനുകൂലമായി കാമ്പെയ്‌നും സംഘപരിവാര്‍ നടത്തിയിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് സമ്മര്‍ദ്ദത്തിലാവുകയും എഡിറ്റര്‍ കമല്‍റാം സജീവിനെ ആഴ്ചപ്പപതിപ്പ് ചുമതലയില്‍ നിന്ന് മാറ്റാന്‍ തീരുമാനിക്കുകയും ഇതില്‍ പ്രതിഷേധിച്ച് കമല്‍റാം സജീവ് മാതൃഭൂമിയില്‍ നിന്നുതന്നെ രാജിവെക്കുകയും ചെയ്തിരുന്നു.
ഹിന്ദുത്വശക്തികള്‍ വിപണിയെ കൂട്ടുപിടിച്ച് ഒരു മാധ്യമ സ്ഥാപനത്തെ സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ വരുതിക്കു നിര്‍ത്തുകയെന്ന തന്ത്രമാണ് ഇവിടെ നടപ്പിലാക്കിയിരുന്നത്. ആദ്യമായാണ് കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ ഇത്തരമൊരു അജണ്ട നടപ്പിലാക്കുന്നത്. പൊതുസമൂഹത്തില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും സാംസ്‌കാരിക രംഗത്തുനിന്നും വലിയ പ്രതിഷേധങ്ങളൊന്നും സംഘപരിവാറിന് ഈ വിഷയത്തില്‍ നേരിടേണ്ടിവന്നിരുന്നില്ലയെന്നതും ആശങ്ക ഉയര്‍ത്തിയിരുന്നു.
മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് പിന്‍വലിച്ചുകൊണ്ട് ഭീമ നല്‍കിയ വിശദീകരണം ഇതായിരുന്നു: “ഒരു മലയാളം ദിന പത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജില്‍ കുറെ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവ പൂര്‍വം കാണുന്നു. ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ ഏതു പത്രത്തില്‍ എപ്പോള്‍ കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജന്‍സിയാണ്. അവര്‍ ആ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകള്‍ ഉദ്ധരിച്ചാണ്. പരസ്യങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുന്‍കൂട്ടിക്കണ്ട് പരസ്യ ഏജന്‍സി പത്രങ്ങള്‍ക്കു മുന്‍കൂര്‍ നല്കിയിട്ടുള്ളതാണ്. ഭീമ 94 വര്‍ഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും. താല്‍കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.”