ഭാവന നാളെ വിവാഹിതയാകും; മെഹന്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
celebrity wedding
ഭാവന നാളെ വിവാഹിതയാകും; മെഹന്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st January 2018, 9:32 am

 

കൊച്ചി: വീണ്ടുമൊരു താരവിവാഹത്തിനു കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. നടി ഭാവനയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

ഭാവനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. കന്നഡ നിര്‍മ്മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. നാലുവര്‍ഷത്തോളം നീണ്ട പ്രണയവും സൗഹൃദവും വിവാഹത്തിലെത്തുകയായിരുന്നു. നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്.

ഭാവനയുടെ ജന്മദേശമായ തൃശ്ശൂരില്‍ വച്ചാണ് വിവാഹം. ചടങ്ങില്‍ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.

കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയയാളാണ് ഭാവന. കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി ഭാവന തിളങ്ങി.

വിവാഹത്തിനുശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സിനിമ-രാഷ്ട്രീയ മേഖലകളിലെ  പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.