മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.
അങ്ങനെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.
ഇപ്പോള്‍ തന്റെ ജയം കൊണ്ടന്‍ എന്ന തമിഴ് ചിത്രത്തിലെ പാട്ട് സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഭാവന. ആര്‍. കണ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ വിനയ് റായ് ആയിരുന്നു നായകന്‍. മിസ് വൗ തമിഴ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ നാന്‍ വരന്തു വയ്ത്ത എന്ന പാട്ടിനെ കുറിച്ചാണ് നടി സംസാരിച്ചത്.
‘നാന്‍ വരന്തു വയ്ത്ത എന്ന പാട്ട് ഷൂട്ട് ചെയ്തത് ഉസ്‌ബെക്കിസ്ഥാനിലാണ്. വളരെ ഭംഗിയുള്ള പാട്ടായിരുന്നു ആ സിനിമയിലേത്. വളരെ ഭംഗിയുള്ള ലൊക്കേഷനായിരുന്നു അതിനായി തെരഞ്ഞെടുത്തത്. ഞങ്ങള്‍ക്ക് വേണ്ടി തന്നെ കോസ്റ്റിയൂമും അങ്ങനെ തന്നെയായിരുന്നു.
ആ പാട്ടിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. വിനയ്ക്ക് ആ സമയത്ത് കുടയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അവിടേക്ക് വന്നിരുന്നില്ല. ഞാനാണെങ്കില്‍ കുടയൊക്കെ എടുത്തിട്ടാണ് പോയത്. വെയില്‍ കൊള്ളാതെ കുടയും ചൂടിയാണ് ഞാന്‍ പലപ്പോഴും നിന്നത്.
ആ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ രണ്ടുപേരും ഒരുമിച്ചാകും. എന്നാല്‍ കട്ട് പറഞ്ഞാല്‍ ഞങ്ങള്‍ മുഖം തിരിച്ചിട്ട് പോകും. അത്രയും അടിയുണ്ടാക്കിയിട്ടാണ് ഞങ്ങള്‍ പാട്ട് ഷൂട്ട് ചെയ്തത്. പിന്നെ വളരെ അണ്‍കംഫേര്‍ട്ടബിളായി ഫീല് ചെയ്തതോടെ വിനയ് തന്നെയാണ് എന്റെ അടുത്തേക്ക് വന്ന് സംസാരിച്ച് അത് സോള്‍വ് ചെയ്തത്.
ഇപ്പോള്‍ സത്യത്തില്‍ അതിനെ പറ്റി ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുണ്ട്. വിനയ് അന്ന് കുട്ടികളെ പോലെയാണോ നീ ബിഹേവ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചിരുന്നു. രണ്ട് ദിവസത്തോളം ഞങ്ങള്‍ തമ്മില്‍ അടിയായിരുന്നു (ചിരി),’ ഭാവന പറയുന്നു.
Content Highlight: Bhavana Talks About Vinay Rai