| Thursday, 15th August 2024, 2:53 pm

അവരെ കണ്ടാല്‍ ഇങ്ങനൊരാള്‍ മതിയല്ലോ നാട് നന്നാക്കാനെന്ന് തോന്നും: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുക്കെട്ടാണ് ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ കൂട്ടുക്കെട്ട്. 1990ല്‍ ഇറങ്ങിയ ഡോക്ടര്‍ പശുപതി മുതല്‍ക്കാണ് രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സിനിമകള്‍ സംവിധാനം ചെയ്ത് തുടങ്ങിയത്. പിന്നീട് ഇരുവരും ഒന്നിച്ച് നിരവധി ത്രില്ലര്‍ ചിത്രങ്ങളും എത്തിയിരുന്നു.

ഇപ്പോള്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹണ്ട്. ഭാവന നായികയാകുന്ന സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ രണ്‍ജി പണിക്കറും അഭിനയിക്കുന്നുണ്ട്. ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ കൂട്ടുക്കെട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഭാവന.

ഈ കൂട്ടുക്കെട്ടില്‍ മലയാളത്തില്‍ വന്നിട്ടുള്ള സിനിമകളൊക്കെ കണ്ട് രോമാഞ്ചം വന്ന ആളുകളില്‍ ഒരാളാണ് താന്‍ എന്നാണ് ഭാവന പറയുന്നത്. ഡയലോഗ് കൊണ്ട് ഹീറോയിസം ക്രിയേറ്റ് ചെയ്യുന്ന സിനിമകളാണ് ഇവരുടേതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹണ്ടിന്റെ ഭാഗമായി രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.

‘ഞാന്‍ ഈ കോമ്പിനേഷനില്‍ വന്നിട്ടുള്ള സിനിമകളൊക്കെ കണ്ട് രോമാഞ്ചം വന്ന ആളുകളില്‍ ഒരാളാണ്. മറ്റുഭാഷയിലുള്ള സിനിമകളില്‍ ഹീറോ കാല് വെക്കുമ്പോള്‍ പൊടിപറക്കുന്നതും ഒരാളെ അടിച്ച് 20 അടി അപ്പുറത്തേക്ക് പോകുന്നതും കാണിക്കാറുണ്ട്. അതേസമയം ഇവിടെ ഡയലോഗ് കൊണ്ട് ഹീറോയിസം ക്രിയേറ്റ് ചെയ്യും. അത്തരത്തിലുള്ള സിനിമ നല്‍കിയിട്ടുള്ള കോമ്പിനേഷനാണ് ഇവരുടേത്.

ഇവരുടെ സിനിമയില്‍ നായകന്മാര്‍ പറയുന്ന ഡയലോഗില്‍ നിന്നാണ് രോമാഞ്ചം ഉണ്ടാകുന്നത്. ഇങ്ങനെയൊരു ആളുണ്ടായാല്‍ മതിയല്ലോ നാട് നന്നാകാന്‍ എന്ന് പോലും തോന്നിക്കുന്ന കഥാപാത്രങ്ങളാണ് ഇവരുടേത്. നല്ല ഡയലോഗും റൈറ്ററും മേക്കറും അത് അഭിനയിക്കാന്‍ നല്ല അഭിനേതാക്കളുമൊക്കെ ഒരുമിച്ച് വന്നപ്പോഴാണ് ആ സിനിമകള്‍ ഐക്കോണിക് ആയത്. നമ്മള്‍ ഇപ്പോഴും അവരുടെ സിനിമകളെ കുറിച്ച് സംസാരിക്കുന്നുണ്ട്, ഇനിയും സംസാരിക്കും,’ ഭാവന പറഞ്ഞു.


അതേസമയം ചിന്താമണി കൊലക്കേസ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് ടീമൊന്നിക്കുന്ന ചിത്രമാണ് ഹണ്ട്. ഈ പാരാ നോര്‍മല്‍ ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് 23നാണ് തിയേറ്ററില്‍ എത്തുന്നത്. ഡോക്ടര്‍ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന ഈ സിനിമയില്‍ അഭിനയിച്ചത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രമാണ് ഹണ്ട്.

ഒരു മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭാവനക്കും രണ്‍ജി പണിക്കറിനും പുറമെ അദിതി രവി, അനു മോഹന്‍, ചന്ദുനാഥ്, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, നന്ദു ലാല്‍, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യ നായര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Content Highlight: Bhavana Talks About Shaji Kailas – Ranji Panicker Movies

We use cookies to give you the best possible experience. Learn more