മലയാളത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും തെന്നിന്ത്യയൊന്നാകെ വലിയൊരു വിഭാഗം ആരാധകരെ നേടിയെടുത്ത താരമാണ് ഭാവന. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് അവസാനമായി മലയാളത്തില്‍ ഭാവനയുടേതായി പുറത്തുവന്ന ചിത്രം.
മലയാളസിനിമയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ താരം. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
കോടതി സംബന്ധമായ ചില കാര്യങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതിനാലാണ് തല്‍ക്കാലത്തേക്ക് മലയാള സിനിമാലോകത്ത് നിന്നും വിട്ട് നില്‍ക്കുന്നത് എന്നാണ് ഭാവന പറയുന്നത്.
”കോടതി നടപടികള്‍ കേരളത്തില്‍ നടക്കുന്നത് കൊണ്ട് പല മലയാളം പ്രോജക്ടുകളും എനിക്ക് വേണ്ട എന്ന് വെയ്‌ക്കേണ്ടി വന്നു. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇങ്ങനെ വിട്ട് നില്‍ക്കുന്നത് ശരിയായ തീരുമാനമാണോ എന്ന് എനിക്കറിയില്ല.
കന്നഡയിലും ഞാന്‍ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല,” ഭാവന പറഞ്ഞു. തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും നടി സംസാരിച്ചു. തിരിച്ചുവരണം എന്ന കരുതി വെറുതെ ഒരു തമിഴ് ചിത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നും രണ്ട് സിനിമകള്‍ വന്നെങ്കിലും കഥകള്‍ ഇഷ്ടപ്പെടാതിരുന്നത് കാരണം വേണ്ടെന്ന് വെയ്ക്കുകയായിരുന്നെന്നും നല്ല കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്.
കന്നഡയില്‍ ശിവ രാജ്കുമാറിനൊപ്പം അഭിനയിച്ച ബജ്‌രംഗി 2 ആണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബര്‍ 29ന് റിലീസ് ചെയ്ത ചിത്രത്തിലെ ഭാവനയുടെ ചിന്‍മിനികി എന്ന കഥാപാത്രമായുള്ള പ്രകടനത്തെക്കുറിച്ച് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bhavana talks about not doing any Malayalam movies at present