|

തമിഴില്‍ സൂപ്പര്‍ ഹിറ്റായ സിനിമ; അന്ന് റീമേക്ക് ചെയ്യാന്‍ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002ല്‍ കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നമ്മള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് ഭാവന. പിന്നീട് വളരെ പെട്ടെന്നായിരുന്നു ഭാവന തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും നടി അഭിനയിച്ചിരുന്നു.

ഭാവന നായികയായി 2019ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ഡ്രാമ ചിത്രമാണ് 99. പ്രീതം ഗുബ്ബി സംവിധാനം ചെയ്ത ഈ സിനിമ 2018ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 96ന്റെ റീമേക്ക് ആയിരുന്നു. നടന്‍ ഗണേഷ് ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്

ഈ സിനിമ ചെയ്യാന്‍ തനിക്ക് ആദ്യം താത്പര്യമില്ലായിരുന്നു എന്നാണ് ഭാവന പറയുന്നത്. തമിഴില്‍ വന്ന് ഹിറ്റായ പടമായത് കൊണ്ടാണ് താത്പര്യ കുറവ് കാണിച്ചതെന്നും നടി പറയുന്നു. അവസാനം മറ്റുള്ളവരുടെ നിര്‍ബന്ധത്തിനാണ് സമ്മതിച്ചതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ 96 സിനിമ കന്നഡയില്‍ ചെയ്യില്ലെന്ന് തന്നെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ആ സിനിമ റീമേക്ക് ചെയ്യാന്‍ താത്പര്യമില്ലെന്ന് ആയിരുന്നു പറഞ്ഞത്. കാരണം തമിഴില്‍ 96 വന്നിട്ട് അത് വലിയ ഹിറ്റായതാണ്. തമിഴിന് പുറത്ത് മറ്റ് ഭാഷകളിലും അത് വലിയ ഹിറ്റായിരുന്നു.

അതുകൊണ്ട് ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പക്ഷെ അവര്‍ ഞാന്‍ തന്നെ അത് ചെയ്യണമെന്ന് പറയുകയായിരുന്നു. അപ്പോള്‍ ഞാന്‍ 96 കണ്ടിട്ടില്ലായിരുന്നു. അവസാനം ഞാന്‍ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു.

എന്നാല്‍ സിനിമ ചെയ്യുന്നത് വരെ 96 കാണില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം ഒറിജിനല്‍ പടം കണ്ടാല്‍ നമുക്ക് അതില്‍ നിന്ന് ഇന്‍ഫ്‌ളുവന്‍സ് വരുമല്ലോ. അങ്ങനെ കുറേ കഴിഞ്ഞാണ് ഞാന്‍ 96 കാണുന്നത്. വളരെ മികച്ച സിനിമ തന്നെയായിരുന്നു അത്,’ ഭാവന പറയുന്നു.

Content Highlight: Bhavana Talks About Kannada Remake Of 96 Movie

Video Stories