Movie Day
എങ്ങനെയാണ് ആ സമയത്തെ അതിജീവിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 21, 08:28 am
Wednesday, 21st August 2024, 1:58 pm

ജീവിതത്തില്‍ തനിക്ക് വന്ന പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഭാവന. തന്റെ പോരാട്ടത്തെ കുറിച്ചും അതെങ്ങനെയാണ് തരണം ചെയ്തത് എന്നുമെല്ലാം ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറയുന്നു.

‘എന്റെ ലൈഫ് എന്നെ അങ്ങനെ കൊണ്ടുപോയതാണ്. എനിക്ക് അതില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലായിരുന്നു. എന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. അതിനെതിരെ ഞാന്‍ അപ്പോള്‍ തന്നെ പരാതിപ്പെട്ടു. അതിന്റെ പേരില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നു. ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ പലരും പറഞ്ഞു. ഒരാള്‍ക്കും ഇതൊന്നും ഉണ്ടാകാന്‍ പാടില്ല.

നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്‌നം ഉണ്ടായി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും അടിച്ച് താഴെയിടാന്‍ നോക്കുകയാണ്. ആ ഒരു സമയമെന്ന് പറയുന്നത് ഇപ്പോള്‍ ആലോചിച്ച് നോക്കിയാല്‍ എങ്ങനെയാണ് തരണം ചെയ്തതെന്ന് എനിക്കറിയില്ല.

ഓരോരുത്തരുടെ ലൈഫിലും അങ്ങനെ ഓരോ അനുഭവങ്ങള്‍ വരുമ്പോള്‍ തനിയെ പഠിക്കുന്നതാണ്. എനിക്ക് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. എനിക്ക് വേണ്ടി ഞാന്‍ തന്നെ പോരാടിയേ പറ്റു. അല്ലാതെ എനിക്ക് പകരം നിങ്ങള്‍ കോടതിയില്‍ പൊയ്‌ക്കോളൂ എന്ന് പറയാന്‍ പറ്റില്ല.

അപ്പോഴും ഞാന്‍ വിചാരിക്കുന്നത് ലോകത്ത് എന്റെ കാര്യത്തില്‍ മാത്രമല്ല അനീതി നടക്കുന്നത്, എനിക്കെതിരെ മാത്രമല്ല ആക്രമണവും നടക്കുന്നത്. ഇതിനു പറ്റാത്ത എത്രയോ ആളുകള്‍ ഉണ്ട്. എന്റെ കാര്യം പുറത്തു വന്നതുകൊണ്ട് മാത്രമാണല്ലോ ആളുകള്‍ക്ക് ഞാന്‍ ബോള്‍ഡും ധീരയുമെല്ലാം ആകുന്നത്. ഇതിന് പറ്റാത്ത എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.

എന്റെ ഫാമിലിയും ഫ്രണ്ട്‌സും അടങ്ങുന്നൊരു സപ്പോര്‍ട്ട് സിസ്റ്റം എനിക്കുണ്ട്. അതുകൂടികൊണ്ടാണ് എനിക്കിതിനുള്ള ധൈര്യം കിട്ടിയത്. അല്ലാതെ പെട്ടന്നൊരു ദിവസം ബോള്‍ഡ് ആയതല്ല ഞാന്‍. ഒരുപാട് ബ്രേക്ഡൗണ്‍സും ഒക്കെ ഉണ്ടാകുന്ന സാധാരണ മനുഷ്യനാണ് ഞാനും,’ ഭാവന പറയുന്നു.

Content highlight: Bhavana talks about her journey from victim to fighter