Entertainment
ടൊവിനോയുടെ കരിയറിലെ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നാണ് നമ്മൾ കാണാൻ പോവുന്നത്: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 02, 07:04 am
Thursday, 2nd May 2024, 12:34 pm

ഡ്രൈവിങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ. ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് പറയുന്നത്.

ടൊവിനോയോടൊപ്പം സൗബിൻ ഷാഹിർ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി നടികർക്കുണ്ട്. മുമ്പ് വൈറസ്, മായനദി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് എത്തിയിട്ടുണ്ടെങ്കിലും ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രമാണ് നടികർ. ഭാവന, ചന്തു സലിം കുമാർ, ഗണപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നടികർ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് ഭാവന. ടൊവിനോയുടെ കരിയർ ബെസ്റ്റ് ക്യാരക്ടറിൽ ഒന്നായിരിക്കും നടികർ എന്നും ഒരു സൂപ്പർ സ്റ്റാറിന്റെ ലൈഫിലൂടെയുള്ള യാത്രയാണ് ചിത്രമെന്നും ഭാവന പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ഭാവന.

‘ടൊവിനോ എന്ന അഭിനേതാവിന്റെ ജീവിതത്തിലെ ബെസ്റ്റ് ക്യാരക്ടറിൽ ഒന്നായിരിക്കും നടികർ. സിനിമയ്ക്കുള്ളിലെ സിനിമയാണ് നടികർ. സിനിമയ്ക്കുള്ളിലെ സിനിമകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഉദയനാണ് താരമെല്ലാം അതിന് ഉദാഹരണമാണ്. അങ്ങനെ ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്.

പക്ഷെ ഇതിൽ ഒരു സ്റ്റാറിന്റെ ലൈഫിൽ വരുന്ന മാറ്റങ്ങളും സ്റ്റാർഡം കാരണം വരുന്ന മാറ്റങ്ങളുമെല്ലാമാണ് കാണിക്കുന്നത്. അയാളുടെ മെന്റൽ ഹെൽത്തും ലൈഫിലെ അപ്പ്‌ ആൻഡ്‌ ഡൗൺസുമെല്ലാം പറയുന്ന ഒരു ചിത്രമാണ് നടികർ.

ഒരു സ്റ്റാറിന്റെ പേഴ്സണൽ ലൈഫിനൊപ്പമുള്ള ഒരു യാത്രയാണ് നടികർ. ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ സഞ്ചരിക്കും എന്നാണ് ഞങ്ങളുടെയും വിശ്വാസവും,’ഭാവന പറയുന്നു.

Content Highlight: Bhavana Talk About Tovino’s Performance In Nadikar Movie