ചില ചിത്രങ്ങളിൽ ഞാൻ ഫ്രീയായി അഭിനയിച്ചിട്ടുണ്ടോ എന്നടക്കം എനിക്ക് സംശയമുണ്ട്: ഭാവന
Entertainment
ചില ചിത്രങ്ങളിൽ ഞാൻ ഫ്രീയായി അഭിനയിച്ചിട്ടുണ്ടോ എന്നടക്കം എനിക്ക് സംശയമുണ്ട്: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th May 2024, 8:21 pm

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായി ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരുന്നു. കരിയറിലെ ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും സിനിമകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ എന്ന ചിത്രമാണ് ഭാവനയുടെ ഏറ്റവും പുതിയ സിനിമ. ടൊവിനോ നായകനാവുന്ന ചിത്രം ഒരു സൂപ്പർ സ്റ്റാറിന്റെ കഥയാണ് പറയുന്നത്.

തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് പറയുകയാണ് ഭാവന. ആദ്യ സിനിമയിൽ നിന്ന് തനിക്ക് പൈസ കിട്ടിയിട്ടുണ്ടോ എന്നത് സംശയമാണെന്ന്. തമാശരൂപേണ ഭാവന പറയുന്നു. അന്ന് എല്ലാ കാര്യങ്ങളും അച്ഛൻ ആയിരുന്നു നോക്കിയിരുന്നതെന്നും ചിലപ്പോൾ താൻ ഫ്രീയായി ചില സിനിമകൾ ചെയ്തിട്ടുണ്ടാവുമെന്നും ഭാവന പറയുന്നു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.

‘ആദ്യത്തെ സിനിമയിൽ എനിക്ക് പൈസ കിട്ടിയിട്ടുണ്ടോ എന്ന് വരെ എനിക്ക് സംശയമുണ്ട്. ചിലപ്പോൾ ഒരു ചുരിദാറെങ്ങാനും കിട്ടിയിട്ടുണ്ടാവും(ചിരിക്കുന്നു).

കാരണം ആ സമയത്ത് അച്ഛൻ ആയിരുന്നു അതെല്ലാം നോക്കിയിരുന്നത്. ഞാൻ ഫ്രീ ആയിട്ട് അഭിനയിച്ചിട്ടുണ്ടോ എന്ന് വരെ എനിക്ക് സംശയമുണ്ട്. അതെനിക്കറിയില്ല. കാരണം കുറെ സൗഹൃദങ്ങളൊക്കെ ഉണ്ടായിരുന്നു.

ഞാൻ പതിനഞ്ച് വയസിലൊക്കെ സിനിമയിൽ വന്നത് കൊണ്ട് ആ സമയത്തൊക്കെ എനിക്കൊരു ഫോൺ വേണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അച്ഛൻ വാങ്ങി തന്നില്ല. അച്ഛൻ തന്നെയാണ് അതെല്ലാം നിയന്ത്രിച്ചത്.

പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോൾ എനിക്ക് വാങ്ങി തന്നു. ഫ്ലിപ്പ് ടൈപ്പോ സ്ലൈഡിങ് ടൈപ്പോ ആയിട്ടുള്ള ഒരു ഫോണായിരുന്നു അത്. അന്നെനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അതിപ്പോഴും ഓർമയുണ്ട്. പക്ഷെ ആ ഫോൺ എങ്ങനെയായിരുന്നുവെന്ന് ഇപ്പോൾ ഓർമയില്ല( ചിരിക്കുന്നു),’ ഭാവന പറയുന്നു.

 

Content Highlight: Bhavana Talk About Beginning Of Her Career