കൊച്ചി: ആരൊക്കെ മറന്നാലും ഫെബ്രുവരി 17 എന്ന ദിവസവും അന്ന് തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവവും താനും തന്റെ കുടുംബവും ഒരു കാലത്തും മറക്കില്ലെന്ന് ഭാവന. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഭാവന ഇക്കാര്യം പറഞ്ഞത്.
“കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിവാഹ നിശ്ചയ ദിവസം എന്നെ കാണാന്‍ വന്നിരുന്നു. ചടങ്ങുകള്‍ നടക്കുന്നത് അറിയാതെയാണ് അവര്‍ വന്നത്. ഏറ്റവും സന്തോഷമായി ഇരിക്കേണ്ട ആ ദിവസം പോലും ഞാന്‍ അവര്‍ക്കായി മണിക്കൂറുകള്‍ മാറ്റി വെച്ചു.” ഭാവന പറയുന്നു.
കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നത് കൊണ്ടു മാത്രമാണ് വിഷ്വല്‍ മീഡിയയിലൊന്നും അഭിമുഖത്തിന് പോകാത്തതെന്നും താരം പറയുന്നു. തന്റെ വാക്കുകള്‍ എതിര്‍ ഭാഗം വളച്ചൊടിച്ചാലോ എന്ന് ഭയക്കുന്നതായും നടി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ ആക്രമണം കൂടുന്ന സാഹചര്യത്തില്‍ ഇവര്‍ രാത്രി പുറത്തിങ്ങരുതെന്ന് പറയുന്നത് എങ്ങനെയാണെന്നും നടി ചോദിക്കുന്നു. ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്യുന്ന പെണ്‍കുട്ടികളുണ്ട് അവര്‍ അസമയത്ത് ജോലി ചെയ്തില്ലെങ്കില്‍ അവരുടെയൊന്നും അടുപ്പില്‍ തീ പുകയില്ല. ഇവരോടൊക്കെ പറയാന്‍ പറ്റുമോ സൂര്യന്‍ അസ്തമിച്ചാല്‍ പുറത്ത് ഇറങ്ങരുതെന്ന്, നമ്മള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന ചിന്ത വേണ്ടേയെന്നും നടി അഭിമുഖത്തില്‍ ചോദിക്കുന്നു.
ഈ അനുഭവം ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് വിചാരിക്കരുതെന്നും ഇതിന് മുന്‍പും തന്റെ നിലപാടുകള്‍ ഇങ്ങനെയായിരുന്നെന്നും നടി കൂട്ടി ചേര്‍ക്കുന്നു.