|

ആ സെറ്റില്‍ ഞാന്‍ ഭയങ്കര ജോളിയായി നിന്നു, സംവിധായകന്‍ അത് കണ്ട് എന്നോട് ദേഷ്യപ്പെട്ടു: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ മലയാളത്തിന് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് ഭാവന. 2002ല്‍ പുറത്തിറങ്ങിയ നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം വളരെയധികം ശ്രദ്ധേയമായി. പിന്നീട് മലയാളത്തിന്റെ മുന്‍നിരയില്‍ വളരെ വേഗത്തില്‍ സ്ഥാനം പിടിച്ച ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ചു.

തമിഴിലെ മികച്ച സംവിധായകരിലൊരാളായ ഏഴില്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദീപാവലി. രവി മോഹന്‍ നായകനായ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. ചിത്രം ഇന്നും തമിഴ്‌നാട്ടില്‍ പലരുടെയും ഫേവറെറ്റാണ്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഭാവന. താന്‍ വളരെ ജോളിയായി ചെയ്ത ചിത്രമായിരുന്നു ദീപാവലിയെന്ന് ഭാവന പറഞ്ഞു.

സംവിധായകന്‍ ഏഴില്‍ സെറ്റില്‍ വളരെ സീരിയസായിരുന്നെന്നും എല്ലാവരോടും കാര്യങ്ങള്‍ വളരെ കണിശമായിട്ടാണ് സംസാരിച്ചതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ എല്ലാവരോടും ചിരിച്ചുകളിച്ച് സംസാരിച്ച് നടക്കുകയായിരുന്നെന്നും ഭാവന പറയുന്നു. ഏഴില്‍ അത് കണ്ടിട്ട് തന്നോട് ദേഷ്യപ്പെട്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

താന്‍ സീരിയസായി സംസാരിക്കുമ്പോള്‍ ചിരിക്കുന്നോ എന്ന് ചോദിച്ചാണ് അദ്ദേഹം ദേഷ്യപ്പെട്ടതെന്നും ഭാവന പറഞ്ഞു. എന്നാല്‍ രവി മോഹന്‍ സെറ്റില്‍ എല്ലായ്‌പ്പോഴും സീരിയസായി നില്‍ക്കുകയായിരുന്നെന്നും തന്നോട് ദേഷ്യപ്പെടുന്നത് കണ്ട് രവി ചിരിച്ചെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഇന്നും ദീപാവലി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് റീലുകള്‍ വരുമെന്നും അതെല്ലാം സന്തോഷം തരുന്നെന്നും ഭാവന പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു ഭാവന.

‘ദീപാവലിയുടെ സെറ്റ് ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത ഒന്നായിരുന്നു. എല്ലാവരോടും കളിച്ച് ചിരിച്ചാണ് ഞാന്‍ നടന്നിരുന്നത്. എന്നാല്‍ ഏഴില്‍ സാര്‍ ഭയങ്കര സീരിയസായിരുന്നു. എല്ലാ കാര്യത്തോടും സീരിയസായാണ് അദ്ദേഹം സമീപിക്കുന്നത്. ഞാന്‍ ഇങ്ങനെ ചിരിച്ച് കളിച്ച് നടക്കുന്നത് കണ്ടിട്ട് ഒരുദിവസം അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു.

‘ഞാനിവിടെ സീരിയസായി സംസാരിക്കുമ്പോള്‍ നീ ചിരിക്കുന്നോ’ എന്ന് ചോദിച്ചാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ആ സമയത്തൊക്കെ രവി സീരിയസായി നില്‍ക്കുകയായിരുന്നു. എന്നോട് ഡയറക്ടര്‍ സാര്‍ ദേഷ്യപ്പെട്ടപ്പോള്‍ രവി ആരും കാണാതെ ചിരിക്കുകയായിരുന്നു. ഇന്നും ആ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് റീലുകള്‍ ഇന്‍സ്റ്റയില്‍ വരാറുണ്ട്,’ ഭാവന പറഞ്ഞു.

Content Highlight: Bhavana shares the memories of Deepavali movie

Video Stories