ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന് ശേഷം ഭാവന അഭിനയിക്കുന്ന സിനിമയാണ് നടികര്‍. ടൊവിനോ നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജീന്‍ പോള്‍ ലാലാണ്. ഹണീ ബീ 2വിന് ശേഷം ഭാവനയും ജീന്‍ പോളും ഒന്നിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമ അനുഭവങ്ങള്‍ ഭാവന പങ്കുവെച്ചു. തന്റെ ആദ്യത്തെ രണ്ട് സിനിമകളിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്നു സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയുമെന്ന് ഭാവന പറഞ്ഞു. നമ്മള്‍, ക്രോണിക് ബാച്ചിലര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചപ്പോളുണ്ടായ അനുഭവവും താരം പങ്കുവെച്ചു.
‘ഷൈന്‍ ചേട്ടനുമായിട്ടും സൗബിന്‍ ചേട്ടനുമായിട്ടും വര്‍ഷങ്ങളുടെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യത്തെ സിനിമയായിരുന്നു നമ്മള്‍. ഷൈന്‍ ചേട്ടന്‍ ആ സിനിമയില്‍ അസിസ്റ്റന്റായിരുന്നു. രണ്ടാമത്തെ സിനിമയായ ക്രോണിക് ബാച്ചിലറിന്റെ സെറ്റില്‍ വെച്ചാണ് സൗബിന്‍ ചേട്ടനെ കാണുന്നത്.
നമ്മളിന്റെ സെറ്റില്‍ എല്ലാവരും പുതിയ ആള്‍ക്കാരായതു കൊണ്ട് ഭയങ്കര കളിയും ചിരിയും ബഹളവുമൊക്കൊയയി അടിപൊളി എക്‌സ്പീരിയന്‍സായിരുന്നു. പക്ഷേ ക്രോണിക് ബാച്ചിലറിന്റെ സെറ്റിലെത്തയപ്പോള്‍ എല്ലാം മാറി. ആ സിനിമയില്‍ ഞാന്‍ മാത്രമായിരുന്നു പുതിയ ആളായി ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും സീനിയേഴ്‌സ്.
എല്ലാവരും ഭയങ്കര ഗൗരവത്തിലായിരുന്നു. മമ്മൂക്കയുടെ സിനിമ, സിദ്ദിഖിക്ക സംവിധാനം ചെയ്യുന്നു, ഫാസില്‍ സാറിന്റെ വീട്ടില്‍ ഷൂട്ട് അങ്ങനെ എല്ലാവരും വലിയ ഗൗരവത്തിലായിരുന്നു. ഞാനും ബാക്കിയുള്ളവരും ഒരു സ്ഥലത്ത് മാറിയിരുന്ന ഡംഷെറാഡ്‌സ് കളിക്കും. ഞാന്‍ അതിന് വേണ്ടി മാത്രമായിരുന്നു സെറ്റില്‍ പോയിരുന്നത്.
ഞാന്‍ ഒരു ഷോട്ട് കഴിഞ്ഞ് വന്നിരുന്ന് ഡംഷെറാഡ്‌സ് കളിക്കാന്‍ പോകുമ്പോള്‍ സൗബിന്‍ ചേട്ടന്‍ വന്ന് ഷോട്ടിന് വിളിക്കും. അപ്പോള്‍ ഞാന്‍ ചോദിക്കും, ഇപ്പോഴല്ലേ ഒരെണ്ണം കഴിഞ്ഞത്, വീണ്ടും ഉണ്ടോന്ന്. ആ ഷോട്ട് കഴിഞ്ഞ് വന്ന് ഇരുന്ന് വീണ്ടും സംസാരം തുടങ്ങുമ്പോള്‍ വീണ്ടും സൗബിക്ക വന്ന് ഷോട്ടിന് വിളിക്കും. ഞാന്‍ അത് കേട്ട് പുള്ളിയോട് ദേഷ്യപ്പെട്ടു. പിന്നീട് ഹലോ നമസ്‌തേ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഈ കഥകളൊക്കെ പറഞ്ഞിരുന്നു,’ ഭാവന പറഞ്ഞു.
Content Highlight: Bhavana shares the experience with Soubin and Shine Tom Chacko in her first movies