കമല്‍ മലയാളത്തിന് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് ഭാവന. 2002ല്‍ പുറത്തിറങ്ങിയ നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം വളരെയധികം ശ്രദ്ധേയമായി. പിന്നീട് മലയാളത്തിന്റെ മുന്‍നിരയില്‍ വളരെ വേഗത്തില്‍ സ്ഥാനം പിടിച്ച ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ചു.
അന്യഭാഷയില്‍ ഒരുപാട് സൂപ്പര്‍താരങ്ങളുടെ നായികയായി ഭാവന അഭിനയിച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍, തെലുങ്ക് താരം രവി തേജ, തമിഴ് താരം അജിത് എന്നിവരുടെ നായികയായി ഭാവന വേഷമിട്ടിട്ടുണ്ട്. അജിത്തിനെ നായകനാക്കി ശരണ്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ അസല്‍ എന്ന ചിത്രത്തില്‍ ഭാവനയായിരുന്നു നായിക.
ചിത്രത്തിന്റെ സെറ്റില്‍ തന്റെ അമ്മയും അജിത്തും സുഹൃത്തുക്കളായെന്ന് പറയുകയാണ് ഭാവന. ബ്രേക്കിന്റെ സമയത്ത് അജിത്തും തന്റെ അമ്മയും ഒരുപാട് നേരം സംസാരിച്ചിരിക്കുന്നത് കാണാമായിരുന്നെന്ന് ഭാവന പറഞ്ഞു. അമ്മക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ലായിരുന്നെന്നും എന്നിരുന്നാലും അവര്‍ തമ്മില്‍ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. അസലിന് ശേഷം പത്ത് വര്‍ഷത്തോളം താനും അജിത്തും തമ്മില്‍ കോണ്‍ടാക്ട് ഇല്ലായിരുന്നെന്നും ഭാവന പറഞ്ഞു.
തുനിവ് എന്ന പടത്തിന്റെ സെറ്റില്‍ വെച്ച് മഞ്ജു വാര്യറോട് അജിത് തന്നെപ്പറ്റി സംസാരിച്ചെന്നും തന്നെ വല്ലാതെ മിസ് ചെയ്യുന്നെന്ന് പറഞ്ഞെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഇത് താന്‍ അറിഞ്ഞെന്നും അജിത്തിനെ പോയി കണ്ട് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചെന്നും ഭാവന പറഞ്ഞു. ഒരു കന്നഡ ചിത്രത്തിന്റെ ഷൂട്ടിനായി അസര്‍ബൈജാനിലെത്തിയപ്പോള്‍ അവിടെയും അദ്ദേഹമുണ്ടായിരുന്നെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ഭാവന.
‘അജിത് സാറുമായി ഞാന്‍ സൗഹൃദത്തിലാകുന്നത് അസലിന്റെ സെറ്റില്‍ വെച്ചായിരുന്നു. ആ പടത്തിന്റെ ഷൂട്ടിന് അമ്മയും എന്റെ കൂടെയുണ്ടായിരുന്നു. ബ്രേക്കിന്റെ സമയത്ത് അമ്മയും അജിത് സാറും ഒരുമിച്ചിരുന്ന് ഒരുപാട് നേരം സംസാരിക്കുമായിരുന്നു. അമ്മക്ക് മലയാളമല്ലാതെ വേറൊരു ഭാഷയും അറിയില്ലായിരുന്നു. എന്നിട്ടും അവര്‍ തമ്മില്‍ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു.
അസലിന് ശേഷം പത്തുവര്‍ഷത്തോളം ഞാനും അജിത് സാറും കോണ്‍ടാക്ട് ചെയ്തിരുന്നില്ല. രണ്ടുമൂന്ന് വര്‍ഷം മുമ്പ് മഞ്ജു വാര്യര്‍ അജിത് സാറിന്റെ ഒരു പടത്തില്‍ അഭിനയിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെപ്പറ്റി മഞ്ജു ചേച്ചിയോട് സംസാരിച്ചു. എന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്നിട്ട് സാറിനെപ്പോയി കണ്ടു. അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചു, പിന്നീട് ഒരു കന്നഡ സിനിമയുടെ ഷൂട്ടിനായി അസര്‍ബൈജാനില്‍ പോയപ്പോള്‍ അവിടെയും അദ്ദേഹമുണ്ടായിരുന്നു,’ ഭാവന പറഞ്ഞു.
Content Highlight: Bhavana shares her bond with Ajith Kumar