ആദ്യ സിനിമ കഴിയുമ്പോള്‍ എല്ലാവരും തന്നെ തിരിച്ചറിയുമെന്നും, പുറത്തിറങ്ങുമ്പോള്‍ ആളുകളൊക്കെ ഓടികൂടുമെന്നുമായിരുന്നു താന്‍ കരുതിയതെന്ന് നടി ഭാവന. എന്നാല്‍ അങ്ങനെയായിരുന്നില്ല സംഭവിച്ചതെന്നും നമ്മള്‍ സിനിമയിലെ പരിമളത്തെ അവതരിപ്പിച്ചത് താനാണെന്ന് പ്രത്യേകം പറയേണ്ട അവസ്ഥയായിരുന്നുവെന്നും താരം പറഞ്ഞു. തന്റെ ആദ്യ സിനിമയായ ‘നമ്മള്‍’ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍, സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയാണ് ഭാവന.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമാണ് ഞാന്‍ ‘നമ്മള്‍’ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയത്. എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. ആ സിനിമ സംവിധാനം ചെയ്തത് കമല്‍ സാറായിരുന്നു. സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ‘പരിമളം’ എന്നായിരുന്നു. അതോടെ ഞാന്‍ പരിമളമായിത്തീര്‍ന്നു.
തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസിയായിട്ടാണ് എന്റെ കഥാപാത്രം സിനിമയില്‍ വന്നത്. അവര്‍ എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ വല്ലാതെ മുഷിഞ്ഞതായി എനിക്ക് തന്നെ തോന്നി. ഞാനിപ്പോഴും കൃത്യമായി അതോര്‍ക്കുന്നു. എന്നാല്‍ സിനിമ കഴിഞ്ഞിട്ടും എന്നെയാരും തിരിച്ചറിഞ്ഞില്ല.
ആരും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ല എന്ന് എനിക്ക് അപ്പോഴേ മനസിലായിരുന്നു. എന്തായാലും ഞാന്‍ ആ കഥാപാത്രം ചെയ്തു. എന്നാലിപ്പോള്‍ എനിക്കറിയാം ഇതിലും മികച്ചൊരു അരങ്ങേറ്റം എനിക്ക് ലഭിക്കില്ലായിരുന്നുവെന്ന്. ഒരുപാട് വിജയങ്ങള്‍, നിരവധി പരാജയങ്ങള്‍, തിരിച്ചടികള്‍, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്നാണ് ഇന്നത്തെ ഞാന്‍ രൂപപ്പെട്ടത്. ഇപ്പോഴും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചിലതൊക്കെ തിരുത്തുകയും ചെയ്യുന്നുണ്ട്.
ഈ നിമിഷം തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് എല്ലാവരോടും ‘നന്ദി’ മാത്രമാണ് പറയാനുള്ളത്. ഒരു പുതുമുഖമെന്ന നിലയില്‍ എന്നിലുണ്ടായിരുന്ന അതേ ഭയത്തോടെയാണ് ഞാന്‍ ഈ യാത്ര തുടരുന്നത്. അതുപോലെ ജിഷ്ണു ചേട്ടാ, നിങ്ങളെ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നു,’ ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2002ലായിരുന്നു കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമ റിലീസ് ചെയ്തത്. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിലായിരുന്നു സിനിമയൊരുക്കിയത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ‘കാത്തുകാത്തൊരു മഴയത്ത്’ എന്ന ഗാനത്തിന്റെ വീഡിയോയും ചേര്‍ത്താണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.
content highlight: bhavana share her memories in first cinema nammal