തനിക്കെതിരെ അതിക്രമമുണ്ടായ ശേഷം സമൂഹത്തില്‍ നിന്നും ഇന്‍സസ്ട്രിയില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനെ കുറിച്ച് ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ നടി ഭാവന തുറന്നു പറഞ്ഞിരിക്കുകയാണ്.
ഇന്ന് നടന്ന മറ്റൊരു സംഭവം നോക്കുകയാണെങ്കില്‍, തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത കോളേജ് അധ്യാപിക ബസില്‍ വെച്ച് അബ്യൂസ് ചെയ്യപ്പെടുന്നു. തന്നോട് അബ്യൂസീവായ രീതിയില്‍ പെരുമാറിയ ആളോട് പ്രതികരിച്ച ആ സ്ത്രീക്ക് ബസിലെ കണ്ടക്ടറുടെയോ യാത്രക്കാരുടെയോ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ല.
എന്തുകൊണ്ടാണ് ഒരു സ്ത്രീക്കെതിരെ ലൈംഗികാതിക്രമം ഉണ്ടാവുമ്പോള്‍ ഭൂരിപക്ഷം ആളുകളും അവരെ പിന്തുണക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ ?
ലൈംഗികാതിക്രമം നേരിട്ട ഒരു സ്ത്രീക്കൊപ്പം നില്‍ക്കുകയെന്ന മാനുഷികപരിഗണന നിഷേധിക്കുന്ന ധാരാളം സംഭവങ്ങള്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുണ്ട്. ദല്‍ഹി കൂട്ടബലാത്സംഗ കേസ് മുതല്‍ നടി ആക്രമിക്കപ്പെട്ട കേസിലും, ജിഷ കൊല്ലപ്പെട്ടപ്പോഴും, ഈയടുത്ത് ഇങ്ക് ഫെക്ടഡ് ടാറ്റൂ പാര്‍ലര്‍ ഉടമക്കെതിരെ വന്ന മീ ടുകളിലും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ റിപ്പോര്‍ട്ട് ചെയ്ത പീഡനക്കേസിലും സര്‍വൈവര്‍ക്കൊപ്പം നില്‍ക്കുകയെന്ന അടിസ്ഥാന മര്യാദ പലരും പാലിക്കാതെ പോയിട്ടുണ്ട്.
ഭാവനയുടെ വാക്കുകള്‍ തന്നെ വാക്കുകള്‍ കേട്ടാല്‍ അതിക്രമത്തെ അതിജീവിച്ചും അതിനെതിരെ പ്രതികരിച്ചും മുന്നോട്ടു വരുന്ന സ്ത്രീകളോട് എങ്ങനെയാണ് ഈ സമൂഹം പെരുമാറുന്നതെന്ന് വ്യക്തമാകും.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളും താനുണ്ടാക്കിയ നാടകമാണെന്നും കള്ളക്കേസാണെന്നുമുള്ള അപവാദങ്ങളും വരെ തനിക്കെതിരെയുണ്ടാതായാണ് ഭാവന പറഞ്ഞത്. കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നുമാണ് അവര്‍ വെളിപ്പെടുത്തുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലായാലും ഇപ്പോള്‍ ബസില്‍ വെച്ച് അധ്യാപികക്കെതിരെ നടന്ന അക്രമമയാലും സൊസൈറ്റി അതിനോട് പ്രതികരിക്കുന്ന രീതിയില്‍ ചില സാമ്യങ്ങള്‍ കാണാന്‍ കഴിയും.
ഇന്നുണ്ടായ ബസിലെ സംഭവം തന്നെയെടുക്കാം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സൊസൈറ്റിയില്‍ വളരെ നോര്‍മലായി നടക്കുന്ന ഒരു കാര്യം മാത്രമായി ആളുകള്‍ കരുതുന്നുവെന്നതാണ് ഇതിലെ പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. റേപ്പ് ചെയ്യപ്പെട്ട് കൊലപ്പെട്ടാല്‍ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു എന്നൊരു നിലപാടാണ് പലപ്പോഴും പൊതുസമൂഹം സ്വീകരിക്കാറുള്ളത്. അവിടെയും തിടുക്കം വിക്ടിം ബ്ലേമിങ്ങ് നടത്താനായിരിക്കും.
കയറിപ്പിടിക്കുന്നതും, ലൈംഗികാധിക്ഷേപം നിറഞ്ഞ കമന്റ് അടിക്കുന്നതും, സ്‌റ്റോക്കിങ്ങും, തോണ്ടലുമൊന്നും അങ്ങനെ റിയാക്ട് ചെയ്യേണ്ട സംഭവങ്ങളേയല്ലെന്ന ഒരു ബോധമാണ് പൊതുവെ കാണാറുള്ളത്. ഇപ്പോള്‍ കെ.എസ്. ആര്‍.ടി.സി ബസില്‍ അക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം ആരും നില്‍ക്കാത്തതും ഈ ബോധമുള്ളിലുള്ളത് കൊണ്ട് തന്നെയാണ്.
ഇത്തരം ധാരണകള്‍ ഒരു ക്രിമിനല്‍ കുറ്റത്തെ എളുപ്പത്തില്‍ നിസാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. ബസിലൊക്കൊ പോവുമ്പോള്‍ ഇങ്ങനെയുണ്ടാവുന്നത് സാധാരണമാണെന്നും എത്രയോ സ്ത്രീകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നു എന്നും പറഞ്ഞ് സിമ്പിളായി കാണേണ്ട ഒന്നല്ല സെക്ഷ്വല്‍ അബ്യൂസ്.
ബസിലെയും ട്രെയിനിലെയും ആണുങ്ങളുടെ ഇത്തരം തോണ്ടലുകള്‍ക്കും വൃത്തിക്കേടുകള്‍ക്കും സഹിച്ച് നിന്നു കൊടുക്കേണ്ട ഒരാവശ്യവും സ്ത്രീകള്‍ക്കില്ല. അവര് പ്രതികരിക്കുക തന്നെ ചെയ്യും. പ്രതികരിച്ച ആ സ്ത്രീയെ ഏറ്റവും വിഷമിപ്പിച്ചത് ബസില്‍ കൂടെ യാത്ര ചെയ്തവരോ കണ്ടക്ടറോ എന്താ പ്രശ്‌നമെന്ന് അന്വേഷിക്കുകയോ , ആ അബ്യൂസര്‍ക്കെതിരെ ഒന്നും സംസാരിക്കുകയോ ചെയ്തില്ല എന്നതാണ്.
‘ഇത്രയും പേര്‍ ബസിലുണ്ട്. ഇവരുടെയൊക്കെ സമയം മെനക്കെടുത്തിക്കുന്നത് എന്തിനാണ്. ഞങ്ങളൊക്കെ എത്ര ക്ഷീണിച്ചാണ് ഇരിക്കുന്നതെന്ന് അറിയാമോ’ എന്നൊക്കെ പറഞ്ഞ് ആ സ്ത്രീ പ്രതികരിച്ചതാണ് കുറ്റം എന്ന തരത്തിലാണ് കണ്ടക്ടര്‍ പെരുമാറിയത്.
ബസ് കൃത്യമായി ഓടുന്നതോ, യാത്രക്കാരുടെ ക്ഷീണമോ ഒന്നുമല്ല ഇവിടെ വിഷയം. ആ സ്ത്രീ നേരിട്ട അബ്യൂസ് അത്ര വലിയ കാര്യമൊന്നുമല്ലെന്നും അതിനു വേണ്ടി സമയം കളയേണ്ട എന്ന ചിന്തയുമാണ് ഇതിന് പിന്നില്‍. ബസില്‍ ഇത്തരക്കാര്‍ സാധാരണമാണെന്ന ചിന്തയില്‍ സെക്ഷ്വല്‍ അബ്യൂസ് എന്ന ക്രിമിനല്‍ കുറ്റത്തെയും അത് ചെയ്യുന്ന അബ്യൂസേര്‍സിനെയും സപ്പോര്‍ട്ട് ചെയ്യുകയാണ് കണ്ടക്ടറും.
കണ്ടക്ടര്‍ ആ സ്ത്രീക്കൊപ്പം നില്‍ക്കുകയെന്ന ഉത്തരവാദിത്തം ചെയ്യുന്നതിന് പകരം ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചത്. അത്തരത്തില്‍ ഒത്തുതീര്‍പ്പാക്കി വിട്ടുകളയേണ്ട ഒരു വിഷയമല്ല ഇത്. കൃത്യമായി അഡ്രസ് ചെയ്യപ്പെടേണ്ട, വേണ്ട നിയമ നടപടികള്‍ സ്വീകരിക്കേണ്ട ഗുരുതര കുറ്റകൃത്യം തന്നെയാണിത്.
ആ ബസില്‍ കൂടെ യാത്ര ചെയ്തിരുന്ന ഏതൊക്കെയോ ഏജ് ഗ്രൂപ്പിലുള്ള ഏതൊക്കെയോ സ്ഥലങ്ങളിലുള്ള ഒരാള്‍ക്കു പോലും ആ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നിയിട്ടില്ല എങ്കില്‍ അതില്‍ ഗുരുതരമായ പ്രശ്‌നമുണ്ട്. നിസാരമെന്ന് കരുതി കണ്ണും പൂട്ടി ഉറങ്ങാന്‍ അവര്‍ തയ്യാറായെങ്കില്‍ അതിലെ ഭീകരത എത്രത്തോളമായിരിക്കും.
പലരും വിചാരിച്ച് വെച്ചിരിക്കുന്നത് ലെെംഗിക അവയവം വെച്ച് ചെയ്യുന്നത് മാത്രമാണ് ലൈംഗികാതിക്രമം എന്നാണ്. എന്നാല്‍ അങ്ങനെ അല്ല ഈ തോണ്ടലും ലൈംഗിക ചുവയുള്ള നോട്ടങ്ങളും വര്‍ത്താനങ്ങളുമൊക്കെ അതില്‍ പെടും. അതൊരു ചെറിയ കാര്യല്ലേ വേറൊന്നും ചെയ്തില്ലല്ലോ എന്നൊക്കെ പറയാന്‍ തോന്നുന്നത് ബസും ട്രെയിനും തുടങ്ങി സര്‍വ്വ പൊതുവിടങ്ങളും സ്ത്രീകള്‍ അബ്യൂസ് ചെയ്യപെടാനുള്ള സ്‌പേസ് ആണെന്ന് വിചാരിച്ചിരിക്കുന്നതുകൊണ്ടാണ്.
അതായത് ഒരു സ്ത്രീയെ റേപ്പ് ചെയ്താല്‍ മാത്രം പ്രതികരിച്ചാല്‍ മതിയെന്നാണ് ഇവര് കരുതുന്ന മനുഷ്യത്വം. നിങ്ങളെ ഞെട്ടിക്കുന്ന, പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്ന ഈ ലൈംഗിക പീഡനം എന്നത് പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല. കയറിപ്പിടിക്കലിന്റെയും കമന്റടികളുടെയും തുടര്‍ച്ചയാണത്.
അയാള്‍ മാപ്പ് പറഞ്ഞില്ലേ പിന്നെ നിങ്ങള് എന്തിനാ ഇഷ്യൂ ആക്കുന്നേ എന്ന് ആ സ്ത്രീയോട് പറയുന്നതിലെ തെറ്റ് അഡ്രസ് ചെയ്യേണ്ടതുണ്ട്. മാപ്പ് പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല സെക്ഷ്വല്‍ അബ്യൂസ്.
ആ സ്ത്രീയെ പിന്തുണക്കണോ വേണ്ടയോ എന്നത് ചോയ്‌സ് ഒന്നുമല്ല. അത് നിര്‍ബന്ധമായും ഒരു സ്ത്രീ അബ്യൂസ് ചെയ്യപ്പെടുമ്പോള്‍ കാണിക്കേണ്ട മര്യാദയാണ്. മാനുഷിക പരിഗണനയാണ്.
ഭാവനയെ പിന്തുണയ്ക്കാന്‍ തയ്യാറായി ഒരുപാട് പേര്‍ മുന്നോട്ടുവരുന്നുണ്ട് എന്നുള്ളത് പ്രതീക്ഷാവഹം തന്നെയാണ്. അതിനൊപ്പം തന്നെ, നമ്മുടെ ചുറ്റുപാടിലുള്ള ഒരു സ്ത്രീ ഏതെങ്കിലും രീതിയിലുള്ള അബ്യൂസ് നേരിടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കൂടി നമ്മള്‍ കാണിക്കേണ്ടതുണ്ട്.
Content Highlight: Actress Bhavana opens up about the assault and journey to be a Survivor