| Sunday, 6th March 2022, 3:30 pm

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാളത്തിലേക്ക്: തിരിച്ചുവരവ് ആഷിഖ് അബു ചിത്രത്തിലൂടെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.

സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളില്‍ ഭാവന കടന്നവരാറുണ്ടായിരുന്നെന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു.

‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു, അത് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

പലരും ഭാവനയോട് മലയാള സിനിമയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ മാനസിക സമ്മര്‍ദമാണ് താരത്തെ പിന്നോട്ട് വലിച്ചതെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലേക്ക് ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് ഭാവന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

‘ആക്രമിക്കപ്പെട്ട സംഭവുമുണ്ടായതിന് മുമ്പ് തന്നെ മലയാളത്തില്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിച്ചിരുന്നു. ഒരുപാട് പേര്‍ തിരിച്ചുവരാന്‍ എന്നെ നിര്‍ബന്ധിച്ചു. പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങി നിരവധി പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞിരുന്നു.

പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്,’ ഭാവന അഭിമുഖത്തില്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട കേസില്‍ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നുണ്ട്.


Content Highlights: Bhavana returns to Malayalam after a gap of five years: returns with the film Aashiq Abu

We use cookies to give you the best possible experience. Learn more