സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഭാവന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച ഭാവന ആദ്യചിത്രമായ നമ്മളിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹയായി. എട്ട് വര്‍ഷം മുമ്പ് സഹപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട മോശം അനുഭവത്തിനെതിരെ ഭാവന പരാതിപ്പെട്ടിരുന്നു.
തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അന്ന് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്ന് പറയുകയാണ് ഭാവന. അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും ലോകത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ചിന്തയിലാണ് അന്ന് അങ്ങനെ ചെയ്തതെന്ന് ഭാവന പറഞ്ഞു. എന്നാല്‍ താന്‍ എന്തോ മഹത്തായ കാര്യമാണ് ചെയ്തതെന്ന ചിന്ത ഇല്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
പലര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ അവര്‍ മിണ്ടാതിരിക്കുന്നത് കേള്‍ക്കാറുണ്ടെന്നും അത് ഇല്ലാതാക്കാനാണ് പരാതിയുമായി മുന്നോട്ടുപോയതെന്നും ഭാവന പറയുന്നു. ഒരുപക്ഷേ ഒരുപാട് കാലത്തിന് ശേഷം താന്‍ ഈ പരാതി പറയുമ്പോള്‍ എന്തുകൊണ്ട് അന്നേ പറഞ്ഞില്ല എന്ന് പലരും ചോദിക്കാന്‍ സാധ്യതയുണ്ടെന്നും അത് ഇല്ലാതാക്കാന്‍ കൂടിയാണ് അങ്ങനെ ചെയ്തതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
അന്നത്തെ മൊമന്റില്‍ മാറിനില്‍ക്കണമെന്ന് തോന്നാതെ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്ന് തോന്നിയെന്നും ഭാവന പറഞ്ഞു. നമുക്ക് ശരിയെന്ന് തോന്നുന്നത് ആ സമയത്ത് ചെയ്യണമെന്ന മാനസികാവസ്ഥയായിരുന്നു ആ സമയത്തെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.
‘ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ കാര്യമല്ല. എന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാണ് അന്ന് പരാതിയുമായി മുന്നോട്ടുപോയത്. ഇപ്പോള്‍ പോലും എന്തോ വലിയൊരു കാര്യം ചെയ്തു എന്ന ചിന്തയൊന്നും എനിക്കില്ല. നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാനോ പറയാനോ എന്തിന് മടിക്കണം എന്ന് മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ.
ആ ഒരു ചിന്ത എല്ലാവര്‍ക്കുമുണ്ടെങ്കില്‍ നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. ‘ഞാന്‍ ഇത് പറഞ്ഞാല്‍ എന്താകും’ എന്നൊക്കെ ആലോചിച്ച് മിണ്ടാതിരുന്നാലാണ് പ്രശ്‌നം. എന്റെ കാര്യം തന്നെ നോക്കിയാല്‍, ഞാന്‍ ഇക്കാര്യം ആരോടും പറയാതെ ഇരുന്ന് ഭാവിയില്‍ വെളിപ്പെടുത്തുമ്പോള്‍ ‘എന്തുകൊണ്ട് അന്ന് പറഞ്ഞില്ല’ എന്ന ചോദ്യം വരും. അന്ന് മാറിനില്‍ക്കാതെ പരാതിയുമായി മുന്നോട്ടുപോകാന്‍ ആ മൊമന്റില്‍ തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്,’ ഭാവന പറഞ്ഞു.
Content Highlight: Bhavana explains why she complainted about the assault