മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് നിങ്ങള്‍ എന്നതില്‍ തര്‍ക്കമില്ല, എന്തൊരു തിരിച്ചുവരവാണിത്; നവ്യയെ അഭിനന്ദിച്ച് ഭാവന
Entertainment news
മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് നിങ്ങള്‍ എന്നതില്‍ തര്‍ക്കമില്ല, എന്തൊരു തിരിച്ചുവരവാണിത്; നവ്യയെ അഭിനന്ദിച്ച് ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd March 2022, 1:22 pm

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നവ്യ നായരെ നായികയാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരുത്തീ’. നവ്യ നായരും വിനായകനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Navya Nair (@navyanair143)

മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. സിനിമയിലെ നവ്യ നായരുടെ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ച് ഇതിനോടകം തന്നെ പല താരങ്ങളും രംഗത്തെത്തിയിരുന്നു.

കുടുംബ പശ്ചാത്തലത്തില്‍ അതിജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. നവ്യയുടെ അഭിനയത്തെയും ചിത്രത്തിന്റെ മേക്കിങ്ങിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഭാവന. യഥാര്‍ത്ഥ ജീവിതത്തിലെ അതിജീവിതയുടെ അഭിനന്ദനങ്ങള്‍ കൂടിയാവുമ്പോള്‍ അതിന് പ്രത്യേകതകളേറെയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഭാവന ഒരുത്തീയെ കുറിച്ച് സംസാരിക്കുന്നത്.

‘കഴിഞ്ഞ ദിവസമാണ് ഞാന്‍ ഒരുത്തീ കണ്ടത്. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, സിനിമ വളരെ ത്രില്ലിങ് ആയതുകൊണ്ട് ഞാന്‍ സീറ്റിന്റെ അറ്റത്തിരുന്നാണ് കണ്ടത്. നവ്യ, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിങ്ങളെ സ്‌ക്രീനില്‍ കാണുന്നത്. വാവ് എന്തൊരു തിരിച്ചുവരവാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്. മലയാളത്തിലുള്ളതില്‍ വെച്ച് ഒരു ഫൈനസ്റ്റ് ആക്ടറാണ് നിങ്ങള്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. രാധാമണിയെ അതിഗംഭീരമാക്കാന്‍ നിങ്ങള്‍ക്കായി. വിനായകന്‍, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെയും അഭിനയവും വളരെ മികച്ചതായിരുന്നു,’ ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഭാവന പങ്കുവെച്ച കുറിപ്പ് നവ്യ നായര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘താങ്ക്യൂ ഭവി (ഭാവന) ഞാന്‍ നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു,’ എന്ന തലക്കെട്ടോടെയാണ് നവ്യ കുറിപ്പ് പങ്കുവെച്ചത്.

രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ ഒരുത്തീയിലെത്തുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.

Content Highlights: Bhavana appreciates Navya Nair in her Oruthee movie acting