| Friday, 11th March 2022, 9:18 pm

പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു; പി.ടി. തോമസ് നല്‍കിയ പിന്തുണയെ പറ്റി ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്തരിച്ച എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി. തോമസ് തനിക്ക് നല്‍കിയ പിന്തുണ ഓര്‍ത്തെടുത്ത് ഭാവന. തനിക്കെതിരെ നടന്ന ആക്രമണം ആദ്യം പുറംലോകത്തെ അറിയിച്ചവിരില്‍ ഒരാള്‍ പി.ടി. ആയിരുന്നെന്നും അദ്ദേഹം തനിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും ഭാവന പറഞ്ഞു.

ന്യൂസ് മിനിട്ടിനായി ധന്യ രാജേന്ദ്രന്‍ നടത്തിയ അഭിമുഖത്തിലാണ് ഭാവന പി.ടി. തോമസിനെ പറ്റി പറഞ്ഞത്.

‘ഏറെ നന്ദിയോടെ ഓര്‍ക്കുന്നത് അന്തരിച്ച മുന്‍ എം.എല്‍.എ പി. ടി. തോമസിനെയാണ്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സത്യം വിജയിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുകൊണ്ടിരുന്നു,’ ഭാവന പറഞ്ഞു.

തനിക്ക് പിന്തുണ നല്‍കിയ സ്ത്രീ സുഹൃത്തുക്കളേയും ഡബ്ല്യൂ.സി.സിയെ പറ്റിയും അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

‘ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്ന എന്നിവരോട് ഞാന്‍ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവരെപ്പോലെ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നല്‍കിയ ഒരാളാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതുപോലെ അവര്‍ എനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു.

പിന്നെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്നോടൊപ്പം നിന്നു. എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിനാല്‍ ഈ സ്ത്രീകളില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടത് വേദനിപ്പിക്കുന്നു. ഞാന്‍ തോല്‍ക്കാതിരിക്കാനാണ് അവരെല്ലാവരും ശ്രമിക്കുന്നത്.

അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവര്‍ത്തകരെല്ലാം എനിക്കൊപ്പം നിന്നവരാണ്.

എന്റെ അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ള, ആസിഫ് അലി, കുഞ്ചാക്കോ, ടൊവിനോ, സുപ്രിയ പൃഥ്വിരാജ്, ലിസ്സി പ്രിയദര്‍ശന്‍ എന്നിവരെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ എന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്,’ ഭാവന കൂട്ടിച്ചേര്‍ത്തു.


Content Highlight: bhavana about the support given by pt Thomas

We use cookies to give you the best possible experience. Learn more