കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് ഭാവന. ചുരുങ്ങിയ കാലത്തിനുള്ളില്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഭാവന തന്റെ സാന്നിധ്യമറിയിച്ചു. ആദ്യ സിനിമയിലെ പെര്‍ഫോമന്‍സ് കേരള സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും ഭാവന സ്വന്തമാക്കി.
ഭാവനയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലന്നായിരുന്നു 2009ല്‍ പുറത്തിറങ്ങിയ വിന്ററിലെ ശ്യാമ. മലയാളത്തില്‍ കാലം തെറ്റിയിറങ്ങിയ സിനിമകളുടെ പട്ടികയില്‍ പലരും ഉള്‍പ്പെടുത്തുന്ന സിനിമകളിലൊന്നാണ് വിന്റര്‍. അതുവരെ കണ്ടുശീലിച്ച ഹൊറര്‍ സിനിമകളുടെ ശൈലി പൊളിച്ചെഴുതിയ സിനിമയായിരുന്നു ഇത്. റിലീസ് ചെയ്ത സമയത്ത് പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.
വിന്ററിലെ തന്റെ കഥാപാത്രം അന്നത്തെകാലത്ത് എടുത്താല്‍ പൊങ്ങാത്തതാണെന്ന് പലരും പറഞ്ഞെന്ന് പറയുകയാണ് ഭാവന. അന്നത്തെ പ്രായത്തില്‍ രണ്ട് കുട്ടികളുടെ അമ്മ എന്ന കഥാപാത്രം തന്നെ സംബന്ധിച്ച് വലിയ ടാസ്‌കായിരുന്നുവെന്ന് ഭാവന പറഞ്ഞു. അന്ന് സിനിമ പരാജയമായെങ്കിലും ഇന്ന് പലരും ആ സിനിമയെപ്പറ്റി സംസാരിക്കുകയും ആ സിനിമയുമായി ബന്ധപ്പെട്ട വീഡിയോകളില്‍ തന്നെ ടാഗ് ചെയ്യാറുണ്ടെന്നും ഭാവന പറഞ്ഞു.
‘വിന്റര്‍ സിനിമ റിലീസ് ചെയ്ത സമയത്ത് പ്രതീക്ഷിച്ച വിജയം നേടിയല്ലായിരുന്നു. ഇപ്പോള്‍ പലരും പറയുന്നത് കാലം തെറ്റിയിറങ്ങിയ സിനിമയാണ് അതെന്ന്. അത് ശരിയാണ്, അന്നത്തെ കാലത്ത് ഇങ്ങനെയൊരു സിനിമ ആരും പ്രതീക്ഷിക്കാറില്ലല്ലോ. അതിലെ എന്റെ കഥാപാത്രം അതുവരെ ഞാന്‍ ചെയ്തതില്‍ നിന്ന് വളരെ ഡിഫറന്റായിട്ടുള്ള ഒന്നായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്.
എന്നെക്കൊണ്ട് എടുത്താല്‍ പൊങ്ങാത്ത ക്യാരക്ടറാണെന്ന് പലരും അന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് ആ റോള്‍ ചാലഞ്ചിങ്ങായിരുന്നു. ഷൂട്ട് തീര്‍ന്ന് കുറച്ച് കാലം കഴിഞ്ഞിട്ടാണ് ആ സിനിമ റിലീസായത്. ആളുകള്‍ ആ സിനിമ അന്ന് ഏറ്റെടുത്തില്ല. ഇപ്പോഴാണ് വിന്ററിനെപ്പറ്റി എല്ലാവരും സംസാരിക്കുന്നത്. ആ സിനിമയുമായി ബന്ധപ്പെട്ട വീഡിയോയിലൊക്കെ എന്നെ കുറേപേര്‍ ടാഗ് ചെയ്യാറുണ്ട്. കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പറയാന്‍ പറ്റുന്ന സിനിമയാണ് വിന്റര്‍,’ ഭാവന പറഞ്ഞു.
Content Highlight: Bhavana about her character in Winter movie