Film News
ഭാഗ്യലക്ഷ്മി അമ്മയെ പോലെ, എനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 11, 06:15 pm
Friday, 11th March 2022, 11:45 pm

അവസാനിച്ചു എന്ന് ഏകദേശം എല്ലാവരും വിധിയെഴുതിയ കേസായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോട് കൂടി കേസിന് വീണ്ടും പുതുജീവന്‍ ലഭിക്കുകയായിരുന്നു. അതിന് ശേഷം അതിജീവിത തന്നെ ആദ്യമായി തന്റെ യാത്രയെ പറ്റി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒടുവില്‍ താന്‍ ഇരയല്ല അതിജീവിത തന്നെയാണെന്ന് വിളിച്ചു പറഞ്ഞ് ബര്‍ഖ ദത്തിന്റെ മോജോ സ്‌റ്റോറിയിലൂടെ ഭാവന പുറത്തേക്ക് വന്നു. ആ യാത്രയില്‍ തന്റെയൊപ്പം നിന്ന സ്ത്രീകളെ കുറിച്ച് പറയുകയാണ് ഭാവന. ന്യൂസ് മിനിട്ടിനായി ധന്യ രാജേന്ദ്രന്‍ നടത്തിയ അഭിമുഖത്തിലാണ് തന്നെ പിന്തുണച്ചവരെ പറ്റിയും ഡബ്ല്യൂ.സി.സിയെ പറ്റിയും ഭാവന പറഞ്ഞത്.

‘ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്ന എന്നിവരോട് ഞാന്‍ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവരെപ്പോലെ എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എനിക്ക് നിരുപാധികമായ സ്‌നേഹവും പിന്തുണയും നല്‍കിയ ഒരാളാണ്. ഒരു അമ്മയെ സഹോദരിയോ ചെയ്യുന്നതുപോലെ അവര്‍ എനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു.

പിന്നെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്നോടൊപ്പം നിന്നു. എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതിനാല്‍ ഈ സ്ത്രീകളില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടത് വേദനിപ്പിക്കുന്നു. ഞാന്‍ തോല്‍ക്കാതിരിക്കാനാണ് അവരെല്ലാവരും ശ്രമിക്കുന്നത്,’ ഭാവന പറഞ്ഞു.

‘അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവര്‍ത്തകരെല്ലാം എനിക്കൊപ്പം നിന്നവരാണ്.

എന്റെ അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ള, ആസിഫ് അലി, കുഞ്ചാക്കോ, ടൊവിനോ, സുപ്രിയ പൃഥ്വിരാജ്, ലിസ്സി പ്രിയദര്‍ശന്‍ എന്നിവരെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ എന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്,’ ഭാവന കൂട്ടിച്ചേര്‍ത്തു.


Content Highlight: bhavana about bhagyalakshmi