| Sunday, 6th March 2022, 2:22 pm

ഞാന്‍ ഇരയല്ല അതിജീവിതയാണ്; ഞാനുണ്ടാക്കിയ നാടകമാണ് കേസെന്ന് പലരും പറഞ്ഞു, നീതി കിട്ടും വരെ പോരാട്ടം തുടരും: ഭാവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടി ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു.

പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.

അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നെന്നും ഭാവന പറഞ്ഞു.

‘സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ വളരെയധികം വേദനിപ്പിച്ചു. ഇന്‍സ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേര്‍ പിന്തുണയറിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു.

എന്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപവാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി,’ ഭാവന പറയുന്നു.

സംഭവത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഭാവന നന്ദി അറിയിക്കുകയും ചെയ്തു.

‘നിരവധി പേര്‍ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ്. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും. ഈ അഞ്ച് വര്‍ഷത്തോളമുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു.

ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,’ ഭാവന പറഞ്ഞു.

ഡബ്‌ള്യൂ.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളില്‍ അവസരം നിഷേധിക്കുകയും ചെയ്തൂവെന്ന് ഭാവന പറയുന്നു.

‘പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്

ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം, ഞാന്‍ മലയാളം ഒഴികെയുള്ള മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ തിരക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്,’ ഭാവന പറഞ്ഞു.

വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നും തന്റെ കുടുംബത്തിന്റേയും ജനങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞു.

‘വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകും. എന്റെ കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിന്റേതായാലും സുഹൃത്തുക്കളുടേതായാലും അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണ എനിക്കുണ്ട്. ട്രാവല്‍ ചെയ്യുന്ന സമയത്തൊക്കെ ആളുകള്‍ എന്നെ കെട്ടിപിടിക്കുകയും പിന്തുണയറിയിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എനിക്ക് നീതി കിട്ടാന്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്,’ ഭാവന പറഞ്ഞു.

താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ലെന്നും കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.


Content Highlights: Bhavana about actress attack case

We use cookies to give you the best possible experience. Learn more