ഭാസുരേന്ദ്രബാബു
കവിതയില്‍ നിന്നും വ്യത്യസ്തമായ ഒരു വ്യവഹാരതലത്തില്‍ ചിന്തയില്‍ വ്യത്യസ്തമായ ഒരു അഭിപ്രായം ഒരാള്‍ക്കുണ്ടെങ്കില്‍ കവിതയുടെ പ്രകാശനത്തെ നമുക്ക് തടയാനാവുമോ. ഒരു കവി, കവി മാത്രമല്ല. അദ്ദേഹത്തിന്റെ വ്യവഹാരങ്ങളില്‍ ഒന്നാണ് കവിത. രാഷ്ട്രീയവും ശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ അദ്ദേഹത്തിന്റെ വിവിധ വ്യവഹാര തലങ്ങളിലുണ്ടാവും. അവിടെയൊക്കെ അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവാം. കവിതാപ്രസാധനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയ ശേഷം കവിതയില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായം അദ്ദേഹത്തിനുണ്ടെന്ന് മനസിലാക്കിയപ്പോള്‍ കവിതാപ്രകാശനം തടയുമ്പോള്‍ എഡിറ്റര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് അവകാശമില്ലാത്ത നെറികേടാണ് കാണിക്കുന്നത്. അത് പത്രപ്രവര്‍ത്തനത്തിന് അപമാനം തന്നെയാണ്.
ടി.പി ചന്ദ്രശേഖരന്‍ വധത്തെ ന്യായീകരിക്കുന്ന ഒരാളും എവിടെയുമുണ്ടാവില്ല കേരളത്തില്‍. കേരളത്തിലല്ല, ലോകത്തെവിടെയുമുണ്ടാവില്ല. പക്ഷെ ആ നിര്‍ദാക്ഷിണ്യ വധത്തെ മുന്‍നിരത്തി നടത്തുന്ന രാഷ്ട്രീയമായ മാധ്യമവിചാരണയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാവാം. ആ ഭിന്നാഭിപ്രായത്തിന്‍മേലുള്ള അസഹിഷ്ണുതയാണ് ജയചന്ദ്രനെപ്പോലെ ഒരു മൂന്നാംകിട പത്രപ്രവര്‍ത്തകന്‍ കാണിച്ചിരിക്കുന്നത്. ഇത് ജയചന്ദ്രന്‍ നായര്‍ ആദ്യമായിട്ടല്ല ചെയ്യുന്നത്.
കെ. വേണുവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത്, അതും തുടരുന്നതായിരുന്നു, അതിന്റെ അടുത്ത ലക്കം നിര്‍ത്തിയെന്ന് വിളിച്ചു പറഞ്ഞയാളാണ് അദ്ദേഹമെന്നെനിക്കറിയാം. ആളുകളെ ഏതൊക്കെയോ ആവശ്യങ്ങളില്‍ ഉപയോഗിച്ച് മാറ്റുന്നതില്‍ വിരുതുള്ളയാളാണ് അദ്ദേഹം. കെ ബാലകൃഷ്ണനെപ്പോലെ വളരെ കരുത്തുള്ള ധീരരായ സ്വന്തം അഭിപ്രായം തുറന്നു പറയുകയും ചെയ്യുന്ന പറയാനുള്ള അവകാശം നിലനിര്‍ത്തുകയും ചെയ്യുന്ന ജനാധിപത്യ ബോധമുള്ള വലിയ പത്രാധിപന്‍മാരുടെ നെടുനായകത്വത്തിനിടയില്‍ പത്രധര്‍മ്മം മരിച്ചുപോയ ഒരു ജനാധിപത്യ വിരുദ്ധ കുള്ളനാണ് ജയചന്ദ്രന്‍ നായര്‍.
രാഷ്ട്രീയമായി രണ്ട് ചേരിയില്‍ നില്‍ക്കുന്ന രണ്ട് പത്രങ്ങളുടെ എഡിറ്റര്‍ഷിപ്പ് എം.എന്‍ വിജയന്‍ വഹിച്ചിരുന്നറിയാമല്ലോ. ആ സമയത്ത് എം.എന്‍ വിജയനോട് രാജിവെച്ചുപോകാന്‍ സി.പി.ഐ.എമ്മുകാര്‍ പറഞ്ഞിട്ടില്ല. രണ്ടിലുംകൂടെ ഒന്നിച്ചിരിക്കുന്നത് ശരിയാണോ മാഷേ എന്നു മാത്രമേ സി.പി.ഐ.എം ചോദിച്ചിട്ടുള്ളൂ, തുടര്‍ന്ന് രാജി വെക്കുകയായിരുന്നു. ആദ്യം രാജി സ്വീകരിക്കുക പോലും ചെയ്തില്ല. പിന്നീട് അത് സ്വീകരിക്കുകയായിരുന്നു. അസഹിഷ്ണുത തീരെയില്ലാത്ത പ്രസ്ഥാനമാണ് സി.പി.ഐ.എം. അതുപോലെ ഉമേഷ് ബാബുവിനെ സി.പി.ഐ.എം പുരോഗമന കലാസാഹിത്യ സംഘത്തില്‍ നിന്നും പുറത്താക്കിയത് കവിത എഴുതിയതിന്റെ പേരിലാണോ മറ്റേതെങ്കിലും പേരിലാണോ എന്നെനിക്കറിയില്ല.
മലയാളകവിത ഭാവുകത്വപരമായ നവീനതയിലൂടെ കടന്നു പോയ ഒരു കാലഘട്ടമുണ്ടായിരുന്നു. കടമ്മനിട്ടയുടെയും ചുള്ളിക്കാടിന്റെയും കാലത്ത് അവര്‍ ഭാവുകത്വപരമായി കവിതയെ നവീകരിച്ചു കൊണ്ടിരുന്നു. ഇന്ന് പലരും കവിതയെഴുതുന്നത് അത്തരത്തിലുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായിട്ടല്ല. ഇന്നത് രാഷ്ട്രീയമായ തലത്തില്‍ മാത്രം ഒതുങ്ങിപ്പോവുകയാണ്. ഭാവുകത്വപരമായി നവീകരണം ഇല്ലാത്ത ഇന്നത്തെ കവിതയെ അങ്ങനെ പറയാന്‍ പാടുണ്ടോ എന്നെനിക്ക് തോന്നാറുണ്ട്.