| Thursday, 28th May 2015, 12:17 pm

സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ ഭാസുരേന്ദ്ര ബാബു കോടതിയില്‍ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൃത്രിമരേഖയുണ്ടാക്കി 98 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്ര ബാബു കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി. കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. തനിക്കു പറയാനുള്ളതു നേരത്തെ പറഞ്ഞതാണെന്നും നിയമനടപടികള്‍ നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ ഭാസുരേന്ദ്ര ബാബുവിനെതിരെ കോഴിക്കോട് വിജിലന്‍സ് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കോടതിയില്‍ കീഴടങ്ങിയത്.

കണ്ണൂര്‍ ശിവപുരം വില്ലേജില്‍പ്പെട്ട ചിത്രവട്ടത്ത് റീസര്‍വ്വേ നമ്പര്‍ 12ല്‍പ്പെട്ട ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നേരത്തെ പാട്ടത്തിനു നല്‍കിയിരുന്ന സര്‍ക്കാര്‍ ഭൂമി ഭാസുരേന്ദ്ര ബാബുവിന്റെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിക്കാന്‍ വ്യാജരേഖയുണ്ടാക്കി എന്നാണ് കേസ്.

റീസര്‍വ്വേ പ്രകാരം മിച്ചഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെ അഭിഭാഷകന്റെ സഹായത്തോടെ ഭൂമി സ്വന്തമാക്കിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം നേരത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്നു. കേസില്‍ ഭാസുരേന്ദ്രബാബു ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നേരത്തെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ലാന്‍ഡ് ട്രൈബ്യൂണല്‍ ഡെപ്യൂട്ടി കലക്ടര്‍ സുലോചന, മുന്‍ ശിവപുരം വില്ലേജ് ഓഫിസര്‍ എന്‍. ശ്രീധരന്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ എ.ഇ. മാധവന്‍ നമ്പൂതിരി, അഭിഭാഷകനായ കാഞ്ഞങ്ങാട് ബളാല്‍ സ്വദേശി അഡ്വ. പാലക്കുടിയില്‍ ബെന്നി എബ്രഹാം, മട്ടന്നൂരിലെ ആധാരം എഴുത്തുകാരന്‍ ശ്രീധരന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

2007 നവംബര്‍ 14ന് കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more