| Sunday, 27th November 2016, 8:04 pm

മാവോവാദികളെ ഇല്ലായ്മ ചെയ്തതില്‍ കരുണാകരന് അഭിമാനിക്കാനൊന്നുമില്ല, ചരിത്രം പഠിച്ചാല്‍ കെ. മുരളീധരനത് മനസിലാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇക്കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ അദ്ദേഹത്തിന്റെ അച്ഛനെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞത് നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിയന്തരാവസ്ഥക്കാലത്ത് തകര്‍ത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ അച്ഛനാണെന്നാണ്. കേരളത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് അല്ലെങ്കില്‍ നക്‌സലെറ്റ് ചരിത്രത്തെ സംബന്ധിച്ച് വളരെ ഗൗരവകരമായ വിവരമില്ലായ്മയാണ് ഇതിലൂടെ കെ. മുരളീധരന്‍ പ്രകാശിപ്പിച്ചത്.


നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച ആളാണ് കെ. കരുണാകരന്‍ എന്നുള്ള ഒരു മിത്ത് ഇപ്പോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ തന്നെ തലങ്ങും വിലങ്ങും സ്ഥാനത്തും അസ്ഥാനത്തും എല്ലാം ഇതുപയോഗിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ അദ്ദേഹത്തിന്റെ അച്ഛനെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞത് നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിയന്തരാവസ്ഥക്കാലത്ത് തകര്‍ത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ അച്ഛനാണെന്നാണ്. കേരളത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് അല്ലെങ്കില്‍ നക്‌സലെറ്റ് ചരിത്രത്തെ സംബന്ധിച്ച് വളരെ ഗൗരവകരമായ വിവരമില്ലായ്മയാണ് ഇതിലൂടെ കെ. മുരളീധരന്‍ പ്രകാശിപ്പിച്ചത്.

അടിയന്തരാവസ്ഥ ശരിക്കും ഇരുളടഞ്ഞ ഒരു കാലഘട്ടമായിരുന്നു. നക്‌സലെറ്റുകളുടെ  കാര്യത്തില്‍ മാത്രമല്ല ജനാധിപത്യവിശ്വാസികളുടെ കാര്യത്തിലും അതങ്ങനെ തന്നെയായിരുന്നു.

ആ ഇരുളടഞ്ഞ കാലത്ത് ഇവിടെ മന്ത്രിയായി പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ വിധിക്കപ്പെട്ടയാളായിരുന്നു കെ. കരുണാകരന്‍. നക്‌സലൈറ്റുകളെയടക്കം സര്‍ക്കാരിനെതിരെ വരുന്ന എല്ലാ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുന്ന പണിയായിരുന്നു പൊലീസിന്റേത്.  നക്‌സലൈറ്റ് വേട്ടയ്ക്കായി ഒരു പ്രത്യേക പോലീസ് സംവിധാനം ഏര്‍പ്പെടുത്തുകയും അതിന്റെ മേധാവിയായി ജയറാം പടിക്കല്‍ ഐ.പി.എസിനെ ചുമതലപ്പെടുത്തുകയും ചെയ്തത് കെ. കരുണാകരനാണ്.

അച്യുതമേനോനാണ് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ പോലും അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെയും പിന്നാമ്പുറത്ത് കൂടെയും  ജയറാം പടിക്കലും കെ. കരുണാകരനും സ്വകാര്യമായി കൈകോര്‍ത്താണ് നീങ്ങിയത്.  കരുണാകരന്‍ പറയുന്നതല്ലാതെ മുഖ്യമന്ത്രി പറയുന്നതുപോലും ജയറാം പടിക്കല്‍ കേള്‍ക്കുമായിരുന്നില്ല. അങ്ങനെ ഒരു സൂപ്പര്‍മുഖ്യമന്ത്രിയായി ജനാധിപത്യ മര്യാദകളെ ധ്വംസിച്ച് ജീവിച്ചയാളാണ് കെ. കരുണാകരന്‍.


Read more: നിലമ്പൂര്‍ ഏറ്റുമുട്ടല്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എഴുത്തുകാര്‍


ഇനി മുരളീധരന്റെ പ്രസ്താവന എടുക്കാം. മുരളീധരന്‍ പറയുന്നത് പോലെ നക്‌സലൈറ്റുകള്‍ അടിയന്തരവാസ്ഥകാലത്ത് അസ്തമിച്ചുപോയവരാണെങ്കില്‍ അദ്ദേഹം പറയുന്നത് നമുക്ക് അംഗീകരിക്കാമായിരുന്നു. പക്ഷെ നക്‌സലൈറ്റ് പ്രസ്ഥാനം അതിന്റെ ജനകീയ സാംസ്‌ക്കാരിക വേദിയിലൂടെ കേരളത്തില്‍ പടര്‍ന്ന് പന്തലിച്ച് വികസിച്ച് വന്നത് 1978 മുതല്‍ 80 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതിന് ചരിത്ര രേഖകളുണ്ട് എന്ന് മാത്രമല്ല മുരളീധരനും അത് മനസിലാകുന്ന കാര്യമാണ്.

നക്‌സലൈറ്റ് മൂവ്‌മെന്റ് ഇന്‍ കേരള എന്നതിനെ സംബന്ധിച്ച് എഴുതപ്പെട്ട പുസ്തകങ്ങളില്‍ വളരെ ഗൗരവകരമാംവണ്ണം ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാംസ്‌ക്കാരിക രീതിയുടെ കാര്യമൊക്കെ അതില്‍ പറയുന്നുണ്ട്.

കേരളത്തില്‍ ഏറ്റവും ജനകീയമായ നക്‌സലൈറ്റ് പ്രസ്ഥാനം ഉണ്ടായത് 1978 മുതല്‍ 80 വരെയുള്ള കാലഘട്ടത്തിലാണ്. അതായത് അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ആളുകള്‍ പുറത്തിറങ്ങിയതിന് ശേഷം. അവര്‍ ഒരു ആത്മപരിശോധനക്ക് ശേഷം ജനകീയമായി പ്രസ്ഥാനം കെട്ടിപ്പടുത്ത കാലഘട്ടത്തിലാണ് ഏറ്റവും ജനകീയ സ്വഭാവത്തോടുകൂടിയ കേരളത്തിലെ എല്ലാ വില്ലേജുകളിലും ഈ സംഘടനയുണ്ടായതും അതൊരു പ്രസ്ഥാനമായി മാറിയതും. കരുണാകാരന്‍ അധികാരത്തില്‍ നിന്ന് പോയതിന് പിന്നാലെ അടിയന്തരാവസ്ഥയ്ക്ക് ശേഷമാണത് സംഭവിച്ചത്.

അടിയന്തരാവസ്ഥ പിന്‍വലിച്ച സമയത്ത് ഏറ്റവും വലിയ ഹീറോകളായി പ്രകീര്‍ത്തിക്കപ്പെട്ടത് അന്നത്തെ നക്‌സലൈറ്റ് തടവുകാരായിരുന്നു. അങ്ങനെയുള്ളൊരു പൊതു അന്തരീക്ഷത്തിലാണ് ഈ മൂവ്‌മെന്റിന് ശക്തിലഭിച്ചത്. കരുണാകരനായിരുന്നു അത് അടിച്ചമര്‍ത്തിയിരുന്നതെങ്കില്‍ 78-80 കാലഘട്ടത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് വളരാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ ചരിത്രപരമായി ഒരു ധാരണയുമില്ലാത്ത പ്രസ്താവനയാണ് മുരളീധരന്‍ നടത്തിയത്.

ഇനി മറ്റൊന്ന്, സിദ്ധാര്‍ത്ഥ ശങ്കര്‍ റെയാണ് ബംഗാളില്‍ നക്‌സലൈറ്റുകളെ ഇല്ലായ്മ ചെയ്തതെന്ന് ഒരു ബംഗാള്‍ മിത്തുണ്ടായിരുന്നു. അതും ശരിയല്ല. ഇപ്പോളും നക്‌സലൈറ്റുകള്‍ അവിടെ സജീവമായിട്ടുണ്ട്. കാരണം കിഷന്‍ ജിയൊക്കെ കൊലചെയ്യപ്പെടുന്നത് മമതാബാനര്‍ജിയുടെ കൈകളിലാണ്.

മമതാ ബാനര്‍ജിയും ബംഗാളിലെ നക്‌സലൈറ്റുകളും തമ്മില്‍ കൈകോര്‍ത്തുപിടിച്ചിരുന്ന കാലഘട്ടമായിരുന്നു അന്ന്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ അത് നിലനിന്നിരുന്നു. അപ്പോള്‍ ആ അര്‍ത്ഥത്തില്‍ ഒരു നേതാവിനോ ഒരു മന്ത്രിക്കോ ഒന്നും അമര്‍ച്ച ചെയ്യാന്‍ കഴിയുന്നതല്ല പ്രസ്ഥാനമെന്നും അവ രൂപം കൊള്ളുന്നതിനും അസ്തമിക്കുന്നതിനും അതിന്റേതായ സാമൂഹ്യകാരണങ്ങള്‍ ഉണ്ടെന്നുമുള്ള ചരിത്രബോധം മുരളീധരനും കോണ്‍ഗ്രസുകാര്‍ക്കുമുണ്ടാകണം. അതാണ് അദ്ദേഹത്തിന് ഇല്ലാതെ പോയത്.

അടുത്തപേജില്‍ തുടരുന്നു

അടിയന്തരാവസ്ഥാ സമയത്ത് കരുണാകരന് നക്‌സലൈറ്റ് പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നാം പരിശോധിക്കുന്നത് പോലെയാണെങ്കില്‍ അദ്ദേഹത്തിന് അതിന്റെ പരിക്കേറ്റ് മുഖ്യമന്ത്രി സ്ഥാനം വരെ രാജിവെക്കേണ്ടിവന്നിരുന്നു.

ചിരകാലമായി സ്വപ്‌നം കണ്ടിരുന്ന മുഖ്യമന്ത്രി സ്ഥാനം കരുണാകരന് രാജിവേക്കേണ്ടി വന്നത് അദ്ദേഹം കോടതിയില്‍ കള്ളം പറഞ്ഞതുകൊണ്ടാണ്. രാജനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ രാജനെ അറിയുകയേ ഇല്ലെന്നായിരുന്നു അദ്ദേഹം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം. എന്നാല്‍ തന്റെ മകനെ കാണാതായിരിക്കുന്നു എന്ന് പറഞ്ഞ് വിശ്വനാഥമേനോന്‍ എന്ന എം.പിക്ക് ഈച്ചരവാര്യര്‍ കത്തെഴുതിയിരുന്നു. ആ കത്ത് എം.പി വിശ്വനാഥമേനോന്‍ കരുണാകരന് ഫോര്‍വേഡ് ചെയ്യുകയും കരുണാകരന്‍ രാജന്‍ എന്നൊരാളെ പിടിച്ചിട്ടേയില്ല എന്ന് പറഞ്ഞ് മറുപടിയയക്കുകയും ചെയ്തു.

രാജന്‍ എന്നൊരാളെ അറിയുകയേയില്ല എന്ന കള്ളം പറഞ്ഞതിന് അന്ന് തെളിവായി വന്നത് ഈ കത്തായിരുന്നു. അങ്ങനെ കോടതിയോട് കള്ളം പറയുന്നതുള്‍പ്പെടെ വളരെ ഹീനമായ പ്രവര്‍ത്തിയാണ് ആ കാലഘട്ടത്തില്‍ കരുണാകരന്‍ ചെയ്തത്.


Read more: ഫൈസല്‍വധം; ആര്‍.എസ്.എസ് നേതാക്കളടക്കം 8 പ്രതികള്‍ അറസ്റ്റില്‍


അങ്ങനെ ഒരു ഒരു മിത്ത് ഉത്പാദിച്ച് അദ്ദേഹം മരണത്തിലേക്ക് അസ്തമിക്കുകയാണ് ചെയ്തത്. അങ്ങനെ മരണത്തിലേക്ക് അസ്തമിച്ച ഒരാളെ റിസറക്ട്  ചെയ്യാന്‍ ശ്രമിക്കരുത്.

ശരിക്കും കാവ്യനീതിയുടെ കാര്യം പറയുകയാണെങ്കില്‍ സമാനമായ ഒരു സ്വഭാവത്തിലാണ് സിദ്ധാര്‍ത്ഥ ശങ്കര്‍റേയും തിരോഭവിച്ചത് എന്നുകൂടി നാം മനസിലാക്കണം. അപ്പോള്‍ അവകാശവാദങ്ങള്‍ കൊള്ളാം, പക്ഷേ നാം മനസിലാക്കേണ്ടത് അവകാശവാദങ്ങള്‍ ചരിത്രപരമായി പരിശോധിക്കുമ്പോള്‍ നിലനില്‍ക്കപ്പെട്ടതായിരിക്കണം എന്നതാണ്.

യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കെന്ന പോലെ ജനശത്രുക്കള്‍ക്കും അവരുടെ ചരിത്രമുണ്ട്. ജനത്തെ കുറിച്ചുള്ള ചരിത്രം പരിശോധിച്ച് മുരളീധരന്‍ ഒരു കാര്യം കൂടി മനസിലാക്കണം. അന്ന് അടിയന്തരാവസ്ഥ കാലത്ത് നക്‌സലൈറ്റ് വേട്ട നടത്തിയ ജയറാം പടിക്കലിന്റെ അന്ത്യം എങ്ങനെയായിരുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥ നിങ്ങളൊന്ന് പരിശോധിച്ചുനോക്കുക.

ഞാന്‍ നമ്മുടെ ശാസ്തമംഗലം ക്യാമ്പിലൊക്കെ കിടന്ന ആളാണ് .അന്ന് ഏറ്റവും വലിയ മര്‍ദ്ദക വീരരായ പേരെടുത്തവരുണ്ട്. അവരുടെ പേര് അങ്ങനെ പറയണമെന്നൊന്നും ഇല്ല. അത്ര പ്രശസ്തരൊന്നും അല്ല. ഏതായാലും അവരൊക്കെ ഏത് തരം ജീവിതാന്ത്യത്തിലേക്കാണ് സഞ്ചരിച്ചത് എന്ന കാര്യം കൂടി മുരളീധരന്‍ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചോ അച്ഛന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാവിരുദ്ധമായി രൂപംകൊണ്ട നക്‌സലൈറ്റ് വേട്ടയുടെ ശക്തികളെ കുറിച്ചോ അഭിമാനം കൊള്ളാന്‍ ഒന്നുമില്ല മുരളീധരാ എന്ന് പറയേണ്ടി വരും. അതാണ് ചരിത്രപരമായ വസ്തുത.

കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റ് ഭീഷണിയുടെ ഭാഗമായി രണ്ട് പേരെ വെടിവെച്ചുകൊന്നു. മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരപ്രകാരം അത് ഏറ്റുമുട്ടല്‍ മരണമായിരുന്നില്ല എന്നാണ് അറിയുന്നത്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ടും വെളിവാക്കുന്നത് അതാണെന്ന വാര്‍ത്തയാണ് പുറത്തേക്ക് വരുന്നത്.

ക്ലോസ് റെയ്ഞ്ചില്‍ നിന്ന് മെഷീന്‍ഗണ്‍ വെച്ച് വെടിവെച്ചുകൊല്ലുക, ശരിക്കും ഇതിനകത്ത് പങ്കെടുത്ത മലയാളികളായ പോലീസുകാരുമുണ്ട്. അവരും രാമചന്ദ്രന്‍നായരെ പോലെ അവരുടെ സുഹൃത്തുക്കളുടെ അടുത്ത് സത്യം പറയുമല്ലോ. അങ്ങനെ പ്രചരിച്ചു വരുന്ന ഒരു സത്യമുണ്ട്. അത് സത്യമാണോ കള്ളമാണോ എന്ന് നമുക്ക് ഇപ്പോള്‍ പറയാനാവില്ല.

ഏതായാലും വര്‍ഗീസിനെ കൊന്ന സമയത്ത് വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതല്ല ക്ലോസ് റെയ്ഞ്ചില്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ഒരു തെളിവുമില്ലാതെ ആളുകള്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് സത്യമായി മാറിയത്.

അതേപോലെ ഇപ്പോള്‍ ഒരു പോലീസുകാരന്‍ പറഞ്ഞ് പ്രചരിക്കുന്ന ഒരു കഥയുണ്ട്. ദേവരാജന്‍ സുഖമില്ലതെ കിടക്കുകയും ദേവരാജനെ ശുശ്രൂഷിക്കാന്‍ ആ ടെന്റില്‍ അജിത നില്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന്. ബാക്കിയാളുകള്‍ ദേവരാജനെ ഉപേക്ഷിച്ച് പോകുകയായിരുന്നത്രേ..

അങ്ങനെയാണെങ്കില്‍ സുഖമില്ലാതെ കിടന്ന ഒരാളെ വെടിവെച്ചുകൊന്നിട്ടാണ് പോലീസുകാര്‍ മേനി പറയുന്നത് എന്ന് നമുക്ക് വിശ്വസിക്കേണ്ടി വരും. ഏതായാലും ഇതൊക്കെ വൈകാതെ പുറത്തേക്ക് വരുമല്ലോ.

അതേസമയം ഇടതുപക്ഷ സര്‍ക്കാര്‍ ഇരിക്കുന്ന സമയത്ത് ഇത്തരമൊരു സംഭവം നടക്കുന്നത്  സര്‍ക്കാരിന്റെ തന്നെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്ന കാര്യമാണ് എന്ന യാഥാര്‍ത്ഥ്യവും നാം കാണണം. ഏതായാലും ഇതിനകത്തുള്ള ഒരു കാര്യം നാം മനസിലാക്കേണ്ടതായുണ്ട്. കേരളത്തില്‍ മാവോയിറ്റ് ഭീഷണി ഗൗരവകരമായി വരില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതിന് കാരണം കേരളത്തിന്റെ വികസിതമായ സാമൂഹിക ക്ഷേമ ജീവിതാവസ്ഥയും അതിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഭാവനാത്മകമായി വികസിച്ചിട്ടുള്ള ജനാധിപത്യ പരിസരവും കൊണ്ടാണ്.

ഈ ജനാധിപത്യ പരിസരത്തില്‍ തോക്കെടുത്ത് ഭരണകൂടങ്ങളെ വെടിവെച്ച് അട്ടിമറിക്കാം എന്ന് പ്രതീക്ഷിക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണം തുലോം തുലോം തുച്ഛമാണ്. കാരണം ബാലറ്റ് ശക്തമാകുന്നത് ഒരു യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയിലാണ്. ആ അര്‍ത്ഥത്തില്‍ വികസിച്ച ഒരു ജനാധിപത്യ വ്യവസ്ഥ കേരളത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് മാവോയിസ്റ്റുകള്‍ക്ക് ഇവിടെ ശക്തിപ്രാപിക്കാന്‍ കഴിയാത്തത്.

അല്ലാതെ ഏതെങ്കിലും പോലീസുകാരന്റെ അയാള്‍ എത്രയും ഉന്നതനായിക്കൊള്ളട്ടെ, അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യമുള്ള പ്രവര്‍ത്തനം കൊണ്ടോ ഒന്നും പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല ഇത്തരം സാമൂഹ്യപ്രശ്‌നങ്ങള്‍.


Read more: കാസ്‌ട്രോയെ ഏകാധിപതിയെന്ന് വിളിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിവിളി


Latest Stories

We use cookies to give you the best possible experience. Learn more