| Tuesday, 18th December 2012, 2:22 pm

മഅദനി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ തടവറയില്‍ നിന്ന് ജീവനോടെ പുറത്തേക്ക് പോരാമെന്ന പ്രതീക്ഷ ഇപ്പോഴെനിക്കില്ല. അനാരോഗ്യവും ജനാധിപത്യ ധ്വംസനവും മൂലം ഞാന്‍ ഇവിടെ കിടന്ന് മരിച്ചേക്കാം. എങ്കിലും എനിയ്ക്ക് പരിഭവമില്ല. ദൈവഹിതം അതായിരിക്കുമെന്ന് ഞാനാശ്വസിക്കും. എങ്കിലും എനിയ്ക്ക് ഒരാശങ്കയുണ്ട്, ജനവിരുദ്ധ തടവറയും അതിലേറെ ജനവിരുദ്ധമായ വിചാരണാ പ്രഹസനവും സത്യത്തെ മറികടന്ന് എന്നെ ശിക്ഷിക്കുക പോലും ചെയ്യാം. അപ്രകാരം ശിക്ഷിക്കപെട്ട് ഇവിടെ ഞാന്‍ ഒടുങ്ങുന്ന പക്ഷം ഒരു രാജ്യദ്രോഹിയെന്ന നിലയ്ക്ക് എന്നെ ചിത്രീകരിക്കുമല്ലോ എന്ന ആശങ്ക എനിയ്ക്കുണ്ട്. മാത്രമല്ല, ആ ചിത്രീകരണം കേരളത്തില്‍ എന്റെ സമുദായത്തിലെ എന്റെ കൂടപ്പിറപ്പുകളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഉപയോഗിക്കപ്പെടുമല്ലോ എന്ന ആശങ്കയും ഇപ്പോഴെനിക്കുണ്ട്


എസ്സേയ്‌സ് /ഭാസുരേന്ദ്രബാബു
കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി അബ്ദുള്‍ നാസര്‍ മഅദനി കഴിഞ്ഞത് 9 വര്‍ഷത്തിലധികമാണ്. അത് മഅദനിക്ക് വേണ്ടി കേസ് നടത്തിപ്പിനും അതുപോലെ രാഷ്ട്രീയ പിന്തുണ നല്‍കുന്നതിനും വളരെ വൈകിയാണ് ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത്തവണ അന്‍വാര്‍ശേരിയില്‍ നിന്ന് മഅദനിയെ അറസ്റ്റ് ചെയ്ത് കര്‍ണാടകയിലെ പോലീസ് അദ്ദേഹത്തെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചതിന് തൊട്ടുപിറകെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മഅദനിക്ക് നിയമപരവും രാഷ്ട്രീയ പരവുമായ പിന്തുണ പ്രഖ്യാപിക്കാനും വിഭവ സമാഹരണം നടത്തുന്നതിനും ഒരു സംഘടന രൂപം കൊണ്ടു.

കക്ഷി രാഷ്ട്രീയ പരിഗണനയ്ക്കപ്പുറം ജനാധിപത്യം പൗരാവകാശ കാഴ്ചപ്പാടുകളിലാരംഭിച്ച ആ സംഘടനയുടെ ഒരു സംഘാടകനാണ് ഞാന്‍. ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പലവുരു ഞാന്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ പോയിട്ടുണ്ട്. മഅദനിയെ കണ്ടിട്ടുമുണ്ട്.[]

ഒടുവില്‍ മഅദനിയെ കാണുമ്പോള്‍ ഒരു തടവുകാരനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആത്മബലം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട മനുഷ്യനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യം അങ്ങേയറ്റം തകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച ശക്തിയും താണുതാണു വന്നിരുന്നു.

മഅദനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ടെലിവിഷന്‍ ദൃശ്യം നന്നായി കാണാന്‍ കാഴ്ച മങ്ങിയ അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കഴിയാതായിരിക്കുന്നു.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി മുതല്‍ ദില്ലിയിലെ സുപ്രീം കോടതി വരെ നിയമപരമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ജാമ്യത്തിന് ഞങ്ങള്‍ ശ്രമിച്ചിരുന്നു. കേസ് നടത്തുന്നതിലേക്കായി സംഘടന നടത്തിയ പണപ്പിരിവിന് ആവേശകരായ പ്രതികരണമാണ് ലഭിച്ചത്.

രണ്ടാം ഘട്ടം ഒരു വിചാരണ തടവുകാരനായി മഅദനി ജയിലിലേക്ക് പോയപ്പോഴേക്കും അദ്ദേഹത്തിന് ചിര: സമ്മതനായ ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കേണ്ട എല്ലാ അംഗീകാരവും മലയാളികള്‍ നല്‍കിയിരുന്നു. സുപ്രീം കോടതിയില്‍ നിലവിലിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ മഅദനിയെ അറസ്റ്റ് ചെയ്യുക എന്നത് കര്‍ണാടക പോലീസിന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു.

തുടര്‍ന്ന് എല്ലാ കോടതികളിലും ജാമ്യം നിഷേധിക്കുക എന്ന സമീപനമാണ് കര്‍ണാടകയിലെ പോലീസും പ്രോസിക്യൂഷനും കൈക്കൊണ്ടത്. പ്രോസിക്യൂഷന്റെ വാദമുഖങ്ങളോട് നിരുപാധികം യോജിക്കുകയാണ് സമസ്ത കോടതികളും ചെയ്തത്.

ഈ പശ്ചാത്തലത്തില്‍ ജാമ്യം ലഭിച്ച് തനിക്ക് പുറത്തേക്ക് വരാമെന്ന പ്രതീക്ഷ ഏറിയ കൂറും മഅദനിക്ക് അസ്തമിച്ചിരിക്കുന്നു. കേസിന്റെ വിചാരണ അതിരഹസ്യമായി ജയിലില്‍ തന്നെ രൂപംകൊടുത്ത പ്രത്യേക കോടതിയിലാണ് ആരംഭിച്ചിട്ടുള്ളത്.

നൂറുകണക്കിന് സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. മഅദനിയുടെ കൂട്ടുപ്രതികളായ മറ്റാളുകള്‍ക്ക് മറ്റ് കേസുകളുള്ളതിനാല്‍ ഈ കേസിന്റെ വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞത് മൂന്നോ നാലോ വര്‍ഷം വിചാരണ നീണ്ടുപോയാല്‍ അത്ഭുതമില്ല.

അടിയന്തരാവസ്ഥ കാലഘട്ടില്‍ ഇന്ത്യാ ഗവര്‍മെന്റ് രാഷ്ട്രീയ പ്രതിയോഗികളോട് കൈക്കൊണ്ട അതേ സമീപനം തന്നെയാണ് ഇക്കാലത്ത് ഒരു പ്രത്യേക ന്യൂനപക്ഷത്തോട് ഭരണകൂടം കാണിക്കുന്നത്

പരപ്പന അഗ്രഹാര ജയില്‍ ബാംഗ്ലൂരിലെ മറ്റ് കോടതികള്‍ സ്ഥിതി ചെയ്യുന്ന നഗരഹൃദയ ഭാഗത്ത് നിന്ന് 35 കിലോ മീറ്റര്‍ അകലെയാണ്. അതിനാല്‍ മഅദനിക്ക് വേണ്ടി ഹാജരായേക്കാവുന്ന വക്കീലിന് അന്നേ ദിവസം മറ്റൊരു കേസില്‍ കൂടി ഹാജരാകാന്‍ ഈ ദൂരം അനുവദിക്കില്ല. അതുകൊണ്ട് പ്രഗത്ഭരും പ്രശസ്തരുമായ വക്കീലന്‍മാര്‍ മഅദനിയുടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാകയുമില്ല.

ചുരുക്കത്തില്‍ വിചാരണ അനന്തമായി നീണ്ടുപോകും. നല്ലൊരു വക്കീലിനെ ലഭ്യമാക്കാന്‍ കഴിയില്ല, ജാമ്യം നല്‍കുകയുമില്ല എന്നീ അടവുകള്‍ സ്വീകരിച്ച് കേസിന്റെ വിചാരണയെ തന്നെ പ്രഹസനമാക്കി മാറ്റുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നത്.

നീതി ന്യായ വ്യവസ്ഥയേയും കോടതിയേയും മാറ്റി നിര്‍ത്തി പ്രോസിക്യൂഷന്‍ നടത്തുന്ന നഗ്നവും നിര്‍ലജ്ജവുമായ രാഷ്ട്രീയ വിരോധത്തിന്റെ ദൈന്യത നിറഞ്ഞ ഇരയായി മഅദനി മാറിയിരിക്കുന്നു.

തന്റെ കണ്‍മുന്നില്‍ നടക്കുന്ന പച്ചയായ ഈ നീതി നിഷേധത്തില്‍ നിന്ന് ഒരു വ്യക്തിയിലേക്ക് മഅദനി സഞ്ചരിച്ചുകഴിഞ്ഞിട്ടുണ്ട്. ഒടുവില്‍ കാണുമ്പോള്‍ അദ്ദേഹം അത് എന്നോട് ഇപ്രകാരമാണ് പറഞ്ഞത്: ” ഈ തടവറയില്‍ നിന്ന് ജീവനോടെ പുറത്തേക്ക് പോരാമെന്ന പ്രതീക്ഷ ഇപ്പോഴെനിക്കില്ല. അനാരോഗ്യവും ജനാധിപത്യ ധ്വംസനവും മൂലം ഞാന്‍ ഇവിടെ കിടന്ന് മരിച്ചേക്കാം. എങ്കിലും എനിയ്ക്ക് പരിഭവമില്ല. ദൈവഹിതം അതായിരിക്കുമെന്ന് ഞാനാശ്വസിക്കും. എങ്കിലും എനിയ്ക്ക് ഒരാശങ്കയുണ്ട്, ജനവിരുദ്ധ തടവറയും അതിലേറെ ജനവിരുദ്ധമായ വിചാരണാ പ്രഹസനവും സത്യത്തെ മറികടന്ന് എന്നെ ശിക്ഷിക്കുക പോലും ചെയ്യാം. അപ്രകാരം ശിക്ഷിക്കപെട്ട് ഇവിടെ ഞാന്‍ ഒടുങ്ങുന്ന പക്ഷം ഒരു രാജ്യദ്രോഹിയെന്ന നിലയ്ക്ക് എന്നെ ചിത്രീകരിക്കുമല്ലോ എന്ന ആശങ്ക എനിയ്ക്കുണ്ട്. മാത്രമല്ല, ആ ചിത്രീകരണം കേരളത്തില്‍ എന്റെ സമുദായത്തിലെ എന്റെ കൂടപ്പിറപ്പുകളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഉപയോഗിക്കപ്പെടുമല്ലോ എന്ന ആശങ്കയും ഇപ്പോഴെനിക്കുണ്ട്. പ്രവാചക തുല്യമായ നിസ്സംഗതയോടെയാണ് മഅദനി അത് പറഞ്ഞത്. കഴിഞ്ഞ കാലഘട്ടത്തിലെ പീഢനത്തിന്റെ നാള്‍വഴികള്‍ അദ്ദേഹത്തെ അത്രമാത്രം യാഥാര്‍ത്ഥ്യത്തിലേക്കും ദൈവവിശ്വാസത്തിലേക്കും നയിച്ചിട്ടുണ്ട് എന്ന് ആ പ്രതികരണം വ്യക്തമാക്കുന്നു. മഅദനിയുടെ കാരാഗ്രഹ വാസത്തിന്റെ സംക്ഷിപ്തരൂപം ഇതാണ്.
അടുത്തപേജില്‍ തുടരുന്നു

അടിയന്തരാവസ്ഥ നിലനിന്നിരുന്ന 20 മാസക്കാലത്തോളം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദകവീരന്‍മാരായ പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് പ്രതിഷേധികളായ ചുരുക്കം ആളുകള്‍ക്ക് ഒരു വിധ ജനാധിപത്യ അവകാശവും ലഭിച്ചില്ല


ഭരണകൂടം ഏകശാസനാപരമാകുമ്പോള്‍ നീതി ന്യായ വ്യവസ്ഥയും കോടതികളും നോക്കുകുത്തിയാവുക എന്നത് സ്വാഭാവികമാണ്. എക്‌സിക്യുട്ടീവിന്റെ ഏകശാസനാ പരമായ വ്യാഖ്യാനങ്ങള്‍ കൊണ്ട് നീതിയുടെ തുലാസില്‍ കള്ളപ്പടികള്‍ വെയ്ക്കാനും ന്യായാധിപരുടെ കണ്ണുകള്‍ കെട്ടാനും കഴിയുമെന്നതിന്റെ നല്ല ഉദാഹരണമാണ് 1975 ല്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ.[]

അടിയന്തിരാവസ്ഥ നിലനിന്നിരുന്ന കാലത്ത് അതിനെതിരെ സമരം ചെയ്ത നെക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ഒരു സജീവപ്രവര്‍ത്തകനായിരുന്നു ഞാന്‍. വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നതിനാല്‍ ഞങ്ങളെല്ലാവരും ഒന്ന് ഒളിവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒളിവില്‍ വെച്ച് പിടിക്കപ്പെട്ടതിന് ശേഷം മാസങ്ങളോളം ഞങ്ങളെ എല്ലാവരേയും പോലീസ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അനധികൃതമായി തടവിലിട്ടിരുന്നു.

പില്‍ക്കാലത്ത് ജയിലുകളിലേക്ക് എല്ലാവരേയും മാറ്റിയിരുന്നെങ്കില്‍ കൂടി ജയിലുകളും മര്‍ദ്ദക ക്യാമ്പുകളായിരുന്നു. അടിയന്തരാവസ്ഥ നിലനിന്നിരുന്ന 20 മാസക്കാലത്തോളം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദകവീരന്‍മാരായ പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് പ്രതിഷേധികളായ ചുരുക്കം ആളുകള്‍ക്ക് ഒരു വിധ ജനാധിപത്യ അവകാശവും ലഭിച്ചില്ല.

തികച്ചും കീഴടങ്ങിയ ബഹു ഭൂരിപക്ഷമാകട്ടെ അത്തരം ആര്‍ഭാടങ്ങളൊന്നും തങ്ങള്‍ക്കാവശ്യമില്ല എന്ന മട്ടില്‍ ഭീരുക്കളെപ്പോലെ കഴിഞ്ഞുകൂടുകയും ചെയ്തു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ജയിലുകളില്‍ നിന്ന് കേസിന്റെ ആവശ്യത്തിലേക്ക് ഞങ്ങളെ കോടതികളിലെത്തിക്കുമായിരുന്നു. അധികാരത്തിന്റെ അഹമ്മതി പൂണ്ട പോലീസേമാന്‍മാര്‍ പോലീസ് വണ്ടിയില്‍ നിലത്തിരുത്തി തന്നെ ഞങ്ങളെ കൊണ്ടുവരികയും അത് ചോദ്യം ചെയ്താല്‍ ഞങ്ങളെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു.

കോടതിയിലെത്തിക്കഴിഞ്ഞാല്‍ ബൂര്‍ഷ്വാ കോടതിയെ ഞങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നെങ്കില്‍ കൂടി പോലീസുകാര്‍ കാട്ടുന്ന നീതിനിഷേധത്തെ സംബന്ധിച്ച് ഞങ്ങള്‍ ന്യായാധിപരോട് പരാതി പറഞ്ഞിരുന്നു. ന്യായാധിപന്‍മാര്‍ പോലീസ് ഓഫീസര്‍മാരെ ശാസിക്കുകയും വിചാരണ തടവുകാരുടെ അവകാശം അനുവദിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു വിചാരണത്തടവുകാരനെ സംബന്ധിച്ചിടത്തോളം ജാമ്യമെന്നത് നിയമപരിരക്ഷയാണ്. ഒരാളെ അനന്തമായി ജയിലിലിടുന്നത് കോടതി തടയുകയും ചെയ്യും

കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ ഏറിയാല്‍ കോടതിക്ക് പുറത്ത് ഒരു ഫര്‍ലോങ് ദൂരം വരെ പോലീസുകാര്‍ പാലിച്ചിരുന്നു. തുടര്‍ന്ന് കോടതി പരിധി വിടുമ്പോള്‍ പോലീസുകാര്‍ നിയമം കയ്യിലെടുക്കുകയും ഞങ്ങളെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഭരണകൂടം നിയമങ്ങളെ കാറ്റില്‍ പറത്തിയാല്‍ എപ്രകാരമാണ് കോടതികള്‍ നോക്കുകുത്തികളാവുക എന്നത് ഞങ്ങളുടെ അനുഭവം തന്നെ ഞങ്ങളെ പഠിപ്പിച്ചിരുന്നു.

അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധ നിയമങ്ങളുടെ പ്രയോഗമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അക്രമത്തിലൂടെ രാഷ്ട്രീയ പ്രതിയോഗികള്‍ ശ്രമിക്കുന്നു എന്നാക്ഷേപിച്ചാണ് ഭരണകൂടം ജനാധിപത്യവിരുദ്ധ നിയമ നിര്‍മാണത്തിന് രൂപം നല്‍കുന്നത്. കോടതികള്‍ ആകട്ടെ പൊതുവില്‍ അതിനെ എതിര്‍ക്കാനുള്ള ആര്‍ജവം കാണിക്കാറുമില്ല.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നത് ഒരു വ്യക്തിയുടെ സ്വാഭാവിക അവകാശമല്ല എന്ന് വരെ ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു എന്ന കാര്യവും നാം ഓര്‍ക്കണം.

താരതമ്യേന പിന്നോക്കം നില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് പാക്കിസ്ഥാനിലെന്ന് പറയുമെങ്കിലും പലപ്പോഴും അവിടുത്ത പട്ടാളഭരണത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൗധരിയെപ്പോലുള്ളവര്‍ ചോദ്യം ചെയ്തിരുന്നു എന്ന് നാമോര്‍ക്കണം.

ഇന്ത്യയില്‍ അത്തരമൊരു ചരിത്ര നിര്‍മാണ താത്പര്യം സുപ്രീം കോടതി ജഡ്ജിമാര്‍ തന്നെ കാണിച്ചിട്ടുണ്ടോ എന്നതും സംശയാസ്പദമാണ്.

അടിയന്തരാവസ്ഥ കാലഘട്ടില്‍ ഇന്ത്യാ ഗവര്‍മെന്റ് രാഷ്ട്രീയ പ്രതിയോഗികളോട് കൈക്കൊണ്ട അതേ സമീപനം തന്നെയാണ് ഇക്കാലത്ത് ഒരു പ്രത്യേക ന്യൂനപക്ഷത്തോട് ഭരണകൂടം കാണിക്കുന്നത്. അതിന്റെ അങ്ങേയറ്റം ബീഭത്സമായ മുഖമാണ് സംഘപരിവാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലുള്ളത്.

ഗുജറാത്തില്‍ കൊന്നുകളയാന്‍ തീരുമാനിച്ചയിടത്ത് കര്‍ണാടകയില്‍ തടവിലാക്കി കൊല്ലുക എന്ന സമീപനമാണ് സ്വീകരിച്ചതായി കാണുന്നത്. ഈ സമീപനത്തിനെതിരായുള്ള ഫലപ്രദമായ നടപടി രാഷ്ട്രീയ പരിഹാരമാണ് നിയമത്തിന്റെ വ്യവഹാരമല്ല.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു വിചാരണത്തടവുകാരനെ സംബന്ധിച്ചിടത്തോളം ജാമ്യമെന്നത് നിയമപരിരക്ഷയാണ്. ഒരാളെ അനന്തമായി ജയിലിലിടുന്നത് കോടതി തടയുകയും ചെയ്യും. bail is the law and jail is the exception എന്നാണ് ഈ നിലപാട് വിശദീകരിക്കപ്പെട്ടിട്ടുള്ളത്.

പരമാവധി ജനാധിപത്യ പരമായ ഈ നിയമസംവിധാനത്തിന് എതിരായാണ് പ്രത്യേക നിയമങ്ങള്‍ രൂപപ്പെടുന്നത.് മഅദനിയുടെ കാര്യത്തില്‍ പ്രത്യേക നിയമങ്ങളുടെ പിന്‍ബലത്തിലാണ് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണ്?

മഅദനിയുടെ കാര്യത്തില്‍ ജാമ്യാപേക്ഷ ഒരു കോടതിയും കേട്ടിട്ടില്ല എന്നതാണ് സത്യം. സെഷന്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ ജാമ്യത്തിന്റെ പ്രശ്‌നം ഉദിക്കുന്നതേയില്ല. അതിന് വേണ്ടി വാദിക്കേണ്ട വാദിക്കേണ്ട എന്ന മറുപടിയാണ് പ്രതിഭാഗം വക്കീലന്‍മാരോട് പറയുന്നത്.

ജാമ്യമില്ല മറിച്ച് ചികിത്സയെക്കുറിച്ച് ആലോചിക്കാമെന്ന് കോടതി പറയുമ്പോള്‍ ജാമ്യമെന്നത് ചികിത്സപോലെ തന്നെ ഒരു വിചാരണ തടവുകാരന്റെ അവകാശമാണെന്ന അടിസ്ഥാന തത്വം കോടതികള്‍ മറക്കുന്നു. ജാമ്യം നല്‍കിയാല്‍ ഭീകരവാദ കേസില്‍ പ്രതിയായ മഅദനി വീണ്ടും കുറ്റകൃത്യം നടത്തുമെന്നും നാടുവിടും എന്നുമൊക്കെയാണ് പോലീസ് ഭാഷ്യം.

മഅദനി ഒരു തീവ്രവാദ വിഷയമല്ല. മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രശ്‌നമാണ്. അതിന്റെ അതിജീവനം ജനാധിപത്യം തന്നെയാണ്

വികലാംഗനും രോഗിയും അനാരോഗ്യവാനും സര്‍വോപരി 9 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചയാളുമായ മഅദനിക്ക് ജാമ്യം അനുവദിക്കുന്നതില്‍ ഒരപാകതയും ഇല്ല, എന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ ആര്‍ജ്ജവം ഏകാധിപത്യത്തിന്‍ കീഴില്‍ കോടതികളുടെ പൊതു നിലപാടല്ല എന്നതാണ് കഷ്ട്ടം. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയിലും ജഡ്ജ്മാര്‍ രാജിവെച്ചിരുന്നു എന്ന് നാമോര്‍ക്കണം.

ന്യൂനപക്ഷ മര്‍ദനം നടത്തുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ കാലത്ത് തടവുശിക്ഷയനുഭവിക്കുന്നയാളാണ് മഅദനി. ആയതിനാല്‍ നിയമപരമായി അദ്ദേഹത്തിന് നീതി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണകൂടത്തെ തന്നെ ഒരിക്കല്‍ കൂടി ജനാധിപത്യ വത്ക്കരിക്കാനുള്ള രാഷ്ട്രീയ സമീപനമാണിന്നാവശ്യം.

വളരെ വൈകിയാണെങ്കിലും ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ആ ദിശയിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഭരണകൂടം തന്നെ ഏകാധിപത്യപരമാകുമ്പോള്‍ കോടതികളെ കൂട്ടുപിടിച്ച് അത് ജനവിരുദ്ധത നടപ്പാക്കുമ്പോള്‍ അതിനെ ന്യായീകരിക്കുന്ന ജനവിരുദ്ധ വക്കീലന്‍മാര്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലും, അവരുടെ ജംബൂക ജന്‍മം പ്രകാശിപ്പിച്ചിട്ടുണ്ട്.

കോടതികളുടെ പരിമിതികളെ പറ്റിയും ഭീകരവാദ ഭീഷണികളെ പറ്റിയും ഇവറ്റകള്‍ സംസാരിക്കുമ്പോള്‍ അടിയന്തരാവസ്ഥ കാലത്ത് സ്വന്തം തടി കയിച്ചിലാക്കാന്‍ നട്ടെല്ല് വളച്ച് നിന്ന രാഷ്ട്രീയ നപുംസകങ്ങളെയാണ് ഞാനോര്‍ക്കുന്നത്. മഅദനി ഒരു തീവ്രവാദ വിഷയമല്ല. മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രശ്‌നമാണ്. അതിന്റെ അതിജീവനം ജനാധിപത്യം തന്നെയാണ്.

മഅദനിയെ കുറിച്ച് ഡൂള്‍ന്യൂസ് എഴുതിയ എഡിറ്റോറിയല്‍:

മഅദനി: ’9.5+2′

Related Article

മഅദനിയുടെ സ്വയംകൃതാനര്‍ത്ഥം

മഅദനി: അനുഭവിക്കുന്നത് സ്വയം കൃതാനര്‍ത്ഥങ്ങളോ?

മഅദനി-അന്യായങ്ങളില്‍ ന്യായം തിരയുന്നവര്‍

തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റിന് പിന്നില്‍ ഐ.ബിയുടെ കരങ്ങള്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍

Latest Stories

We use cookies to give you the best possible experience. Learn more