| Thursday, 9th November 2023, 9:39 pm

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ മകൻ ഇ.ഡി കസ്റ്റഡിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കസ്റ്റഡിയിലുള്ള ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന ഭാസുരാംഗന്റെ മകൻ ഇ.ഡി കസ്റ്റഡിയിൽ.

ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗന്റെ മകൻ അഖിൽജിത്തിനും പങ്കുണ്ടെന്ന് ഇ.ഡി അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം അഖിൽജിത്തിനെ കസ്റ്റഡിയിലെടുത്ത ഇ.ഡി ഉദ്യോഗസ്ഥർ അഖിൽജിത്തുമായി കൊച്ചിയിലേക്ക് പോയി.

അഖിൽജിത്തിന്റെ ആഡംബര കാറും ഇ.ഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. കണ്ടല ബാങ്കിലെ ഇ.ഡി പരിശോധന അവസാന ഘട്ടത്തിലാണ്.

കണ്ടല സഹകരണ ബാങ്കിലെ മുൻ പ്രസിഡന്റ് ഭാസുരാംഗനെ ഇ.ഡി റെയ്ഡിനെ തുടർന്ന് സി.പി.ഐ പുറത്താക്കിയിരുന്നു. 30ലധികം മണിക്കൂർ പിന്നിട്ട റെയ്ഡ് നിലവിൽ ഭാസുരാംഗന്റെ വീട്ടിലും കണ്ടല സഹകരണ ബാങ്കിലുമായി തുടരുകയാണ്.

ഭാസുരാംഗനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും അതിൽ കർശനമായ നടപടിയെടുക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിലെ ക്രമക്കേടിനെ തുടർന്ന് ഒരു പാർട്ടി നേതാവ് ആസിഡ് ആക്രമണത്തിനിരയാകുകയും മറ്റൊരു നേതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. സഹകരണ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നിട്ട് ഒരു വർഷമായി. ഈ കാലയളവിൽ ഭാസുരാംഗനെതിരായി 64 പരാതികളും സഹകരണ ബാങ്ക് രജിസ്റ്ററുടെ റിപ്പോർട്ടും വന്നിരുന്നു.

റെയ്ഡിനിടെ ഭാസുരാംഗൻ കുഴഞ്ഞു വീഴുകയും തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Content Highlight: Bhasurangan’s son in ED custody in kandala cooperative bank scam

We use cookies to give you the best possible experience. Learn more