തൊമ്മിയെ മലയാളി അറിയും. പട്ടേലരേയും. ഇരുവരേയും പല തവണ കണ്ടിട്ടും പരിചയപ്പെട്ടിട്ടും ഉണ്ട്. അത്ഭുതവും ആനന്ദവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് വൈകീട്ട് വടകരയില്‍ വച്ച് കേരളമെമ്പാടുമുള്ള നാടകപ്രേമികള്‍ തൊമ്മിയേയും പട്ടേലരേയും വീണ്ടും കണ്ടു. പുതിയ രാഷ്ട്രീയ പരിതാവസ്ഥയില്‍. നോവലിനും സിനിമയ്ക്കും നേരത്തെയുള്ള അവതരണങ്ങള്‍ക്കും അപ്പുറം എന്തുണ്ടെന്ന നിരൂപകമനസ്സോടെ. പുതിയ സിനിമകളുടേയും മാറിയ നാടകാവതരണങ്ങളുടേയും കാലത്ത് എന്താണ് സുവീരന്‍ തങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നതെന്ന ആകാംക്ഷയോടെ. കാത്തിരിപ്പിനൊടുവില്‍ സുവീരന്റെ ഭാസ്‌കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും’ എന്ന നാടകം അരങ്ങിലെത്തി.
തിങ്ങിനിറഞ്ഞ നാടകപ്രേമികളുടേയും സാംസ്‌കാരികപ്രവര്‍ത്തകരുടേയും സദസ്സിനെ സാക്ഷിയാക്കി വടകര ടൗണ്‍ ഹാളില്‍ ഞായറാഴ്ച കേരളത്തിലെ ആദ്യത്തെ അവതരണം വിജയകരമായി നടന്നു. സിനിമാനടന്‍ മണികണ്ഠന്‍ ആചാരി പുതിയ തൊമ്മിയായി. ഭാസ്‌കരപ്പട്ടേലരായി ദുബായിലെ മലയാളി ഒ.ടി ഷാജഹാനും. അബുദാബി കേരള സൊഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഒന്‍പതാമത് ഭരത് മുരളി
നാടകോത്സവത്തില്‍ തിയേറ്റര്‍ ദുബായ് അവതരിപ്പിച്ച ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും’ മികച്ച നാടകമായും സുവീരന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അരങ്ങില്‍ അര്‍ത്ഥവത്തായ ദൃശ്യവിന്യാസങ്ങള്‍ ഒരുക്കുന്ന സംവിധായകനായ സുവീരന്റെ നാടകത്തിനായി നാടകപ്രേമികള്‍ അതിനാല്‍ കാത്തിരിപ്പിലായിരുന്നു.
നാടകത്തെ അതിന്റെ സമഗ്രതയില്‍ സ്‌ഫോടനാത്മകമായി തന്നെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിലുള്ള അസാധാരണമായ മെയ്‌വഴക്കവും രാഷ്ട്രീയ ബോധവുമാണ് ഈ സംവിധായകന്റെ പ്രത്യേകത. ടെക്സ്റ്റ് ആവശ്യപ്പെടുന്നതിനുമപ്പുറം ക്രിയാംശങ്ങളുടെ വെടിക്കെട്ടുകള്‍ തീര്‍ത്ത് പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ ഈ സംവിധായകന്‍ ഭയക്കാറില്ല. ‘ബ്യാരി’ എന്ന ആദ്യ സിനിമയ്ക്കുതന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് സുവീരന്. സുവീരനിലെ നാടകക്കാരന്റെ രണ്ടാം വരവ് ഈ പശ്ചാത്തലത്തില്‍ സഹൃദയര്‍ വിലയിരുത്താനിരിക്കുകയായിരുന്നു.
സക്കറിയയുടെ എഴുത്തിലൂടെയും പിന്നെ അടൂരിന്റെ ‘വിധേയന്‍’ എന്ന സിനിമയിലൂടെയും മലയാളി അറിഞ്ഞ ഒന്നാണ് നാടകത്തിന് ആധാരമായ ഇതിവൃത്തം. അതും പോരാഞ്ഞ് രണ്ട് ദശകങ്ങള്‍ക്കുമുമ്പ് ഇതേ കഥ സുവീരന്‍ നാടകമാക്കി അവതരിപ്പിക്കുകയും അതില്‍ തൊമ്മിയായി വേഷമിടുകയും ചെയ്ത ഭൂതകാലവും അവര്‍ക്കുമുമ്പിലുണ്ടായിരുന്നു.
പട്ടേലരില്‍ പട്ടേലര്‍ മാത്രമല്ല ഉള്ളത്. തൊമ്മിയ്ക്കകം തൊമ്മി മാത്രവുമല്ല. മനുഷ്യാവസ്ഥകള്‍ ലളിത നിര്‍വ്വചനങ്ങള്‍ക്ക് വഴങ്ങുന്നവയല്ല. വിചിത്രസ്വഭാവികളാണത്. ജന്മിത്വത്തിന്റെ അധമബോധവും ക്രൂരതയും ഉള്‍ച്ചേര്‍ന്ന സങ്കീര്‍ണ വ്യക്തിത്വമായി പട്ടേലര്‍ എന്ന കഥാപാത്രവും വിധേയത്വം ,നിസ്സംഗത എന്നിവയുടെ ആള്‍രൂപമായി തൊമ്മിയും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വലിയ എഴുത്തുകാര്‍ ഈ സങ്കീര്‍ണതകളെ ഇഴപിരിച്ച് സൂക്ഷ്മതയോടെ ആവിഷ്‌കരിക്കുന്നു. അതിന് നൂതനമായ ആവിഷ്‌കാര രീതികള്‍ അവലംബിക്കുന്നു. മനുഷ്യാവസ്ഥയുടെ സൂക്ഷ്മ അകങ്ങള്‍ നോവലിലും കഥയിലും ആവിഷ്‌കരിക്കുന്നതു പോലെ വേദിയില്‍ ആവിഷ്‌കരിക്കുക വലിയ വെല്ലുവിളിയാണ്. രംഗാവതരണത്തില്‍ അട്ടിമറികള്‍ വേണ്ടിവരും അതിന്.
സക്കറിയയുടെ നോവല്‍ തന്നെയാണ് ഒരു ദശകത്തിനുശേഷമുള്ള സുവീരന്റെ ഈ വീണ്ടുവരവിന് ആധാരം. നോവലിനെ ആസ്പദമാക്കിയുള്ള വീണ്ടുമൊരു രംഗാവതരണത്തിന് ഇപ്പോള്‍ എന്താണ് പ്രസക്തി? സുവീരന്റെ പ്രതികരണം ഇങ്ങനെ. രണ്ട് ദശകങ്ങള്‍ക്കു മുമ്പ് അവതരിപ്പിച്ചപ്പോള്‍ കഥയുടെ സൗന്ദര്യാത്മകതയിലായിരുന്നു ഊന്നിയത്. ഇപ്പോള്‍ അപകടകരമായ സമകാലിക അവസ്ഥയില്‍ അതിന്റെ രാഷ്ട്രീയപരതയില്‍ ഊന്നിയ രംഗഭാഷ്യമാണ് അവതരിപ്പിക്കുന്നത്.’ നോവലിന്റെ ആദ്യവായനയില്‍തന്നെ അതിന്റെ ദൃശ്യരൂപം തന്നെ കീഴടക്കിയെന്ന് സുവീരന്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതെ. പുതിയ കാലത്ത് അതു വീണ്ടും വായിക്കുകയാണ്. കൂടുതലും ഒരു രാഷ്ട്രീയ വായനയാണത്. പുതിയ രംഗാവിഷ്‌കാര സാധ്യതകള്‍ സുവീരന്റ നാടക മനസ്സിനു മുമ്പില്‍ തെളിഞ്ഞിട്ടുമുണ്ടാവണം. കൂടുതല്‍ സൂക്ഷ്മപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്ന ഒരു കലാകാരന്റെ വാക്കുകളാണിത്. സങ്കീര്‍ണതകളെ ആവിഷ്‌കരിക്കാനുള്ള വെല്ലുവിളികള്‍ സര്‍ഗാത്മകമായി ഏറ്റെടുക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമുണ്ടാവണം ഈ ഉദ്യമത്തിനു പിന്നില്‍. ജനങ്ങളുടെ പ്രതികരണങ്ങളെ അടുത്തറിയാനുള്ള കലാകാരന്റെ ആഗ്രഹങ്ങളുണ്ടാവണം. സിനിമയുടേയും മറ്റു ആധുനിക അവതരണങ്ങളുടേയും സാങ്കേതികനിബിഡമായ അന്തരീക്ഷത്തില്‍ നാടകത്തെ പുതുക്കിപ്പണിയേണ്ടതുണ്ട് എന്ന ഒരു കലാകരന്റെ പ്രതിബദ്ധത ഉണ്ടാവാം. ഈ നാടകത്തിലെ പെയിന്റിംഗ് പോലെ മനോഹരമായ തിയേറ്റര്‍ ദൃശ്യഖണ്ഡങ്ങള്‍ അങ്ങനെ പിറന്നതാവണം.
ജൂണ്‍ രണ്ടിലെ അവതരണം ഉജ്വലമായി. ഒ.ടി ഷാജഹാന്റേയും സിനിമാ നടന്‍ മണികണ്ഠന്റേയും അഭിനയത്തികവ്. പരിപക്വമായ വെളിച്ച നിയന്ത്രണം. നാടകഗാത്രവുമായി ഇഴുകിച്ചേര്‍ന്ന സംഗീതവും പാട്ടുകളും. വെല്ലുവിളി ഈ കലാസംഘം വിജയകരമായി ഏറ്റെടുത്തിരിക്കുന്നു. പട്ടേലരുടെ പരിണാമവും തൊമ്മിയുടെ മനസിന്റെ അടിപ്പടവുകളിലെ കാമനകളും പ്രേക്ഷകര്‍ക്ക് അനുഭവഭേദ്യമാക്കുക എന്നത് അതീവശ്രമകരമാണ്. അതില്‍ വലിയ അളവില്‍ നാടകം വിജയിച്ചിരിക്കുന്നു. ഒരു പക്ഷേ പൂര്‍ണ്ണമായി എന്നു പറഞ്ഞുകൂട എന്ന അഭിപ്രായമുണ്ടാവാം തിയറ്റര്‍ ക്രിട്ടിക്കുകള്‍ക്ക്. അതിനു പ്രസക്തിയുമുണ്ട്.
പക്ഷേ ആ വെല്ലുവിളി ഏറ്റെടുത്തു എന്നതു തന്നെ വലിയ കാല്‍വെയ്പ്പാണ്. വലിയ തന്റേടമാണ്. സ്വശരീരത്തെ നടീനടന്‍മാര്‍ വേദിയില്‍ നന്നായി ഉപയോഗപ്പെടുത്തിയപ്പോള്‍ അതിനെ വെളിച്ചത്തിന്റെ ചീളുകള്‍ നന്നായി തുണച്ചു. സീനുകളുടെ നൈരന്തര്യം സ്വാഭാവികമായിത്തീര്‍ന്നു. സീക്വന്‍സുകള്‍ പിറന്നു വീണു. അതിനാല്‍ നാടകം പ്രൊസീനിയം ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ തിയറ്റര്‍ഭാഷ കൈവരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ആസ്വാദകര്‍ ആ ഭാഷ ഹൃദയത്തിലേറ്റുവാങ്ങി. കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങള്‍ സദസ്സും അനുഭവിച്ചു.
അവരുടെ മനസ്സിന്റെ ഉള്ളറകളിലെ ഇരുളും വെളിച്ചവും ഇടയിലെ അനിര്‍വ്വചനീയ വര്‍ണ്ണങ്ങളും പ്രേക്ഷകരുടെ ബോധതലങ്ങളില്‍ പ്രത്യക്ഷമായി. മനുഷ്യാവസ്ഥയുടെ വിചിത്ര സ്ഥലികളിലൂടെ സദസ്സ് സഞ്ചരിച്ചു. യാഥാര്‍ത്ഥ്യത്തിന്റെ പുതിയ തുരുത്തുകള്‍ കണ്ടെത്തി. വാസ്തവത്തിന്റെ വിതാനങ്ങള്‍ ഇത്രമേല്‍ സങ്കീര്‍ണമായാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന് രംഗങ്ങള്‍ അവരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അകമേ സൂക്ഷിച്ച മുന്‍വിധികള്‍ പ്രേക്ഷകര്‍ കുടഞ്ഞെറിഞ്ഞു.
സത്യാനന്തരകാലത്തെ നാടകപ്രവര്‍ത്തനം നേര് ഖനനം ചെയ്‌തെടുക്കാന്‍ തിയേറ്ററിനെ പരുവപ്പെടുത്തല്‍കൂടിയാണ്. ഇതിന് തൊമ്മിമാരുടെ മനസ്സുകളിലേക്ക് ഊളിയിട്ട് പോകണം. ആന്തരികബാഹ്യജീവിതങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ രസതന്ത്രം അറിയണം. ഓമനമാരുടെ അന്ത:രംഗത്തിലേക്ക് മുങ്ങാംകുഴിയിടണം. പട്ടേലര്‍മാരുടെ സംക്രമണങ്ങളെ തിരിച്ചറിയണം. അതു മാത്രം പോര. അതു അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രതിബദ്ധരായ കലാകാരന്‍മാര്‍ വേണം.
1989 ല്‍ സ്ഥാപിതമായ ബാക്ക്‌സ്റ്റേജ് ആണ് നാടകം അവതരിപ്പിച്ചത്. തന്നിലെ നടനെ വെല്ലുവിളിയ്ക്കുന്നതാണ് തൊമ്മിയെന്ന കഥാപാത്രം എന്ന് മണികണ്ഠന്‍ പറഞ്ഞിട്ടുണ്ട്. തൊമ്മിയെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ മണികണ്ഠനെന്ന് സുവീരനും. ‘അരങ്ങിലെത്തുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ അവശേഷിക്കുന്ന തൊമ്മി മണികണ്ഠന്റേത് മാത്രമായിരിക്കും” -സുവീരന്റെ വാക്കുകള്‍. അകത്തെ കാമനകള്‍ പുറത്തുകാണിക്കാതെ ജീവിക്കുന്ന തൊമ്മിയെ അഭിനയിച്ചു ഫലിപ്പിക്കുക വെല്ലുവിളിയാണെന്ന് കൂടി മണികണ്ഠന്‍ ഏറ്റുപറയുന്നുണ്ട്. മണികണ്ഠന്‍ അതില്‍ വിജയിച്ചിട്ടുണ്ട്. ഒ.ടി. ഷാജഹാന്‍ പട്ടേലരെ അവിസ്മരണീയമാക്കി. ദീപനിയന്ത്രണം പോലെ പശ്ചാത്തല സംഗീതവും രംഗവേദിയെ ജൈവികമാക്കിത്തീര്‍ത്തു. ശിവദാസ് പുറമേരിയുടെ വരികള്‍ സന്ദര്‍ഭത്തിന് മികച്ച പിന്തുണ നല്‍കി സംവേദനത്തെ ത്വരിപ്പിക്കുകയും സുഖപ്രദമാക്കുകയും ചെയ്തു.
മൗനത്തിന്റെ അതിരുകളില്ലാത്ത ഭാഷ തീര്‍ക്കുന്ന ഓമനയെന്ന കഥാപാത്രത്തെ പ്രശസ്ത നര്‍ത്തകി ഷെറിനും സരോജക്കയെന്ന കഥാപാത്രത്തെ ബിന്ദു ജയനും അവതരിപ്പിച്ചു. വരികള്‍ക്ക് പ്രശാന്ത്,അദേഷ് ഇപ്റ്റ എന്നിവര്‍ ഈണം പകര്‍ന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ രംഗപടം സുരേന്ദ്രനും രാജീവ് ചാംകലയുമാണ്. സനീഷ് കെ ഡി ദീപവിതാനവും അമൃത സുവീരന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചു.
വി.കെ ബാബു
വടക്കേ കൊയിലോത്ത് വീട്
മേപ്പയൂര്‍ പി ഒ
കോഴിക്കോട് ജില്ല
ഫോണ്‍ : 9447540869